
മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് അശ്വതി തോമസ്. പ്രസില്ല ജെറിൻ എന്നാണ് അശ്വതിയുടെ യഥാർത്ഥ പേര്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിലേക്ക് അശ്വതി എത്തുന്നത്. അശ്വതിയുടെ അഭിനയജീവിതത്തില്‍ വഴിത്തിരിവായിരുന്നു അല്‍ഫോന്‍സാമ്മ. വിവാഹ ശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു.
എന്നാൽ സോഷ്യൽ മീഡിയയിലൂടെ അശ്വതിയുടെ വിശേഷങ്ങൾ ആരാധകർ അറിയാറുണ്ട്. മൂന്നാമതും അമ്മയായതിന്റെ സന്തോഷം അശ്വതി അടുത്തിടെ പങ്കുവെച്ചിരുന്നു. മൂന്നാമത്തെ പ്രസവവുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് പുതിയ വീഡിയോകളിലൂടെ അശ്വതി പങ്കുവെയ്ക്കുന്നത്.
''സെപ്റ്റംബർ നാലിന് ആയിരുന്നു സി സെക്ഷൻ പറഞ്ഞിരുന്നത്. തലേദിവസം തന്നെ ആശുപത്രിയിൽ അഡ്മിറ്റായി. കുഞ്ഞിനെ ആദ്യം ഏറ്റുവാങ്ങുന്നത് എന്റെ മക്കളായിരിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. സർജറിയുടെ സമയത്ത് എനിക്ക് ബോധമുണ്ടായിരുന്നതുകൊണ്ട് കുഞ്ഞിനെ ആദ്യം അവന്റെ ചേച്ചിമാരുടെ കയ്യിൽ കൊടുക്കണമെന്ന് ഡോക്ടർമാരോട് ഞാൻ പറഞ്ഞിരുന്നു. ആ ആഗ്രഹം അതുപോലെ സാധിച്ച് കിട്ടി. എനിക്ക് ഇപ്പോൾ വരുന്ന മെസേജുകൾ എല്ലാം എന്റെ പ്രായം അന്വേഷിച്ചുകൊണ്ടും ഡെലിവറി എക്സ്പീരിയൻസ് ഷെയർ ചെയ്യാൻ ആവശ്യപ്പെട്ടുമെല്ലാം ഉള്ളതാണ്. മുപ്പത്തിയഞ്ച് കഴിഞ്ഞ പലരും പ്രായമായല്ലോയെന്ന് കരുതിയും കോംപ്ലിക്കേഷൻസ് ഭയന്നും പ്രഗ്നൻസി വേണ്ടെന്ന് വെച്ചിരിക്കുകയാണെന്ന് അതൊക്കെ കണ്ടപ്പോൾ എനിക്ക് മനസിലായി. എനിക്ക് ഈ നവംബറിൽ 37 വയസ് തികയും. പ്രഗ്നൻസിയുടെ സമയത്ത് ഒരുപാട് മൂഡ്സ്വിങ്സ് എനിക്ക് ഉണ്ടായിരുന്നു. കടുക് മണി പോലത്തെ കാര്യം മതി സങ്കടം വരാൻ. പ്രായമായെന്ന് ഓർത്ത് മടിച്ച് നിൽക്കരുത്. നല്ലൊരു ഡോക്ടറെ കാണുക. പ്രഗ്നൻസി സമയത്ത് നമ്മളെ മനസിലാക്കാൻ ഒരാളുണ്ടെങ്കിൽ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമാണ്'', അശ്വതി പറഞ്ഞു.