
ബിഗ്ബോസ് മലയാളം സീസൺ 7ൽ വൈറലായ ഒരു ഡയലോഗായിരുന്നു രേണു സുധിയും അനീഷും തമ്മിലുള്ള സംഭാഷണം. കണ്ണടച്ചു കിടക്കണത് ഞാൻ കണ്ടു എന്ന് അനീഷ് ആവർത്തിച്ചു പറയുന്നതും തനിക്ക് എന്നാ സൂക്കേടാടോ, പോടോ എന്ന് രേണു തിരിച്ചു പറയതുമായ ഡയലോഗ് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ റീക്രിയേറ്റ് ചെയ്തത്.
ഇപ്പോഴിതാ ഈ വൈറൽ വീഡിയോ അനുകരിച്ച് എത്തിയിരിക്കുകയാണ് താരദമ്പതികളായ ബീന ആന്റണിയും മനോജും. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഈ സംഭാഷണം ബീനയും മനോജും അഭിനയിച്ച് തകർക്കുന്നതാണ് വീഡിയോയിൽ. ''ഞങ്ങളുടെ ജീവിതത്തിലെ ഒരു ശരാശരി ദിവസം'', എന്ന ക്യാപ്ഷനൊപ്പം ചിരിക്കുന്ന ഇമോജിയും ഉൾപ്പെടുത്തിയാണ് ബീന വീഡിയോ പങ്കിട്ടിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നത്. ''നല്ല ഒറിജിനാലിറ്റി, കലക്കി'' എന്നാണ് ഒരാളുടെ കമന്റ്. രണ്ടാളും തകർത്തു എന്നും ചിരിച്ചു ചിരിച്ചു മരിച്ചു എന്നും നിരവധി പേർ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
രേണു- അനീഷ് വീഡിയോയ്ക്കു പിന്നാലെ അക്ബർ ഖാനെക്കുറിച്ചുള്ള ഒരു പാരഡി ഗാനവുമായും മനോജ് എത്തിയിട്ടുണ്ട്. 'അക്ബർ ഖാൻ പാരഡിയിലൂടെ മറ്റു മൽസരാർത്ഥികൾക്ക് 7 ന്റെ പണി കൊടുത്തപ്പോൾ, അക്ബറിന് അവർക്ക് വേണ്ടി നമ്മൾ ഒരു ചെറിയ പണി കൊടുക്കേണ്ടേ. ചുമ്മാ ഒരു രസം'', എന്ന അടിക്കുറിപ്പോടെയാണ് മനോജ് വീഡിയോ പങ്കുവെച്ചത്.
30 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി. ഭർത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. ഇരുവരും ഒന്നിച്ചു പങ്കുവെയ്ക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.