
മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. മിനിസ്ക്രീനിലെ സജീവ സാന്നിധ്യമാണ് ശ്രീവിദ്യയെങ്കിൽ തന്റെ മിനിവ്ളോഗുകളിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാൻ സംവിധായകൻ കൂടിയായ രാഹുലിന് സാധിച്ചിട്ടുണ്ട്. ഒരു കാലത്ത് തനിക്ക് കൃത്യമായ വരുമാനം ഇല്ലാതിരുന്ന സമയത്ത് തന്നെ പൊന്നു പോല നോക്കിയ വ്യക്തി ആണ് തന്റെ ഭാര്യ ശ്രീവിദ്യയെന്ന് രാഹുൽ പറയുന്നു. മൂവി വേൾഡ് മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് രാഹുൽ മനസ് തുറന്നത്.
''കഴിഞ്ഞ എട്ടു വർഷമായി എനിക്ക് ഒരു കുറവും വരാതെ എന്നെ പൊന്നു പോലെ നോക്കിയത് ചിന്നുവാണ്. അതിനു മുൻപ് എന്റെ അമ്മയായിരുന്നു. ഇപ്പോളാണ് എനിക്ക് ചിന്നുവിനെ തിരിച്ച് നോക്കാൻ കഴിയുന്നത്. ഈയിടക്കാണ് എന്റെ പണം കൊണ്ട് ഞാൻ ചിന്നുവിന് ഒരു പിറന്നാൾ സമ്മാനം വാങ്ങിക്കൊടുത്തത്. ഇപ്പോൾ കൊളാബറേഷൻസിൽ നിന്നൊക്കെ എനിക്ക് മോശമല്ലാത്ത വരുമാനം കിട്ടുന്നുണ്ട്.
ഭാര്യയുടെ ചെലവിലാണ് ജീവിക്കുന്നതെന്ന് പറയാൻ എനിക്കൊരു മടിയുമില്ല. സ്വന്തം ഭാര്യയുടെ ചെലവിലല്ലേ ജീവിക്കുന്നത്. അതിൽ എനിക്ക് സന്തോഷമേയുള്ളൂ. നാളെ ഒരു ദിവസം ഇപ്പോൾ നമ്മൾ നോക്കുന്നതിനേക്കാൾ പത്തിരട്ടി നന്നായി തിരിച്ചു നോക്കാൻ പറ്റും എന്ന വിശ്വാസമുണ്ട്. അല്ലാതെ എല്ലാം അവൾ നോക്കിക്കോളും എന്ന ചിന്തയിലല്ല. കഴിഞ്ഞ മാസം വരെ ഞാൻ അവളുടെ ചെലവിലാണ് ജീവിച്ചത്.
ചിന്നുവിന് ഇതൊക്കെ മടിയാണ്. കണക്ക് നോക്കുന്നതും നെറ്റ് ബാങ്കിങ്ങ് ചെയ്യുന്നതുമൊക്കെ. ചില കടകളിൽ പോയി ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ അവളുടെ ഫോൺ എന്റെ കയ്യിൽ തരും. ഗൂഗിൾ പേ ചെയ്യാൻ. നീ കൊടുക്ക് എന്ന് ഞാൻ പറയും. പക്ഷേ, ഇതുവരെ പുള്ളിക്കാരി കൊടുത്തിട്ടില്ല. കെെ കഴുകാൻ പോകുമ്പോൾ ചിന്നു ഫോൺ എന്റെ കയ്യിൽ തരും. ഇതുവരെ കണക്ക് ചോദിച്ചിട്ടില്ല. ബാങ്കിൽ എത്രയാണ് ബാലൻസ് ഉള്ളതെന്ന് പുള്ളിക്കാരിക്ക് അറിയില്ല. എല്ലാം ഞാനാണ് നോക്കുന്നത്. കാരണം ഇതൊക്കെ മടിയാണ് അവൾക്ക്'' രാഹുൽ അഭിമുഖത്തിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക