
കുടുംബ പ്രേക്ഷകരുടെ പരിചിത മുഖങ്ങളിൽ ഒന്നാണ് ശരണ്യ ആനന്ദ്. കുടുംബവിളക്കിലെ വേദികയെന്ന് പറഞ്ഞാലായിരിക്കും പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഈ ജനപ്രിയ പരമ്പരയിലെ പ്രതിനായികാ കഥാപാത്രത്തെയാണ് ശരണ്യ ആനന്ദ് അവതരിപ്പിച്ചരുന്നത്. ബിഗ് സ്ക്രീനിലും ഇതിനകം നിരവധി വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ശരണ്യ ഒരു മികച്ച നര്‍ത്തകി കൂടിയാണ്. ബിഗ്ബോസ് സീസൺ 6 ലെ ശ്രദ്ധേയ മത്സരാര്‍ഥി കൂടിയായിരുന്നു ശരണ്യ. 65 ദിവസമാണ് ശരണ്യ ബിഗ്‌ബോസിൽ നിന്നത്. ഫൈനലിൽ എത്തുമെന്ന് ആരാധകർ പ്രവചിച്ച വ്യക്തികളിൽ ഒരാൾ കൂടിയായിരുന്നു ശരണ്യ.
ഇപ്പോഴിതാ ബിഗ്ബോസ് സീസൺ 7 നെക്കുറിച്ചും ബിഗ്ബോസിനു ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുമൊക്കെ പ്രതികരിച്ചിരിക്കുകയാണ് ശരണ്യ ആനന്ദ്. ''ഗെയിം തുടങ്ങിയട്ടല്ലേ ഉള്ളൂ. എല്ലാവരും നന്നായി കളിക്കുന്നുണ്ട്. ഇത്തവണ അൽപം വ്യത്യസ്തമാണ്. ഞങ്ങളുടെ സീസൺ പോലെയല്ല. കാണുക, ആസ്വദിക്കുക, അതാണ് ബിഗ്ബോസ്'', എന്ന് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ശരണ്യ പറഞ്ഞു.
അനുമോളുടേത് കരച്ചിൽ സ്ട്രാറ്റജി ആണോ എന്ന ചോദ്യത്തിന് എല്ലാവരും നന്നായി ഗെയിം കളിക്കുന്നുണ്ട്, അനുവും നന്നായി കളിക്കുന്നുണ്ട് എന്നായിരുന്നു ശരണ്യയുടെ മറുപടി. രേണു സുധിയുടെ ഗെയിം ശ്രദ്ധിച്ചിട്ടില്ലെന്നും ഫാമിലി ഓഡിയൻസിൽ കുറേപ്പർ രേണുവിനെ പിന്തുണക്കുന്നതായി തോന്നുന്നുണ്ടെന്നും അത് നല്ല കാര്യമാണെന്നും ശരണ്യ പറഞ്ഞു. വിന്നർ ആരാകും എന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അതിന് കുറച്ചുകൂടി സമയം വേണമെന്നും താരം കൂട്ടിച്ചേർത്തു.
ബിഗ്ബോസിനു ശേഷം താൻ കൂടുതൽ ശാന്തയായെന്നും അതാണ് ജീവിതത്തിൽ വന്ന വലിയ മാറ്റമെന്നും ശരണ്യ കൂട്ടിച്ചേർത്തു. ബിഗ്ബോസിനു ശേഷം അവസരങ്ങളൊന്നും കുറഞ്ഞിട്ടില്ലെന്നും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് പിന്നീട് സീരിയലുകളൊന്നും ചെയ്യാത്തതെന്നും ശരണ്യ കൂട്ടിച്ചേർത്തു.