
കഴിഞ്ഞ ദിവസമാണ് സീരിയൽ താരം ലക്ഷ്മി ദേവന്റെ മകൻ അനശ്വർ വാഹനാപകടത്തിൽ മരിച്ചത്. മകന്റെ വേർപാടിനെ കുറിച്ച് ലക്ഷ്മി തന്നെയാണ് ആരാധകരെ സോഷ്യൽമീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. ''എന്റെ മോൻ... എന്റെ ജീവൻ... എന്റെ ശ്വാസം... എന്റെ രക്തം... എന്റെ എല്ലാം... ഇനി എനിക്ക് ഒന്നും വരാൻ ഇല്ല'', എന്നാണ് മരണവാർത്ത അറിയിച്ചുകൊണ്ട് ലക്ഷ്മി കുറിച്ചത്. മകനോടു സംസാരിക്കുന്ന രീതിയിലുള്ള കുറിപ്പുകളും മകനെക്കുറിച്ചുള്ള ഓർമകളുമാണ് ഇപ്പോൾ ലക്ഷ്മിയുടെ സോഷ്യൽ മീഡിയ ഫീഡ് നിറയെ.
"ഏതോ ഒരു പേപ്പറിൽ എന്തൊക്കെയോ കുത്തിക്കുറിച്ച്... മോനോട് സംസാരിച്ചാൽ അവനു കേൾക്കാൻ പറ്റുമോ??? അറിയൂല. എനിക്ക് വട്ടാണ് അല്ലേ....? അങ്ങനെ എങ്കിലും ഞാൻ സമാധാനിക്കട്ടെ", എന്നാണ് അനശ്വറിനോട് സംസാരിക്കുന്ന രീതിയിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ട് ലക്ഷ്മി കുറിച്ചത്.
"നമ്മൾ എന്തൊക്കെ പ്രതീക്ഷിച്ചാലും, എന്തൊക്കെ ആഗ്രഹിച്ചാലും, നിയോഗം അത് വല്ലാത്ത ഒരു സംഭവം ആണല്ലേ... നിമിഷങ്ങൾ കൊണ്ട് എല്ലാം പറിച്ചെടുത്തു. വൈകിട്ട് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി മോനെ കാത്തിരിക്കുയായിരുന്നു... വന്നത് ഒരു ഫോൺ കോൾ... ചെറിയ ചെറിയ കാര്യങ്ങൾക്കു ദൈവത്തിനോട് പരിഭവിച്ച എനിക്ക് ഇനി പ്രാർത്ഥിക്കാൻ, ചോദിക്കാൻ ഒരു കാര്യവും ഇല്ല... ഇനി എന്ത് നേടാൻ...?. എന്റെ ചങ്കു പറിച്ച് അവൻ പോയി", എന്നാണ് മറ്റൊരു പോസ്റ്റിൽ ലക്ഷ്മി കുറിച്ചത്.
ഭ്രമണം, കാര്യം നിസ്സാരം തുടങ്ങിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് ലക്ഷ്മി ദേവൻ. തിരക്കഥാ രചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഹാപ്പി കപ്പിൾസ് എന്ന സീരിയലിലാണ് ലക്ഷ്മി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.