
മലയാളികൾക്ക് പ്രിയപ്പെട്ട താരദമ്പതികളാണ് സ്വാസികയും പ്രേം ജേക്കബ്ബും. സീരിയലിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇവർ പ്രണയത്തിലാകുന്നത്. ഇപ്പോഴിതാ ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡിൽ പങ്കെടുക്കാനെത്തിക്കൊണ്ട് സ്വാസികയും പ്രേമും പറഞ്ഞ കാര്യങ്ങളും സോഷ്യലിടങ്ങളിൽ വൈറലാകുകയാണ്. ''എന്റെ കരിയറിന്റെ തുടക്കം ഏഷ്യാനെറ്റിലൂടെയായിരുന്നു. അതുകൊണ്ടുതന്നെ സ്വന്തം കുടുംബത്തിലേക്ക് തിരികെ വരുന്നത് പോലെയാണ്. പ്രേമും ഏഷ്യാനെറ്റിലെ പരമ്പരകളില്‍ അഭിനയിച്ചിട്ടുണ്ട്'', എന്നും പറഞ്ഞാണ് സ്വാസിക സംസാരിച്ചു തുടങ്ങിയത്.
ഒരു പ്രൗഡ് ഹസ്ബൻഡ് ആണോ എന്ന ചോദ്യത്തിന് 'അതെ' എന്നായിരുന്നു പ്രേം ജേക്കബ്ബിന്റെ മറുപടി. തുടർന്ന് അക്കാര്യം വിശദീകരിച്ചത് സ്വാസികയാണ്. 'അങ്ങനെയാണ് എനിക്കും തോന്നിയിട്ടുള്ളതെ'ന്നായിരുന്നു സ്വാസികയും പറഞ്ഞത്. 'എന്റെ കരിയറിലും നേട്ടങ്ങളിലുമെല്ലാം ഒരു ബാക്ക് ബോണ്‍ ആയി എപ്പോഴും കൂടെയുണ്ടാവും. സോഷ്യല്‍മീഡിയയില്‍ കാണുന്നവര്‍ക്ക് അത് മനസിലാവും'', സ്വാസിക പറഞ്ഞു.
വീഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവെയ്ക്കുമ്പോൾ മറ്റുള്ളവർ കണ്ണു വെയ്ക്കുന്നുണ്ട് എന്നു തോന്നാറുണ്ടോ എന്ന ചോദ്യത്തിന്, തങ്ങൾ ഇരുവർക്കും ഇടയ്ക്ക് അങ്ങനെ തോന്നാറുണ്ട് എന്നായിരുന്നു മറുപടി. ''ചില സമയത്ത് ഞങ്ങൾ തമ്മിൽ വെറുതെ അടി കൂടുമ്പോള്‍ എനിക്ക് തോന്നും, ഇന്ന് നമ്മള്‍ ആ ഫോട്ടോ ഇട്ടത് കൊണ്ടാണ് വഴക്കുണ്ടായത് എന്നൊക്കെ. പക്ഷേ, നമുക്ക് ചെയ്യാതിരിക്കാനും പറ്റില്ലല്ലോ. കാരണം നമ്മളെ ഇഷ്ടമുള്ള ഒരുപാട് പ്രേക്ഷകരുണ്ട്'', എന്ന് സ്വാസിക കൂട്ടിച്ചേർത്തു.
ഒരു അന്തർമുഖൻ ആയിരുന്ന പ്രേമിനെ എങ്ങനെയാണ് ഇത്തരത്തിൽ മാറ്റിയെടുത്തത് എന്ന ചോദ്യത്തിനും സ്വാസിക ഉത്തരം നൽകി. ''ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ പ്രേം ഇന്‍ട്രോവേര്‍ട്ടായിരുന്നല്ലോ. അപ്പോൾ മുതലേ ഞാന്‍ റീല്‍സൊക്കെ ചെയ്യാൻ നിര്‍ബന്ധം പിടിക്കുമായിരുന്നു. അങ്ങനെ പയ്യെപ്പയ്യെ അതിൽ പ്രേമിന് താത്പര്യം തോന്നിത്തുടങ്ങി. ഇപ്പോഴും മടിയുണ്ടെങ്കിലും ഞാന്‍ വിളിച്ചാല്‍ വരും'', എന്ന് സ്വാസിക പ്രതികരിച്ചു.