
ഹൈദരാബാദ്: സോഫ്റ്റ് വെയർ എൻജിനീയർക്ക് വിവാഹ വാഗ്ദാനം നൽകി 9.35 കോടി രൂപ വഞ്ചിച്ച കേസിൽ ടോളിവുഡ് നടിയും ബിഗ് ബോസ് മത്സരാർത്ഥിയുമായ യുവതിക്കെതിരെ കേസെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടി മോഹന വാഗ്ദാനം നല്‍കി സ്വത്തുക്കളടക്കം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. കുടുംബാംഗങ്ങളായ മൂന്ന് പേർക്കെതിരെയും സെൻട്രൽ ക്രൈം സ്റ്റേഷൻ (സിസിഎസ്) പോലീസ് വഞ്ചന കുറ്റം ചുമത്തി. ബിഎൻഎസ് സെക്ഷൻ 318 (വഞ്ചന) പ്രകാരം കേസെടുത്തു. നടി അഷു റെഡ്ഡിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുകെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ യെനുമല സത്യനാരായണ മൂർത്തിയുടെ പരാതിയിലാണ് നടപടി. തന്‍റെ മകൻ ധർമ്മേന്ദ്രയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് നടി വൻ തുക കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. 2018 ൽ ഹൈദരാബാദിലുള്ള കുടുംബത്തെ സന്ദർശിക്കാൻ പോയപ്പോഴാണ് യുവാവ് നടിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. യുഎസിൽ പഠിക്കുകയാണെന്നാണ് നടി പറഞ്ഞത്. രണ്ട് മാസത്തിനുള്ളിൽ ഇരുവരും സുഹൃത്തുക്കളായി. ഒടുവിൽ യുവതി വിവാഹ വാഗ്ദാനം നൽകി.
യുവാവ് വിവാഹമോചിതനാണെന്നത് പ്രശ്നമില്ലെന്നും അറിയിച്ചു. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് ഇയാളിൽ നിന്ന് പണം ഈടാക്കുകയായിരുന്നു. ഫ്ലാറ്റ്, സ്വർണം, കാർ എന്നിവ വാങ്ങാനും ഇയാളിൽ നിന്ന് പണം ഈടാക്കി. നടിയെ കൂടാതെ അവരുടെ കുടുംബവും തന്നിൽ നിന്ന് പണം വാങ്ങിയതായി യുവാവ് ആരോപിച്ചു. എന്നാൽ വിവാഹക്കാര്യം പറഞ്ഞപ്പോൾ നടി ഒഴിഞ്ഞുമാറി. 2020 ജൂലൈയിൽ കുടുംബങ്ങൾ തമ്മിൽ കാണാമെന്ന് യുവാവ് പറഞ്ഞപ്പോൾ നടി പൂർണമായി നിരസിച്ചു.
വാങ്ങിയ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ, ടോളിവുഡിലെ ഒരു പ്രമുഖ നടന്റെ നിർബന്ധപ്രകാരം, പ്രതി 70 ലക്ഷം രൂപ നൽകാമെന്ന് സമ്മതിക്കുകയും പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ നൽകുകയും ചെയ്തു. എന്നാൽ ചെക്ക് മടങ്ങി. 2020 നവംബറിൽ നടിയുടെ കുടുംബം തന്നെ ബന്ധപ്പെട്ടുവെന്നും വേർപിരിയലിനുശേഷം നടി വിഷാദത്തിലേക്ക് വഴുതിപ്പോയെന്നും തന്നെ കാണാനും ബന്ധം പുനരാരംഭിക്കാനും അവർ പ്രേരിപ്പിച്ചുവെന്നും പറഞ്ഞു. നടി ആവശ്യപ്പെട്ടതനുസരിച്ച്, വിവാഹം കഴിക്കാൻ സമ്മതിച്ചു. എന്നാൽ, 2025 ജൂലൈയിൽ അവർ വീണ്ടും പിന്മാറി. തുടർന്നാണ് അദ്ദേഹം പരാതി നൽകിയത്.