
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയൽ താരം നൂബിനാണ് ബിന്നിയുടെ ഭർത്താവ്. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. ഇപ്പോൾ ബിഗ്ബോസ് മലയാളം സീസൺ 7 ലും മൽസരാർത്ഥിയായി എത്തിയിരിക്കുകയാണ് ബിന്നി.
ബിഗ്ബോസിൽ ജീവിതകഥ പറയുന്ന ടാസ്കിൽ ബിന്നി സെബാസ്റ്റ്യൻ പറഞ്ഞ അനുഭവകഥ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നതായിരുന്നു. തനിക്ക് മൂന്നു വയസ് പ്രായമുള്ളപ്പോൾ അമ്മ വിദേശത്തേക്ക് പോയതാണെന്നും അച്ഛനും ഒപ്പമില്ലായിരുന്നുവെന്നും ബിന്നി പറയുന്നു. ആകെയുള്ള സഹോദരൻ ഹോസ്റ്റലിലും. അതുകൊണ്ടു തന്നെ വളരെ ചെറിയ പ്രായത്തിൽ തന്നെ ഒറ്റപ്പെടലിന്റെ തീവ്രത അറിഞ്ഞ ആളാണ് താനെന്നും ബിന്നി പറഞ്ഞിരുന്നു.
ബിന്നി ബിഗ്ബോസ് ഹൗസിനുള്ളിലാണെങ്കിലും താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇപ്പോഴും നിരന്തരം അപ്ഡേറ്റുകളും പോസ്റ്റുകളും വരാറുണ്ട്. നൂബിന്റെയും ബിന്നിയുടെയും വിവാഹ വാർഷികത്തോടനുബന്ധിച്ചുള്ള പോസ്റ്റും താരത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ''നമ്മൾ ഒരുമിച്ചുള്ള മൂന്ന് വർഷങ്ങൾ. ഇത്തവണ നമ്മൾ അകലങ്ങളിലാണ്. ഈ വിവാഹ വാർഷിക ദിനത്തിൽ നിനക്ക് നേരിട്ട് ആശംസകൾ അറിയിക്കാൻ സാധിക്കാത്തതിൽ എനിക്ക് വളരെയധികം വിഷമമുണ്ട്. പക്ഷേ എന്റെ മനസ് നിന്നോടൊപ്പമാണ്. എന്റെ കരുത്തും ആശ്വാസവും ആയിരിക്കുന്നതിന് നിനക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നീ എന്റെ ജീവിതത്തിലേക്ക് വന്ന ഭാഗ്യമാണ്. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറം ഞാൻ നിന്നെ മിസ് ചെയ്യുന്നു. വിവാഹ വാർഷികാശംസകൾ'', എന്നാണ് നൂബിനൊപ്പമുള്ള വിവാഹചിത്രത്തോടൊപ്പം ബിന്നിയുടെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.
സെലിബ്രിറ്റികളടക്കം നിരവധി പേർ പോസ്റ്റിനു താഴെ ഇരുവർക്കും ആശംസകൾ അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. നൂബിനെ തനിക്ക് ലഭിച്ചതിൽ താൻ ഭാഗ്യവതിയാണെന്ന് ബിന്നി ബിഗ് ബോസ് ഹൗസിൽ വച്ച് പറഞ്ഞിരുന്നു.