സീരിയൽ താരം ആൻ മരിയ ഒരു അഭിമുഖത്തിൽ തൻ്റെ വ്യക്തിജീവിതത്തിലെ പ്രയാസങ്ങൾ തുറന്നുപറഞ്ഞു. വിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും അവർ സംസാരിച്ചു.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് സിനിമാ സീരിയൽ താരം ആൻ മരിയ. ദത്തുപുത്രി എന്ന സീരിയലിലാണ് ആൻ മരിയ ആദ്യമായി അഭിനയിച്ചത്. പിന്നീട് അരയന്നങ്ങളുടെ വീട്, ചാവറയച്ചൻ, മേഘസന്ദേശം, പൊന്നമ്പിളി, പ്രിയങ്കരി, ഒറ്റചിലമ്പ്, അമൃത വർഷിണി, മാമാട്ടിക്കുട്ടി, എൻറെ മാതാവ് തുടങ്ങി പല സീരിയലുകളിലും വേഷമിട്ടു. ചില സിനിമകളിലും വെബ് സീരീസുകളിലും ആൻമരിയ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെയാണ് ഫുഡ് വ്ളോഗറായ ഷാൻ ജിയോയുമായി ആൻമരിയ വേർപിരിഞ്ഞത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വ്യക്തിപരമായ ജീവിതത്തെക്കുറിച്ചാണ് ആൻമരിയ പുതിയ അഭിമുഖത്തിൽ മനസ് തുറക്കുന്നത്.
''എന്റെ ഏറ്റവും വലിയ അനുഗ്രഹം മോളാണ്. അവൾക്ക് എന്റെ ഇമോഷൻസ് മനസിലാകും. ദൈവത്തെ കാണുന്നതും അറിയുന്നതും പ്രിയപ്പെട്ടവരായ മനുഷ്യരിലൂടെയാണ്. ഞാൻ ചെറുപ്പം മുതൽ ഒരുപാട് കഷ്ടപ്പാടിലൂടെയാണു വളർന്നു വന്നത്. അമ്മയുടേയും അപ്പയുടേയും കുടുംബം സമ്പന്നരാണെങ്കിലും ഞങ്ങൾക്ക് ഒരു അത്യാവശ്യം വന്നപ്പോൾ ഒറ്റപ്പെട്ടുപോയതു പോലെയായിരുന്നു. ഞാനും എന്റെ മോളും തമ്മിൽ നല്ലൊരു ബോണ്ടിങ്ങുണ്ട്. മോൾക്ക് മൂന്നര വയസുള്ളപ്പോൾ ഞാനും ഭർത്താവും സെപ്പറേറ്റഡായി. എന്റെ സ്ട്രഗിൾ അന്ന് മുതൽ അവൾ കാണുന്നുണ്ട്.
ഞാൻ എല്ലാവരുമായും പെട്ടന്നു ക്ലോസാകും. നന്നായി സംസാരിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ടു തന്നെ എല്ലാം എല്ലാവരോടും തുറന്നു പറയും. അടുത്തിടെ ഒരു അഭിമുഖത്തിലാണ് ഡിപ്രഷനിലൂടെ കടന്നുപോയ കാര്യം ഞാൻ തുറന്ന് പറഞ്ഞത്. അന്നു സോഷ്യൽമീഡിയയിൽ നിന്നു പിന്തുണ ലഭിച്ചിരുന്നു. സുഹൃത്തുക്കൾ, സഹപ്രവർത്തകർ എല്ലാം എന്നെ ചേർത്തു പിടിച്ചു. ഡിപ്രഷൻ വെച്ച് അഭിനയിക്കാൻ പറ്റുന്നില്ലെന്ന് ഞാൻ തന്നെ സീരിയൽ ചെയ്യുന്ന സമയത്ത് ഒരിക്കൽ പറഞ്ഞിരുന്നു. നിർത്തി പോകാമെന്നും തീരുമാനിച്ചിരുന്നു. പക്ഷേ, അടുത്തറിയാവുന്നവർ ചേർത്ത് പിടിച്ചതുകൊണ്ട് അതൊന്നും വേണ്ടി വന്നില്ല. മറ്റുള്ളവർ നോക്കുമ്പോൾ രണ്ട് കെട്ടി ആടിപ്പാടി നടക്കുന്ന സ്ത്രീയാണ് ഞാൻ. പബ്ലിക്കിൽ സന്തോഷത്തോടെ പെരുമാറുമെങ്കിൽ ഉള്ളിൽ കനലാണ്. മറ്റുള്ളവരെ ഒന്നും കാണിക്കേണ്ട കാര്യമില്ലല്ലോ'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ആൻമരിയ പറഞ്ഞു.



