സീരിയലിലെ കഥാപാത്രങ്ങളിൽ ഒരാൾ കാർ അപകടത്തിൽപ്പെടുന്ന ദൃശ്യം ഷൂട്ട് ചെയ്യുന്ന രംഗമാണ് വൈറലായിരിക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരകളിൽ ഒന്നാണ് മഴതോരും മുൻപേ. ജോയ്സിയുടെ മഴതോരും മുൻപേ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള സീരിയലാണിത്. ബിനു വെള്ളത്തൂവൽ ആണ് സംവിധായകൻ. കുടുംബത്തിന്റെ അവഗണനകൾക്കിടയിൽ ജീവിക്കുന്ന യുവതിയായ അലീനയുടെ ഹൃദയസ്‍പർശിയായ കഥയാണ് മഴ തോരും മുൻപേ പറയുന്നത്. നടി നികിതയാണ് സീരിയലിൽ അലീനയായി എത്തുന്നത്. ഇപ്പോളിതാ സീരിയലിലെ ഒരു കാറപകടം ഷൂട്ട് ചെയ്യുന്ന രംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കഥാപാത്രങ്ങളിൽ ഒരാൾ കാർ അപകടത്തിൽപ്പെടുന്ന ദൃശ്യം ഷൂട്ട് ചെയ്യുന്ന രംഗമാണ് വൈറലായിരിക്കുന്നത്.

ഒരു മില്യനിലേറെ ആളുകളാണ് ഇതിനകം ഈ വീഡിയോ കണ്ടത്. സ്റ്റണ്ട്മാനെ ഉപയോഗിച്ച് ഒരേ മോഡലിലെ രണ്ട് കാറുകളുമായാണ് ചിത്രീകരണം നടന്നത്. കാർ പലവട്ടം തലകീഴായി മറിഞ്ഞെങ്കിലും സ്റ്റണ്ട്മാൻ പരുക്കുകളൊന്നും ഏൽക്കാതെ പുറത്തു വരുന്നതും ടീമംഗങ്ങളെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇടിച്ച് ഉയർന്ന് പൊങ്ങി തലകീഴായി മറിയുന്ന രംഗമാണ് ഇത്തരത്തിൽ ഷൂട്ട് ചെയ്തത്.

View post on Instagram

നിരവധിയാളുകളാണ് വീഡിയോയ്ക്കു താഴെ സ്റ്റണ്ട് മാനെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നത്. സിനിമയെ വെല്ലുന്ന അപകട രംഗമായിരുന്നു അതെന്നാണ് പലരും വീഡിയോയ്ക്കു താഴെ കുറിക്കുന്നത്. ''സീരിയൽ പരമ്പരയിൽ ഇനി മഴതോരും മുൻപേയെ കടത്തി വെട്ടാൻ ഇനി ആർക്കും പറ്റില്ല, അത്രക്കും പൊളി ആണ്. എല്ലാവരുടെയും ആക്ടിങ് അത് പറയാതിരിക്കാൻ വയ്യ അടിപൊളി ടീം തന്നെയാ'', എന്നാണ് ആരാധകരിൽ ഒരാളുടെ കമന്റ്. ''നിങ്ങളുടെ ഈ ഡെഡിക്കേഷനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല . എന്തു വാക്ക് ഉപയോഗിച്ചാണ് നിങ്ങളുടെ ഈ സ്വയം സമർപ്പണത്തെ വർണിക്കേണ്ടത് എന്നറിയില്ല. ഒന്ന് ഉറപ്പാണ് മലയാള സീരിയൽ ചരിത്രത്തെ മാറ്റിയെഴുതാൻ ബിനു വെള്ളത്തൂവൽ സാറിനും ടീമിനും കഴിയും'', എന്നാണ് വീഡിയോയ്ക്കു താവെ പ്രത്യക്ഷപ്പെട്ട മറ്റൊരു കമന്റ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക