
കഥ ഇതുവരെ
അഞ്ച് ലക്ഷം രൂപയ്ക്ക് മാല കെട്ടാനുള്ള ഓർഡർ രേവതിയ്ക്ക് വാങ്ങിക്കൊടുത്തിരിക്കുകയാണ് സച്ചി. മാലകളെല്ലാം കെട്ടിക്കഴിഞ്ഞ് പറഞ്ഞ സമയത്തിനുള്ളിൽ സമൂഹ വിവാഹം നടക്കുന്ന സ്ഥലത്തേയ്ക്ക് കയറ്റി അയക്കാൻ ഒരുങ്ങുകയാണ് സച്ചിയും രേവതിയും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
മാലകളെല്ലാം വണ്ടിയിൽ കയറ്റിക്കഴിഞ്ഞു. ഇനി അതെല്ലാം സമൂഹ വിവാഹം നടക്കുന്ന സ്ഥലത്തേയ്ക്ക് എത്തിക്കണം. ഓട്ടോക്കാരൻ ഡ്രൈവർ ആവട്ടെ ഫുൾ ടൈം ഫോണിലാണ്. നിൽക്കുമ്പോഴും ഇരിക്കുമ്പോഴും എന്തിന് വണ്ടി ഓടിക്കുമ്പോൾ വരെ കാമുകിയുമായി സല്ലപിക്കുകയാണ് അവൻ. വണ്ടി ഓടിക്കുമ്പോൾ നിന്റെ ഈ ഫോൺ ചെയ്യൽ നടക്കില്ലെന്ന് സച്ചി അവന് വാണിംഗ് കൊടുത്തിട്ടുണ്ട്. എന്നാലവൻ അതൊന്നും കേൾക്കാൻ തയ്യാറായിട്ടില്ല. സച്ചിയോട് താൽക്കാലത്തേയ്ക്ക് ഒകെ പറഞ്ഞെങ്കിലും അവൻ പോകുന്ന വഴിയെല്ലാം ഫോണും ചെവിയിൽ വെച്ച് സംസാരിച്ചാണ് വണ്ടി ഓടിക്കുന്നത്.
അതേസമയം എങ്ങനെയെങ്കിലും സച്ചിയ്ക്കും രേവതിക്കും പണി കൊടുക്കാൻ നടക്കുകയാണ് ആന്റണി. അതിനായി മാലയുമായി പോകുന്ന വണ്ടി വഴിയിൽ വെച്ച് തട്ടാനാണ് പ്ലാൻ. ആന്റണിയുടെ ഗുണ്ടകൾ വണ്ടി പിന്തുടർന്ന് പിന്നാലെയുണ്ട്. ഓട്ടോ ഡ്രൈവർ ഇതൊന്നും ശ്രദ്ധിക്കാതെ ഫോണും ചെവിയിൽ വെച്ച് വണ്ടി ഓടിക്കുകയാണ്. പകുതി വഴി എത്തിയപ്പോഴേയ്ക്കും ഗുണ്ടകൾ വണ്ടി തടഞ്ഞ് ഓട്ടോ പഞ്ചറായിട്ടുണ്ടെന്ന് പറഞ്ഞ് ഡ്രൈവറെ വണ്ടിയിൽ നിന്നിറക്കി. അവന്മാർ പറഞ്ഞത് കേട്ടപാടെ ഡ്രൈവർ വണ്ടിയിൽ നിന്നിറങ്ങി ടയർ പഞ്ചറാണോ എന്ന് നോക്കാൻ തുടങ്ങി. അപ്പോഴും ചെവിയിൽ ഫോൺ തന്നെ കേട്ടോ. എന്തായാലും ഡ്രൈവർ ഫോണിലാണെന്ന് മനസ്സിലാക്കി ഗുണ്ടകൾ അതിവിദഗ്തമായി വണ്ടി തട്ടിക്കൊണ്ടുപോയി. അപ്പോഴാണ് ശെരിക്കും ഡ്രൈവർ പേടിച്ചത്. അയാൾ വണ്ടിയുടെ പുറകെ കുറെ ഓടിയെങ്കിലും ഗുണ്ടകൾ വണ്ടി സ്പീഡിൽ ഓടിച്ച് പോവുകയാണുണ്ടായത്. വണ്ടി തട്ടിയെടുത്ത കാര്യം അവർ ആന്റണിയെ വിളിച്ച് പറയുകയും ചെയ്തു. ആന്റണിയ്ക്ക് സന്തോഷമായി. സച്ചിയും രേവതിയും ഇതിന്റെ പേരിൽ തല്ല് കൊണ്ട് ചാവണം എന്നാണ് അവന്റെ ഉദ്ദേശം.
വണ്ടി ഗുണ്ടകൾ തട്ടിക്കൊണ്ടുപോയ കാര്യം ഡ്രൈവർ ഉടനെ സച്ചിയേ വിളിച്ച് പറഞ്ഞു. സച്ചി ഞെട്ടിത്തരിച്ചു. വിവരമറിഞ്ഞ രേവതിയും ഷോക്കായി. അവർ ഉടനെ വണ്ടിയുമെടുത്ത് ഡ്രൈവറുടെ അടുത്തെത്തി. ഏത് നേരവും ഫോൺ ചെയ്ത് ശ്രദ്ധയില്ലാതെ വണ്ടി ഓടിച്ചതിന് സച്ചി അയാൾക്ക് കണക്കിന് കൊടുത്തു. നീ കൂടെ വരേണ്ടെന്നും കൺ മുന്നിൽ കണ്ടുപോകരുതെന്നും പറഞ്ഞ് സച്ചി രേവതിയെയും കൂട്ടി വണ്ടിയും മാലകളും അന്വേഷിച്ച് പോകുന്നിടത്ത് വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.