അന്തരിച്ച നടൻ കലാഭവൻ നവാസിന്‍റെ ഓർമ്മയിൽ ഭാര്യ രഹ്ന പങ്കുവെച്ച ഇൻസ്റ്റഗ്രാം വീഡിയോ ശ്രദ്ധ നേടുന്നു
സിനിമ, മിമിക്രി രംഗങ്ങളില്‍ സജീവമായിരുന്ന നടൻ കലാഭവൻ നവാസിന്റെ വിയോഗം വലിയ ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമാ സമൂഹവും കേട്ടത്. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു പ്രിയതാരത്തിന്റെ വിയോഗം. ഇപ്പോഴിതാ നവാസിന്റെ ഭാര്യ രഹ്‌ന പങ്കുവച്ച ഇൻസ്റ്റഗ്രാം വീഡിയോയും പലരുടെയും കണ്ണു നിറയ്ക്കുകയാണ്.
ഇരുവരും ചേർന്ന് സന്തോഷത്തോടെ ചെലവഴിച്ച നിമിഷങ്ങൾ കോർത്തണിക്കിയ വീഡിയോയാണ് രഹ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കടൽത്തീരത്ത് ഒരു വള്ളത്തിന് സമീപം ദൂരേക്ക് നോക്കി എന്തോ ചിന്തിച്ച് വിഷമിച്ചിരിക്കുന്ന രഹ്നയെ പാട്ടുപാടി സന്തോഷിപ്പിക്കുന്ന നവാസിനെയാണ് വീഡിയോയിൽ കാണുന്നത്. ''എന്നെ വിഷമത്തിലേക്ക് പോകാൻ പോലും അനുവദിക്കില്ലായിരുന്നു'', എന്നാണ് വീഡിയോയ്ക്കൊപ്പം രഹ്ന കുറിച്ചത്. രഹ്നയെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്നും ജനഹൃദയങ്ങളിൽ നവാസിക്ക ഇന്നും ജീവിക്കുന്നു എന്നുമാണ് കമന്റ് ബോക്സിൽ പലരും കുറിക്കുന്നത്.
മലയാള മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു നവാസ്. കലാഭവനിലൂടെയാണ് നവാസ് വളർന്നത്. കോട്ടയം നസീർ, അബി തുടങ്ങിയ പ്രഗത്ഭരോടൊപ്പം നിരവധി വേദികളിൽ നിറസാന്നിധ്യമായിരുന്നു നവാസും. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളിൽ മലയാളികളെ ചിരിപ്പിച്ചു. കലാഭവന് ശേഷം കൊച്ചിൻ ആർട്‌സിന്റെ ബാനറിൽ സഹോദരൻ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകൾ ചെയ്തു. പിന്നീട് മിമിക്രി വേദിയിൽ നിന്ന് സിനിമയിലേക്കു നീണ്ടു നവാസിന്റെ കലാജീവിതം. ഏകദേശം അഞ്ഞൂറിലേറെ വേദികളിൽ നവാസ് കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെ തുടങ്ങി. പിന്നീട് ഏഴരക്കൂട്ടം, മിമിക്സ് ആക്ഷൻ 500 തുടങ്ങിയ ചിത്രങ്ങളിലൂടെ പതിയെ സിനിമാ രംഗത്ത് ചുവടുറപ്പിച്ചു. മാട്ടുപെട്ടി മച്ചാനിലെ കഥാപാത്രം പ്രശംസിക്കപ്പെട്ടു. 30 വർഷത്തിനുള്ളിൽ നാൽപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് നവാസ്.



