
കഥ ഇതുവരെ
ശ്രീകാന്തും വർഷയും വീട്ടിൽ ഇല്ലാത്ത വിഷമത്തിലാണ് ചന്ദ്രയും രവിയും. അവർ മാത്രമല്ല സച്ചിയും രേവതിയും അവർ വീട്ടിൽ നിന്ന് പോയ വിഷമത്തിലാണ്. അതേസമയം ഈ വിഷയത്തിൽ എങ്ങനെ കുത്തിത്തിരുപ്പ് ഉണ്ടാക്കാം എന്ന ആലോചനയിലാണ് ശ്രുതി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
ശ്രീകാന്തിനുള്ള കൊറിയറുമായി കൊറിയർ ബോയ് എത്തിയിട്ടുണ്ട്. വീട്ടിൽ ശ്രീകാന്ത് ഇല്ലാത്തതുകാരണം കൊറിയർ വാങ്ങിയത് സച്ചിയാണ്. അപ്പോൾ തൊട്ടേ ചന്ദ്ര കരച്ചിലാണ്. ശ്രീകാന്തും വർഷയും വീട്ടിൽ ഇല്ലാതെ ആകെ വിഷമത്തിലാണ് ചന്ദ്ര. രവിയും അങ്ങനെത്തന്നെ. എന്നാൽ എരി തീയിൽ എണ്ണ ഒഴിക്കുന്നത് പോലെ ആയിരുന്നു ശ്രുതിയുടെ പെരുമാറ്റം . ശ്രീകാന്തും വർഷയും ഇനി ഇങ്ങോട്ട് തിരിച്ച് വരില്ലെന്ന് തോന്നുന്നെന്നും അങ്ങനെയല്ലേ സച്ചി വർഷയുടെ അച്ഛനോട് പെരുമാറിയതെന്നും ശ്രുതി ചന്ദ്രയോട് പറഞ്ഞു. സച്ചി മാപ്പ് പറഞ്ഞാൽ ചിലപ്പോൾ ഇങ്ങോട്ട് വരുമായിരിക്കും എന്നും അവൾ കൂട്ടിച്ചേർത്തു. ചന്ദ്രയ്ക്ക് അത് കേൾക്കേണ്ട താമസം സച്ചിയേ ചന്ദ്ര കുറ്റപ്പെടുത്താൻ തുടങ്ങി . എന്നാൽ യാതൊരു കാരണവശാലും മാപ്പ് പറയില്ലെന്നും വർഷയുടെ അച്ഛൻ സത്യത്തിൽ രേവതിയോടാണ് മാപ്പ് പറയേണ്ടതും സച്ചി മറുപടി കൊടുത്തു.
അത് തന്നെയായിരുന്നു ശ്രുതിയുടെ ആവശ്യം. സച്ചി എതിർത്ത് പറയണം, ചന്ദ്രയും രവിയും വിഷമിക്കണം, ഈ ഒരു ഒഴുക്കിൽ ശ്രുതിയുടെ അച്ഛന്റെ കാര്യം എല്ലാവരും മറക്കണം. അതിൽ അവൾ വിജയം കണ്ടെത്തി. വർഷയുടെ മലേഷ്യൻ അച്ഛന്റെ കാര്യം ചന്ദ്ര ഏതാണ്ട് മറന്നിരിക്കുന്നു. ഇപ്പോൾ ചിന്ത മുഴുവൻ വർഷയും ശ്രീകാന്തുമാണ്. അതേസമയമ് ഈ പ്രശ്നം എങ്ങനെയെങ്കിലും തീർക്കണം എന്ന ധാരണയിലാണ് രേവതി. അതിനായി വർഷയെ ചെന്ന് കണ്ട് സംസാരിക്കാൻ രേവതി തീരുമാനിച്ചു.
വർഷ സ്റ്റുഡിയോയിൽ ഡബ്ബിങ്ങിൽ ആയിരുന്നു. രേവതി വർഷയെ കാണാൻ നേരെ സ്റ്റുഡിയോയിലേക്കാണ് പോയത്. രേവതിയെ കണ്ട ഉടനെ വർഷ അവിടെ നിന്ന് പോകാൻ ഒരുങ്ങി. സച്ചിയേട്ടൻ തന്റെ അച്ഛനെ അടിച്ചത് തെറ്റായിപ്പോയെന്നും, അതുകൊണ്ടാണ് വീട്ടിലേയ്ക്ക് വരാത്തതെന്നും വർഷ രേവതിയോട് പറഞ്ഞു. എന്നാൽ വർഷ അറിയാതെ പല കാര്യങ്ങളുമുണ്ടെന്നും എന്തുകൊണ്ടാണ് സച്ചിയേട്ടൻ വർഷയുടെ അച്ഛനെ അടിച്ചതെന്നും രേവതി അവളോട് പറഞ്ഞുകൊടുത്തു. തന്നെ കള്ളി എന്ന് വിളിച്ചതും, മോഷണം ചെയ്താണ് ജീവിക്കുന്നതെന്ന് പറഞ്ഞതും, താൻ മോഷ്ടിച്ച് കൊണ്ടുകൊടുത്ത പണത്തിനാണ് സച്ചിയേട്ടൻ മദ്യപിക്കുന്നതെന്ന് പറഞ്ഞതും, ഒടുവിൽ പിച്ചയെടുത്ത് ജീവിക്കാൻ പറഞ്ഞതുമുൾപ്പടെ വർഷയുടെ അച്ഛൻ പറഞ്ഞ സകല കാര്യവും രേവതി വർഷയോട് പറഞ്ഞു. സത്യത്തിൽ വർഷ അത് കേട്ട് ഞെട്ടി. ഇങ്ങനെയൊക്കെയാണ് സംഭവിച്ചതെന്ന് വർഷ അറിഞ്ഞിരുന്നില്ല. കരഞ്ഞ് തളർന്ന് നിൽക്കുന്ന രേവതിയോട് എന്ത് മറുപടി പറയുമെന്നറിയാതെ വിഷമിച്ച് നിൽക്കുന്ന വർഷയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.