
കൊച്ചി: ആരാധകരേറെയുള്ള താരങ്ങളാണ് ജി.പി എന്ന പേരില്‍ അറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യയും ഗോപികയും. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെന്‍ഡിങ് ആകാറുണ്ട്. പതിവായി യൂട്യൂബ് വീഡിയോകള്‍ പങ്കുവയ്ക്കാറില്ലെങ്കിലും വിശേഷങ്ങളെല്ലാം ആരാധകരെ ഇവര്‍ അറിയിക്കാറുണ്ട്. വിവാഹത്തെക്കുറിച്ചും ഗോപികയെക്കുറിച്ചുമൊക്കെ മനസു തുറന്നു സംസാരിക്കുന്ന ജിപിയുടെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.
എപ്പോഴും സന്തോഷം പുറത്തു കാണിക്കുന്നയാളാണ് താനെന്നും തന്റെ വൾനറബിൾ ആയിട്ടുള്ള വശം പുറത്തു കാണിക്കാൻ ആഗ്രഹിക്കാറില്ലെന്നും സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ ജിപി പറയുന്നു. എന്നാൽ ഈ സ്വഭാവം തനിക്ക് പാരയായിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. "എന്റെ ജീവിതത്തിൽ ആകെ ഒരു വട്ടം മാത്രമാണ് ഇങ്ങനെ ഹാപ്പി ആയിരിക്കുന്നത് എനിക്കൊരു പാര ആയിട്ട് മാറിയിട്ടുള്ളത്.
എനിക്ക് കല്യാണ ആലോചന വന്ന സമയത്ത് ആയിരുന്നു അത്. ഗോപികയുടെ ആലോചന വന്ന സമയത്ത് എനിക്ക് ഓക്കെ ആയിരുന്നു. പക്ഷേ ഗോപിക ആദ്യം യെസ് പറഞ്ഞിരുന്നില്ല. ഞാൻ അഭിനയിക്കുകയാണ് എന്നാണ് അവൾ വിചാരിച്ചിരുന്നത്. എപ്പോഴും ഹാപ്പി ആയിട്ട് ഇരിക്കുന്നത്, എപ്പോഴും സ്വീറ്റ് ആയിട്ട് സംസാരിക്കുന്നത് അതൊക്കെ ഞാൻ അഭിനയിക്കുന്നതാണ് എന്നായിരുന്നു ഗോപിക കരുതിയത്", ഗോവിന്ദ് പത്മസൂര്യ അഭിമുഖത്തിൽ പറഞ്ഞു.
ശരിയായ പാട്നർ വരുമ്പോഴെ കല്യാണം കഴിക്കൂ എന്നൊന്നും തനിക്ക് ഉണ്ടായിരുന്നില്ല എന്നും ജിപി പറയുന്നു. ''ഏറ്റവും റൈറ്റ് ആളെയെ കല്യാണം കഴിക്കൂ എന്നൊന്നും ഇല്ലായിരുന്നു എനിക്ക്. ആരാണോ എന്റെ ജീവിതത്തിലേക്ക് വരുന്നത് അയാളെ റൈറ്റ് ആക്കുക, അതല്ല എങ്കിൽ അയാളുടെ റൈറ്റ് സൈഡിലേക്ക് ഞാനും ചേരുക എന്നതാണ് എന്നതാണ് എന്റെ രീതി'', ജിപി കൂട്ടിച്ചേർത്തു.