
സിനിമാ-സീരിയൽ പ്രേക്ഷകർ ഒരുപോലെ ഇഷ്ടപ്പെടുന്ന താരജോഡിയാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. തങ്ങളുടെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ഇവർ ആരാധകരെ അറിയിക്കാറുണ്ട്. ഇരുവരുടെയും വിവാഹവും അതിനുശേഷമുള്ള ഓരോ വിശേഷവും ട്രെൻഡിംഗ് ആകാറുമുണ്ട്. സുഹൃത്തും ഡോക്ടറുമായ അഭിജിത്തിനൊപ്പം വിദേശയാത്ര ആഘോഷമാക്കുകയാണ് ഇരുവരും ഇപ്പോൾ. യാത്രയുടെ വീഡിയോയും ചിത്രങ്ങളും ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
രണ്ടു ദിവസങ്ങൾക്കു മുൻപാണ് തങ്ങൾ അന്റാർട്ടിക്കയിലേക്കു പോകുന്ന വിവരം ജിപിയും ഗോപികയും ആരാധകരെ അറിയിച്ചത്. ബ്യൂണസ് ഐറിസിൽ എത്തിയ ചിത്രങ്ങളാണ് ഇവർ ഏറ്റവുമൊടുവിൽ പങ്കുവെച്ചിരിക്കുന്നത്. ''ഞങ്ങളുടെ ഈ യാത്രക്ക് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി. ഇത് നമ്മൾ എല്ലാവരും ഒന്നിച്ചുള്ള യാത്രയാണ്. ഞങ്ങൾ പോകുന്ന സ്ഥലങ്ങളെല്ലാം നിങ്ങളെയും കാണിക്കാൻ പരമാവധി ശ്രമിക്കാം. ഇപ്പോൾ ഞങ്ങൾ അർജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് എത്തിയിരിക്കുന്നത്. ലോകത്തിന്റെ തെക്കേയറ്റത്തുള്ള ഉഷുവാനിയ ലക്ഷ്യമാക്കിയാണ് അടുത്ത യാത്ര'', ചിത്രങ്ങൾക്കൊപ്പം ഗോവിന്ദ് പത്മസൂര്യ കുറിച്ചു. എയർപോർട്ടിൽ ഒരു സെലിബ്രിറ്റി എത്തിയതിന്റെയും അത് ആരാണെന്ന് അറിയാതെ മൂവരും പരസ്പരം സംസാരിക്കുന്നതിന്റെയും വീഡിയോയും ജിപി പോസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും വിവാഹിതരായത്. ഒന്നാം വിവാഹവാർഷിക ആഘോഷങ്ങളുടെ ചിത്രങ്ങളും ഇവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. സ്വന്തമായി ഒരു വീട് വാങ്ങിയതിന്റെ സന്തോഷവും ജിപിയും ഗോപികയും അടുത്തിടെ ആരാധകരോട് പങ്കുവെച്ചിരുന്നു. കൊച്ചി മറൈൻഡ്രൈവിൽ ഒരു ആഡംബര ഫ്ലാറ്റാണ് ഇവർ വാങ്ങിയത്. വിവാഹനിശ്ചയത്തിൻറെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇരുവരും സ്വപ്നഭവനം സ്വന്തമാക്കിയത്. വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ വ്ളോഗും ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.
ALSO READ : റുബൽ ഖാലി എന്ന അത്ഭുത ലോകത്തിന്‍റെ കഥയുമായി 'രാസ്ത'; ഒടിടിയില്‍ ശ്രദ്ധ നേടുന്നു