
അടുത്തിടെയാണ് നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായത്. നടനും മോഡലും സംരഭകനുമായ ദിലീപ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ആരാധകർക്കും വലിയൊരു സർപ്രൈസ് ആയിരുന്നു ആര്യ പാർവതിയുടെ വിവാഹം. ഇപ്പോഴിതാ ആര്യയുടെ വിവാഹം ലളിതമായി നടത്തിയതിനു പിന്നിലുള്ള കാരണം വിശദീകരിക്കുകയാണ് താരത്തിന്റെ അമ്മ ദീപ്തി. യൂട്യൂബ് ചാനലിലൂടെ വിവാഹ വിശേഷങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു ദീപ്തി.
''പെട്ടെന്നു വന്ന കല്യാണ ആലോചനയായിരുന്നു ദിലീപിന്റേത്. അതിനാൽത്തന്നെ ഒരു കല്യാണം നടത്താൻ ഞങ്ങൾ തയ്യാറുമായിരുന്നില്ല. വിവാഹ വീഡിയോയിലൊക്കെ പരിഭ്രമിച്ച് ഇരിക്കുന്നത് പോലെ തോന്നി എന്നൊക്കെ ആളുകൾ അഭിപ്രായം പറഞ്ഞു കണ്ടു. ആ വിവാഹം കഴിയുന്നത് വരെ ഞങ്ങൾക്കും ടെൻഷനുണ്ടായിരുന്നു. കുറേ നാളായി ഞങ്ങൾ ഒരുങ്ങിയിരുന്ന് നടത്തിയ കല്യാണമായിരുന്നില്ലല്ലോ. പെട്ടന്ന് വന്ന കല്യാണമായതിന്റെ ടെൻഷനുണ്ടായിരുന്നു. ദിലീപിന് ഇപ്പോൾ വിവാഹം നടന്നില്ലെങ്കിൽ പിന്നീട് വിവാഹം നടക്കാൻ ബുദ്ധിമുട്ടാണ്. ആര്യയുടെ കാര്യത്തിലും ഇപ്പോൾ വിവാഹം നടക്കുന്നതാണ് നല്ലത് എന്ന രീതിയിലാണ് കണ്ടത്. അതുകൊണ്ടാണ് പെട്ടന്ന് വിവാഹം നടത്തിയത്.
വിവാഹം നടക്കാൻ പോവുകയാണെന്ന് ആരോടും പറയുകയോ വീഡിയോ എടുക്കുകയോ ഒന്നും ചെയ്തില്ല. മന്ത്രകോടി എടുക്കുന്ന വീഡിയോയൊക്കെ ഇടണമെന്ന് പറഞ്ഞ് എടുത്തെങ്കിലും അതൊന്നും നടന്നില്ല. സംഗീത്, ഹൽദി പോലുള്ള ചടങ്ങുകളും ഉണ്ടായിരുന്നില്ല. സേവ് ദി ഡേറ്റിനോട് ആര്യയ്ക്കും ദിലീപിനും താൽപര്യമില്ലായിരുന്നു. ട്രെഡീഷണൽ രീതിയിൽ കയ്യിൽ മൈലാഞ്ചിയിട്ട് നിലവിളക്കൊക്കെ കത്തിച്ച് വെച്ച് തിരുവാതിരയൊക്കെ കളിച്ച് പാരമ്പര്യ രീതിയിൽ ഒരു ചടങ്ങ് നടത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ആ ഒരു ചടങ്ങ് നടത്തി'', ദീപ്തി വീഡിയോയിൽ പറഞ്ഞു.