'അദ്ധ്വാനങ്ങളെ കണ്ടില്ലെന്നു നടിച്ചോളൂ, ചവിട്ടി മെതിക്കരുത്'; പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനെതിരെ 'ജെഎസ്കെ' സംവിധായകൻ പ്രവീൺ നാരായണൻ

Published : Dec 26, 2025, 07:55 AM IST
Pravin Narayanan against Producer's association

Synopsis

ബജറ്റോ, ഒ.ടി.ടി പോലുള്ള മറ്റു വരുമാനങ്ങളോ പരിഗണിക്കാതെ തിയേറ്റർ കളക്ഷൻ മാത്രം അടിസ്ഥാനമാക്കിയുള്ള ഈ കണക്കുകൾ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും പുതിയ നിക്ഷേപകരെ അകറ്റുമെന്നും പ്രവീൺ നാരായണൻ

മലയാള സിനിമകളുടെ കളക്ഷൻ സംബന്ധിച്ച ലിസ്റ്റ് പുറത്തുവിടുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നിലപാടിനെതിരെ ജെ.എസ്.കെ സംവിധായകൻ പ്രവീൺ നാരായണൻ. സിനിമ എന്നത് ഒരു ബിസിനസ്‌ ആയതുകൊണ്ടും തിയറ്ററിന് പുറത്ത് അതിന് സാമ്പത്തിക സാധ്യതകൾ ഉള്ളത് കൊണ്ടും ഇത്രയും സിനിമകൾ മാത്രം വിജയിച്ചു എന്ന രീതിയിൽ ഒരു കണക്ക് വരുമ്പോൾ അത് പലരെയും തെറ്റിദ്ധരിപ്പിക്കുമെന്നാണ് പ്രവീൺ നാരായൺ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷനെതിരെ നരിവേട്ട സംവിധായകൻ അനുരാജ് മോനോഹറും രംഗത്തുവന്നിരുന്നു. വലിയ ബഡ്ജറ്റിൽ ഒരുക്കിയ എമ്പുരാൻ സൂപ്പർ ഹിറ്റും, ചെറിയ ബഡ്ജറ്റിൽ ഒരുക്കി വൻ വിജയമായ എക്കോ എന്ന സിനിമ വെറും ഹിറ്റ് മാത്രമാവുന്നത് എങ്ങനെയാണെന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രവീൺ നാരായണൻ ചോദിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

പ്രൊഡ്യൂസർസ് അസോസിയേഷൻ ഈ കണക്കുകൾ പുറത്തു വിടുന്നതിന്റെ മാനദണ്ഡം കൂടി വ്യക്തമാക്കിയാൽ നല്ലതായിരിക്കും.! ഈ വർഷമാദ്യം കുറച്ചു മാസങ്ങൾ കണക്കുകൾ പുറത്തു വിട്ടശേഷം പെട്ടന്നൊരു സുപ്രഭാതത്തിൽ അത് നിർത്തി, പിന്നീട് വർഷാവാസാന കണക്കുമായി ഇപ്പോൾ വീണ്ടും വന്നിരിക്കുന്നു. സിനിമ എന്നത് ഒരു ബിസിനസ്‌ ആയതുകൊണ്ടും തീയേറ്ററിന് പുറത്തും അതിന് സാമ്പത്തിക സാധ്യതകൾ ഉള്ളത് കൊണ്ടും ഇത്രയും സിനിമകൾ മാത്രം വിജയിച്ചു എന്ന രീതിയിൽ ഒരു കണക്ക് വരുമ്പോൾ അത് പലരെയും തെറ്റിദ്ധരിപ്പിക്കും എന്നതിൽ സംശയമില്ല, പ്രത്യേകിച്ചും പുതിയതായി ഈ രംഗത്തേക്ക് ഇൻവെസ്റ്റ്‌ ചെയ്തു കടന്നു വരാൻ ആഗ്രഹിക്കുന്ന ആൾക്കാരെ.

ഇതിനോടകം പല പ്രൊഡ്യൂസർസും അംഗീകരിച്ച ട്രാക്കഴ്സ് പുറത്തുവിട്ട ഈ വർഷത്തെ കണക്കുകൾ നോക്കിയാൽ ഹിറ്റ്‌ ലിസ്റ്റിൽ ഉണ്ടായിരുന്ന നരിവേട്ട, സുമതി വളവ് എന്നീ ചിത്രങ്ങൾ മാത്രമാണ് അസോസിയേഷൻ ലിസ്റ്റിൽ ഇല്ലാതെ പോയതെന്ന് കാണാം.സിനിമയുടെ ബജറ്റ് മെൻഷൻ ചെയ്യാതെ വരുന്ന ഈ ലിസ്റ്റിൽ സൂപ്പർ ഹിറ്റുകളും ഹിറ്റുകളും ലിസ്റ്റ് ചെയ്തിരിക്കുന്നതിലും സംശയം തോന്നാം.

ഒരുദാഹരണം പറഞ്ഞാൽ എമ്പുരാൻ എന്ന സിനിമ സൂപ്പർ ഹിറ്റും എക്കോ വെറും ഹിറ്റുമാണ്. ഈ രണ്ട് സിനിമകളുടെയും ബജറ്റ്, കളക്ഷൻ തുടങ്ങിയ കാര്യങ്ങൾ ട്രാക്കിങ് പേജുകൾ പ്രചരിപ്പിച്ചത് സത്യമാണെങ്കിൽ എമ്പുരനെക്കാൾ എത്രയോ വലിയ ലാഭമാണ് എക്കോ, എന്നിട്ടും അത് വെറും ഹിറ്റ്‌ മാത്രമാണ്.സിനിമയുടെ ബജറ്റ് മെൻഷൻ ചെയ്യാതെയും, തീയേറ്ററിന് പുറത്ത് അതിന് ഉണ്ടാകാൻ സാധ്യതയുള്ള ബിസിനെസ്സ്, പ്രോഫിറ്റ് സാധ്യതകൾ പരിഗണിക്കാതെയുമുള്ള ഈ ലിസ്റ്റ് സിനിമയിൽ നിന്ന് കുറെ പേരെയെങ്കിലും അകറ്റും എന്ന വാദം പൂർണമായും ശരിയാണ്.

പുറത്തു വിടുമ്പോൾ എല്ലാം ഉൾക്കൊള്ളിച്ച സമഗ്രമായ ലിസ്റ്റ് പുറത്തു വിടണം , അല്ലാതെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന് പറയുന്നത് പോലെ അറ്റവും വാലുമില്ലാത്ത കാര്യങ്ങൾ പറയുക അല്ല വേണ്ടത്. അനുരാജ് പറഞ്ഞത് പോലെ ഓരോ സിനിമയും ഓരോ പോരാട്ടമാണ്. ആരും കൈ പിടിച്ചു കയറ്റിയതല്ല , നടന്നു തേഞ്ഞ ചെരുപ്പുകളും, വിയർപ്പൊട്ടിയ കുപ്പായങ്ങളും മാത്രമാണ് സാക്ഷി. അധ്വാനങ്ങളെ കണ്ടില്ലെന്നു നടിച്ചോളൂ പക്ഷെ ചവിട്ടി മെതിക്കരുത്.

PREV
SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'കഴുത്ത് പിടിച്ച് ഞെരിച്ച് റോഡിലിട്ട് ചവിട്ടുന്നു, നാട്ടുകാർ ചെയ്തത് ക്രിമിനൽ ആക്ടിവിറ്റി'; പ്രതികരണവുമായി ജിഷിൻ മോഹൻ
'മകന് കോങ്കണ്ണ് ആണെന്നുള്ള കമന്‍റുകള്‍ വേദനിപ്പിച്ചു'; വിവേക്- വീണ ദമ്പതികള്‍