
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്‍ണ. നടി, മോഡൽ, അവതാരക, ഇന്റീരിയർ ഡിസൈനർ, സംരംഭക, യൂട്യൂബർ എന്നീ നിലകളിലെല്ലാം പാർവതി ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ അവതാരകൻ, നടൻ എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ ഗോവിന്ദ് പത്മസൂര്യക്കൊപ്പമുള്ള സൗഹൃദത്തിന്റെ കഥ പറയുകയാണ് പാർവതി. കോളേജ് കാലം മുതൽ, ജിപിയ്ക്ക് ഒപ്പം പല സമയങ്ങളിലായി പകർത്തിയ സെൽഫികളും പാർവതി പങ്കുവച്ചിട്ടുണ്ട്.
''ഒരുമിച്ചുള്ള ഒരു സെൽഫി പോലും നഷ്ടപ്പെടുത്തരുതെന്ന് ഞാൻ ആഗ്രഹിക്കാത്ത ഒരേയൊരു വ്യക്തി. എന്റെ കോളേജ് കാലഘട്ടത്തിൽ ഒരു വേദി പങ്കിട്ടത് മുതൽ, നിങ്ങളുടെയെല്ലാം ഒരേയൊരു ജിപിയായി ശ്രദ്ധാകേന്ദ്രമായതുവരെ... അങ്ങനെ പലതും നടന്ന കാലഘട്ടം. ഈ ജീവിത യാത്ര അവിശ്വസനീയമായ ഒന്നായിരുന്നു. അദ്ദേഹം എല്ലാവർക്കും നൽകുന്ന പോസിറ്റിവിറ്റിയും പ്രചോദനവും അളവറ്റതാണ്. തിളങ്ങി നിൽക്കുന്ന ഒരു താരമാണ് ജിപി.
അതോടൊപ്പം ഇപ്പോഴും അതേ എളിമയുള്ളവനും സ്നേഹവും കാത്തുസൂക്ഷിക്കുന്ന വ്യക്തി. ഈ സന്തോഷവും പോസിറ്റിവിറ്റിയും എന്നും പ്രസരിപ്പിക്കുക. അടുത്ത ജന്മത്തിൽ എന്റെ സ്വന്തം സഹോദരനാകട്ടെ എന്ന് ആഗ്രഹിക്കുന്നു," പാർവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ''നീ അടിപൊളിയാണ്, നിന്നെക്കുറിച്ച് ഞാൻ അഭിമാനിക്കുന്നു'', എന്നാണ് പോസ്റ്റിനു താഴെ ജിപി കമന്റ് ചെയ്തത്.
അവതരണത്തിനു പുറമേ അഭിനയത്തിലും കഴിവു തെളിയിച്ചിട്ടുള്ളയാളാണ് ജിപി. എം. ജി. ശശി സംവിധാനം ചെയ്ത 'അടയാളങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് ഗോവിന്ദ് പത്മസൂര്യ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഐജി, വർഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകൾ. ഇതിനിടെ 'കീ' എന്ന തമിഴ് ചിത്രത്തിലും 'അല വൈകുണ്ഠപുരമുലു' എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക