
കഥ ഇതുവരെ
തന്റെ അമ്മയും ഭാര്യയും ഒന്നിച്ചെന്ന കാര്യം തിരിച്ചറിഞ്ഞിരിക്കുകയാണ് ആദർശ് . അവർ ഇരുവരും അക്കാര്യം തന്നോട് പറയാത്തതിൽ ആദർശിന് നല്ല അമർഷമുണ്ട് . എന്തായാലും രണ്ടിലൊന്ന് അറിഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് തീരുമാനിച്ചിരിക്കുകയാണ് ആദർശ് . അതുകൊണ്ട് തന്നെ നയനയോട് തൽക്കാലം ഇനി മിണ്ടുന്നില്ലെന്ന് അവൻ തീരുമാനിച്ചിട്ടുണ്ട്.നോക്കാം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ.
ദേവയാനി ഇന്നും ആരോടും പറയാതെ അമ്പലത്തിൽ പോയെന്ന കാര്യം ജയൻ ആദർശിനോട് പറയുകയാണ്. അമ്മ നമ്മളെയെല്ലാം കബളിപ്പിക്കുകയാണെന്ന് ആദർശ് അച്ഛനോട് നിസ്സംശയം പറഞ്ഞു. പക്ഷെ അവൻ എന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്ന് ജയന് പിടികിട്ടിയില്ല. താൻ ഉദ്ദേശിച്ചത് വ്യക്തമാക്കാമെന്നും ഇളയച്ഛനെയും കൂട്ടി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേയ്ക്ക് വരാനും ആദർശ് പറഞ്ഞു. അങ്ങനെ ആദർശ് ആ സത്യം അവരോട് പറയാനൊരുങ്ങുകയാണ്. ദിവസങ്ങളായുള്ള അവന്റെ നിരീക്ഷണങ്ങളും ഒടുവിൽ നിഗമനവും അവൻ അവരോട് വ്യക്തമാക്കി. അമ്മ നമ്മളെയെല്ലാം പറ്റിക്കുകയാണ്. അമ്മയും നയനയും പരസ്പരം സ്നേഹിക്കുകയാണ് ഇപ്പോൾ. നമ്മളാരും അറിയാതെ അമ്മ കാണാൻ പോകുന്നതും അവളെ തന്നെ. ഇപ്പോൾ ഈ വീട്ടിൽ മറ്റാരേക്കാളും അമ്മ സ്നേഹിക്കുന്നത് അവളെയാണ്. അവൾ പോലും അമ്മ തന്നെ സ്നേഹിക്കാൻ തുടങ്ങിയെന്ന സത്യം നമ്മളോട് ആരോടും പറഞ്ഞില്ല, മറച്ചു വെച്ചു. അതിൽ എനിക്ക് വളരെ വിഷമമുണ്ട് , വേദനയുണ്ട് , അവളോട് വെറുപ്പും ഉണ്ട്. അതൊന്നും അത്ര പെട്ടന്ന് മാറില്ല. അതുകൊണ്ട് അവരായി സത്യം പറയുന്നത് വരെ നിങ്ങളെല്ലാവരും എന്റെ ഭാഗത്ത് നിൽക്കണം. ആദർശ് പറഞ്ഞ് നിർത്തി. ആദർശ് പറഞ്ഞ സത്യം കേട്ടപ്പോൾ എല്ലാവർക്കും ഒരേ സമയം സന്തോഷവും അതേസമയം വിഷമവും വന്നു. അവർ ഒന്നിച്ചതിന്റെ സന്തോഷവും, നയന പോലും സത്യം പറയാഞ്ഞതിന്റെ വിഷമവും. എന്തായാലും ഞങ്ങളെല്ലാം നിന്റെ കൂടെയുണ്ടെന്ന് അവർ ആദർശിന് ഉറപ്പ് നൽകി.
അതേസമയം നന്ദു വിളിച്ചിട്ട് ഫോൺ എടുക്കാത്തതുകൊണ്ട് അസ്വസ്ഥനായി നിൽക്കുകയാണ് അനി. പലതവണ മെസ്സേജ് അയച്ചെങ്കിലും നന്ദു അതിനൊന്നും മറുപടി നൽകിയിട്ടില്ല. ഒടുവിൽ രണ്ടും കൽപ്പിച്ച് അവൻ നന്ദുവിനെ കാണാൻ വീട്ടിലേയ്ക്ക് എത്തിയിരിക്കുകയാണ്. ദേവയാനിയും അവിടെ ഉണ്ട്. നന്ദുവിനെ കാണാൻ തന്നെ വന്നതാണ് ദേവയാനി. ദേവയാനിയുടെ കാർ അവിടെ കിടക്കുന്നത് കണ്ടപ്പോഴേ ആൾ അകത്തുണ്ടെന്ന് അനിക്ക് മനസ്സിലായി. പക്ഷെ എന്തിന് അമ്മായി ഇങ്ങോട്ട് വന്നെന്ന ചോദ്യം അവന്റെ മനസ്സിൽ ഉണർന്നു. അനിയെ കണ്ടതും കനകയും ഗോവിന്ദനും നയനയും നവ്യയും ഞെട്ടിപ്പോയി. നന്ദു ട്രൈനിങ്ങിന് പോകും മുൻപ് അവളെ കാണാൻ ഇങ്ങോട്ട് വന്നതാണ് എന്ന് അനി അവരോട് പറഞ്ഞു . അതേസമയം നന്ദുവിനോട് സംസാരിച്ച് മുറിയിൽ നിന്നും ഇറങ്ങിവരികയായിരുന്നു ദേവയാനി. അനിയെ കണ്ടതും ദേവയാനിയും നന്ദുവും ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി പത്തരമാറ്റ് ഇനി അടുത്ത എപ്പിസോഡിൽ കാണാം.