
നിരവധി വർഷങ്ങളായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമൊക്കെ നിറഞ്ഞു നിൽക്കുന്ന മുഖമാണ് പേളി മാണിയുടേത്. അവതാരക, മോട്ടിവേഷണൽ സ്‍പീക്കർ, സംരംഭക, യൂട്യൂബർ എന്നീ നിലകളിലെല്ലാം പ്രശസ്‍തയാണ് താരം. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്‌ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ ഇരുവരും വിവാഹിതരുമായി. കേരളത്തിനു പുറത്തും പേളിക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ജെഎഫ്ഡബ്ലിയൂ ഫേവറിറ്റ് ഡിജിറ്റൽ സെൻസേഷൻ ഓഫ് തമിഴ്നാട് അവാർഡും സ്വന്തമാക്കിയിരിക്കുകയാണ് പേളി. അവാർഡ് സ്വീകരിച്ചു കൊണ്ട് പേളി പറഞ്ഞ കാര്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകര്‍ഷിക്കുകയാണ്.
ഒരു തമിഴ് ടെലിവിഷൻ ഷോ കണ്ടാണ് തനിക്ക് അവതരണത്തിൽ താത്പര്യം തോന്നിയതെന്ന് പേളി പറയുന്നു. ''മാണി എന്ന് പറയുന്നത് എന്റെ ഡാഡിയുടെ പേരാണ്. അദ്ദേഹം ജനിച്ചതും വളർന്നതും എല്ലാം കോയമ്പത്തൂർ ആണ്. അങ്ങനെയാണ് ഞാൻ കുറച്ച് തമിഴ് പഠിച്ചത്. ഇപ്പോൾ കേരളത്തിലാണെങ്കിലും കുറേക്കാലം അവിടെ ആയിരുന്നു ജീവിച്ചത്. ചെറുപ്പത്തിൽ 'പെപ്സി ഉങ്കൾ ചോയ്സ്' എന്ന പരിപാടി ഞാൻ കാണുമായിരുന്നു. ആ സമയത്ത് ഞാൻ അതിന്റെ അവതാരകയായ ഉമയെ കണ്ടിട്ട് അതുപോലെ ഇമിറ്റേറ്റ് ചെയ്യുമായിരുന്നു. അവർ പറയുന്നത് പോലെ ഒക്കെ ആക്ട് ചെയ്യുമായിരുന്നു. അങ്ങനെയാണ് ആങ്കറിങ്ങിലുള്ള താത്പര്യം കാണിച്ചു തുടങ്ങിയത്'', പേളി പറഞ്ഞു.
എങ്ങനെയാണ് അഭിമുഖങ്ങൾക്ക് തയ്യാറെടുക്കുന്നത് എന്നതിനെക്കുറിച്ചും പേളി സംസാരിച്ചു. ''ഓരോ ഇന്റർവ്യൂ നടത്തുന്നതിനും രണ്ടു ദിവസം മുൻപ് ഞാൻ ഇരുന്നു ചോദ്യങ്ങൾ തയ്യാറാക്കും. ഓവർ ആയിട്ട് തയ്യാറെടുപ്പ് നടത്തില്ല. എന്റെ ഫ്‌ളോയിലേ ആ ഇന്റർവ്യൂ പോകുകയുള്ളൂ. ഗസ്റ്റിനെ കുറിച്ച് കുറച്ച് കാര്യങ്ങൾ മനസിലാക്കി വയ്ക്കും. അതിനു ശേഷം വരുന്ന ആളുടെ മൂഡ് എന്താണെന്നു നോക്കി ആ വൈബിൽ ഇന്റർവ്യൂ കൊണ്ടുപോകും. എന്റെ ഇന്റർവ്യൂ സക്സസ് ആയാൽ ആ ക്രെഡിറ്റ് ആ ഗസ്റ്റിനു പോകണം എന്നാണ് ആഗ്രഹം. അവരുടെ എനർജി ആണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്'', പേളി കൂട്ടിച്ചേർത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക