
അടുത്തിടെയാണ് ആർജെ ആർജെ അമൻ വീണ്ടും വിവാഹിതനായത്. റീബ റോയി ആണ് വധു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമൻ. യൂട്യൂബ് ചാനലിലൂടെയാണ് താരം മനസ് തുറന്നത്.
''ജീവിതത്തിൽ ഇഷ്ടമുള്ള ചില കാര്യങ്ങൾ നമ്മൾ തേടി പോകാറുണ്ട്. ചില കാര്യങ്ങൾ വന്ന് ചേരാറുണ്ട്. അങ്ങനെ വന്ന് ചേർന്നതാണ് എനിക്ക് ഈ കല്യാണം. അതു തന്നെയാണ് ഈ ഒരു വിവാഹത്തിലേക്ക് എത്താനുള്ള ഏറ്റവും വലിയ ഹൈലൈറ്റ്. എന്റെ ലൈഫിലെ വളരെ സ്പെഷ്യലായ ഒരു സ്റ്റേജിൽ എന്റെ ഗൈഡായിരുന്നു റീബ. ഇങ്ങനെയൊക്കെ നമുക്ക് ചിന്തിക്കാല്ലോ, ഇങ്ങനെയൊക്കെ നമുക്ക് കൊണ്ടുപോകാമല്ലോ, നമ്മൾ മാറി ചിന്തിക്കണം എന്നൊക്കെ പഠിപ്പിച്ച് തന്ന ഒരു വ്യക്തി കൂടിയാണ് റീബ. വിവാഹം കഴിക്കുകയാണെങ്കിൽ അത് മൂകാംബികയിൽ വെച്ചുവേണം എന്ന് പറഞ്ഞതും റീബയാണ്. ഞാൻ ചോദിച്ചിരുന്നു എന്തുകൊണ്ട് മൂകാംബിക എന്ന്. അത് ഉള്ളിൽ നിന്നും റീബക്ക് തോന്നിയതാണ്'', അമൻ വീഡിയോയിൽ പറഞ്ഞു.
അമൻ വളരെ ഇമോഷണലായിട്ടുള്ള ഒരാളാണ് എന്നായിരുന്നു റീബയുടെ പ്രതികരണം. ''എല്ലാവരേയും നന്നായി കെയർ ചെയ്യും. അത് ഒരുപാട് എനിക്കും കിട്ടുന്നുണ്ട്. അതായിരിക്കാം ഞങ്ങളെ കൂടുതൽ അടുപ്പിച്ചതും. ഭയങ്കര ഇമോഷണലായിട്ടുള്ള ആളാണ് കണ്ണൻ. അദ്ദേഹത്തോടൊപ്പം ആയിരിക്കുമ്പോൾ ഞാനും ഒരു കുട്ടി ആയി മാറും. എനിക്ക് അങ്ങനെ വേറെ ആരുമായി പറ്റിയിട്ടില്ല'', റീബ പറഞ്ഞു.
നടി വീണ നായരാണ് ആര്‍ജെ അമന്‍റെ മുന്‍ ഭാര്യ. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് അമനും വീണയും വേർപിരിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക