
ബിഗ് ബോസ് മലയാളം സീസണ്‍ 7 ലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന മത്സരാര്‍ഥികള്‍ ആയിരുന്നു ലെസ്ബിയന്‍ കപ്പിള്‍ ആയ ആദിലയും നൂറയും. സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള സമൂഹത്തിന്‍റെ പല മുന്‍ധാരണകളെയും മാറ്റാന്‍ സാധിച്ച മത്സരാര്‍ഥികള്‍ കൂടിയായിരുന്നു അവര്‍. ബിഗ് ബോസ് അതിന് പറ്റിയ ഒരു പ്ലാറ്റ്‍ഫോമും ആയിരുന്നു. ഷോ നെഗറ്റീവ് ആയി സ്വാധീനം ചെലുത്താത്ത ആളുകള്‍ കൂടിയാണ് അവര്‍. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം പ്രൊഫഷണലും അല്ലാത്തതുമായ തങ്ങളുടെ തിരക്കുകളിലാണ് ഇരുവരും. കുറച്ചുനാള്‍ മുന്‍പ് ഇരുവരും തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ സബ്സ്ക്രിപ്ഷന്‍ കോണ്ടെന്‍റുകള്‍ നല്‍കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ സബ്സ്ക്രിപ്ഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു തെറ്റിദ്ധാരണയാണ് ഉണ്ടാവാറെന്ന് പറയുകയാണ് ആദില. ഒരു യുട്യൂബ് ചാനലിനോടാണ് ആദില ഇക്കാര്യം പറഞ്ഞത്.
“എല്ലാവരുടെയും വിചാരം സബ്സ്ക്രിപ്ഷന്‍ എന്ന് പറഞ്ഞാല്‍ ന്യൂഡിറ്റി മാത്രമാണെന്നാണ്. പക്ഷേ ന്യൂഡിറ്റി മാത്രമല്ല, നമ്മുടെ ലേറ്റസ്റ്റ് അപ്ഡേറ്റ്സും കാര്യങ്ങളുമൊക്കെ നമ്മള്‍ അതില്‍ കൊടുക്കും. ന്യൂഡിറ്റി അല്ല സബ്സ്ക്രിപ്ഷന്‍. അതൊരു തെറ്റിദ്ധാരണയാണ്. അത് മാറ്റുക”, ആദിലയുടെ വാക്കുകള്‍. ഇന്‍സ്റ്റഗ്രാമിലൂടെ അടുത്തിടെ സബ്സ്ക്രിപ്ഷന്‍ ആരംഭിച്ചവരില്‍ ആദിലയുടെയും നൂറയുടെയും ബിഗ് ബോസിലെ സഹമത്സരാര്‍ഥി ആയിരുന്ന രേണു സുധിയും ഉള്‍പ്പെടും. ആരാധകരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണങ്ങളാണ് രേണു സുധിക്ക് സബ്സ്ക്രിപ്ഷനില്‍ ലഭിച്ചത്.
അതേസമയം സബ്സ്ക്രിപ്ഷനിലൂടെ കേരളത്തില്‍ ഏറ്റവുമധികം പണം സമ്പാദിക്കുന്നത് പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രശസ്തയായ അശ്വനി എ ആണ്. 26,000 ല്‍ അധികം സബ്സ്ക്രൈബേഴ്സ് ഉള്ള അശ്വനിക്ക് പ്രതിമാസം ഇതിലൂടെ ലഭിക്കുന്നത് ഒരു കോടിയിലേറെ രൂപയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സിന്‍റെയും സിനിമാ താരങ്ങളുടെയുമൊക്കെ സബ്സ്ക്രിപ്ഷന്‍ റെവന്യൂ എത്രയെന്നത് പ്രേക്ഷകര്‍ക്കിടയിലെ ഒരു ട്രെന്‍ഡിംഗ് ചര്‍ച്ചയാണ്.