'കേരളത്തിൽ ഇത് പ്രതീക്ഷിച്ചില്ല, ഡൽഹി സമരത്തിൽ പങ്കെടുത്തവർ തന്നെ ഇത് ചെയ്യുന്നു..'; പ്രതിഷേധിച്ച് രഞ്ജിനി ഹരിദാസ്

Published : Nov 14, 2026, 03:00 PM IST
Ranjini Haridas

Synopsis

ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്നും സർക്കാർ അടിയന്തരമായി ഇടപെട്ട് ചർച്ചകളിലൂടെ അനുകൂല പരിഹാരം കാണണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.

തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ലോവർ പ്രൈമറി സ്കൂൾ അധ്യാപക ഉദ്യോഗാർഥികൾ നടത്തിവരുന്ന സമരത്തിന് നേരെ ഉണ്ടായ പൊലീസ് നടപടിക്കെതിരെ പ്രതികരിച്ച് അവതാരക രഞ്ജിനി ഹരിദാസ്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് അനുകൂലമായ പരിഹാരം കാണണം എന്നും രഞ്ജിനി യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

''അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ തികച്ചും ന്യായമാണ്. പരീക്ഷ എഴുതി, ജോലി ലഭിക്കാനായി കാത്തിരിക്കുന്ന, വളരെയധികം അർപ്പണബോധമുള്ള ഉദ്യോഗാർഥികളാണിവർ. ഇവരുടെ ലക്ഷ്യങ്ങൾ നേടാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തവർ തന്നെ, അവരോട് പെരുമാറിയ രീതി ഒട്ടും അംഗീകരിക്കാനാവില്ല. ഡൽഹിയിലെ സമരങ്ങളും അവിടെ നടന്ന സംഭവങ്ങളും നമ്മൾ കണ്ടതാണ്. സമാധാനപരമായി സമരം ചെയ്തവരോട് എത്ര ക്രൂരമായാണ് പെരുമാറിയതെന്നും കണ്ടതാണ്. ഇപ്പോൾ, അതേ അവസ്ഥ കേരളത്തിലും ആവർത്തിക്കപ്പെടുന്നു. ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല. പണ്ട് ഇത്തരം സമരങ്ങളിൽ പങ്കെടുത്തവർ തന്നെയാണ് ഇപ്പോൾ ഈ സംസ്ഥാനം ഭരിക്കുന്നത്. സമാധാനപരമായി സമരം ചെയ്ത ഇവരെ, അവരുടെ സമ്മതമില്ലാതെ എന്തിനാണ് പോലീസ് ബലമായി കൊണ്ടുപോയത്? ആരോഗ്യ പരിശോധന എന്ന പേര് പറഞ്ഞെങ്കിലും, അത് നടപ്പിലാക്കിയ രീതി ശരിയായോ? പിന്നെ സമരപ്പന്തൽ തകർത്തു കളഞ്ഞതിലെ യുക്തി എന്താണ്? ഇരട്ടത്താപ്പ് കാണിക്കാൻ പാടുണ്ടോ? ഒന്നു പറയുകയും മറ്റൊന്ന് പ്രവർത്തിക്കുകയും ചെയ്യുന്നത് ശരിയല്ലല്ലോ. ഒരു സമരത്തിൽ പങ്കെടുത്ത് അവിടെ ചില കാര്യങ്ങൾ പറയുകയും, സ്വന്തം സംസ്ഥാനത്ത് അധികാരത്തിൽ വരുമ്പോൾ തികച്ചും വ്യത്യസ്തമായി പെരുമാറുകയും ചെയ്യുന്നത് എങ്ങനെ ശരിയാകും?

കേരളത്തിലെ സാഹചര്യത്തെക്കുറിച്ച് ഞാൻ എല്ലായിടത്തും അഭിമാനത്തോടെ സംസാരിക്കാറുണ്ടായിരുന്നു. എന്നിട്ടും, ഇങ്ങനെയൊരു സ്ഥലത്ത്, ഒരാൾ സംസാരിച്ചു തുടങ്ങുന്നതിന് മുൻപെ അടിച്ചമർത്തൽ നടപടികൾ ഉണ്ടാകുന്നു. ഇത് അംഗീകരിക്കാൻ കഴിയില്ല. ചർച്ചകളാണ് ഏറ്റവും നല്ല മാർഗം. എല്ലാവരും ഒത്തിരുന്ന് ഈ വിഷയങ്ങൾ സംസാരിക്കട്ടെ. അവർ ഉന്നയിച്ചിരിക്കുന്ന ആശങ്കകൾ ന്യായമാണ്. ഇതിനൊരു പരിഹാരം കാണേണ്ടതുണ്ട്; ഇതൊരു ഗൗരവകരമായ വിഷയം തന്നെയാണ്'', രഞ്ജിനി വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ബുദ്ധിമാനായിട്ട് കളിക്കുന്ന ഒരു അഭിനേതാവ്'; നോബിയുടെ പല ലുക്കുകളെ കുറിച്ച് എൽദോ
'ചോര നീരാക്കി വാങ്ങിയത്, കാത്ത് സൂക്ഷിക്കുന്ന കസ്തൂരി മാമ്പഴം..'; മുംബൈയിലെ ഫ്ലാറ്റിന്റെ വിശേഷങ്ങളുമായി റിമി ടോമി