
ഫെയര്‍നെസ് ക്രീം തുടര്‍ച്ചയായി ഉപയോഗിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് പതിനേഴുകാരിക്ക് ഗുരുതര വൃക്ക രോഗം ബാധിച്ചെന്ന വാർത്ത ചർച്ചയാകുന്നതിനിടെ ഈ ക്രീം പ്രമോട്ട് ചെയ്ത നടിയും ബിഗ് ബോസ് മുൻ താരവുമായ റെനീഷ റെഹ്മാൻ പ്രതികരണവുമായി രംഗത്ത്. ക്രീം പ്രമോട്ട് ചെയ്ത വ്യക്തി എന്ന നിലയ്ക്കും ഉപയോഗിച്ച വ്യക്തി എന്ന നിലയ്ക്കും വാർത്ത അറിഞ്ഞപ്പോൾ താനും ഞെട്ടിയെന്നും താൻ ഉപയോഗിച്ച് നല്ല റിസൾട്ട് കിട്ടിയതുകൊണ്ടു മാത്രമാണ് ക്രീം പ്രമോട്ട് ചെയ്തതെന്നും റെനീഷ പറയുന്നു.
''ആ കുട്ടിക്ക് തിരികെ ജീവിതത്തിലേക്ക് വരാൻ കഴിയട്ടേ. ആരോഗ്യം മെച്ചപ്പെടട്ടെ, എന്നാണ് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നതും പ്രാർഥിക്കുന്നതും. ഉപയോഗിച്ച് നോക്കാതെ ഒരു പ്രൊഡക്ടും ഞാനിതുവരെ പ്രൊമോട്ട് ചെയ്തിട്ടില്ല. മാർച്ച്, ഏപ്രിൽ സമയത്താണ് ഞാനിത് പ്രൊമോട്ട് ചെയ്തത്. ആ സമയത്ത് എന്റെ മേമയുടെ മക്കളുടെ കൂടെ നീന്തൽ ക്ലാസിന് പോകുന്നുണ്ടായിരുന്നു. ക്ലോറിൻ വെള്ളത്തിൽ കിടന്നിട്ട് എനിക്ക് നല്ല ടാൻ ഉണ്ടായിരുന്നു. ആ സമയത്താണ് ഈ പ്രൊമോഷൻ വന്നത്. ഉപയോഗിച്ച ശേഷം പ്രൊമോഷൻ ചെയ്യാമെന്ന് അവരോട് ഞാൻ പറഞ്ഞു. എനിക്ക് ടാൻ മാറുകയും ചെയ്തു. ഈ ഒരു പ്രൊഡക്ട് ഒരു 14,15 ദിവസത്തിന് മുകളിൽ ഞാൻ ഉപയോഗിച്ചിരുന്നു. നല്ല റിസൾട്ടും ഉണ്ടായിരുന്നു. എനിക്ക് ഒരുതരത്തിലുമുള്ള റിയാക്ഷനും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് അത്രയും കോൺഫിഡന്റായി ഞാൻ ആ വീഡിയോ ചെയ്തത്.
പൈസയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന ആളല്ല ഞാൻ. തെറ്റായിട്ടുള്ള കാര്യങ്ങളോ ഉപയോഗിക്കാത്ത കാര്യങ്ങളോ ഞാനിന്നുവരെ പ്രൊമോഷൻ ചെയ്തിട്ടുമില്ല. എന്റെ സ്കിൻ പോലെ ആയിരിക്കില്ല നിങ്ങളുടെ സ്കിൻ. നിങ്ങൾക്ക് യോജിക്കുന്ന പല കാര്യങ്ങളും എനിക്ക് യോജിക്കില്ല. എല്ലാവരുടെയും ശാരീരികാവസ്ഥയും ആരോഗ്യാവസ്ഥയും സ്കിൻ ടൈപ്പും എല്ലാം വ്യത്യസ്തമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസിറ്റീവായി റിവ്യൂ കാണുന്ന പല പ്രൊഡക്ടുകളും കഴിക്കുന്ന സാധനങ്ങളാണെങ്കിൽ പോലും ഉപയോഗിക്കുന്നതിന് മുൻപ് ഒരു ഫിസിഷ്യനെയോ ഡോക്ടറെയോ ഡെർമറ്റോളജിസ്റ്റിനെയോ കണ്ട് നിങ്ങൾക്കത് നല്ലതാണോ എന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ഇത് എനിക്കും വലിയൊരു പാഠം തന്നെയാണ്'', റെനീഷ വീഡിയോയിൽ പറഞ്ഞു.