
സമീപകാലത്ത് ഏറ്റവും കൂടുതൽ വിമർശനങ്ങളും വിവാദങ്ങളിൽ അകപ്പെട്ടൊരാളുമാണ് രേണു സുധി. ആൽബം, സിനിമ ഷൂട്ടുകളുടെയൊക്കെ പേരിലാണ് വിമർശനങ്ങൾ. അതോടൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ സൈബർ അറ്റാക്കും വലി തോതിൽ രേണുവിനെതിരെ നടക്കുന്നുണ്ട്. ആദ്യമൊന്നും ഇവയോട് പ്രതികരിക്കാതിരുന്ന രേണു ഇപ്പോൾ മറുപടി നൽകി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ വീഡിയോകളും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ നെഗറ്റീവ് കമന്റുകൾക്കൊപ്പം തന്നെ പിന്തുണയ്ക്കുള്ള നിരവധി പേരുണ്ടെന്ന് പറയുകയാണ് രേണു സുധി.
എല്ലാം കേട്ട് മിണ്ടാതിരിക്കാൻ താൻ മദർ തെരേസ ഒന്നുമല്ലെന്നും മനുഷ്യനല്ലേ പ്രതികരിച്ച് പോകുമെന്നും രേണു പറയുന്നു. തന്റെ ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. ഇതുവരെ അതെനിക്ക് ഷെയിം ആയി തോന്നിയിട്ടില്ല. നാളെ അത് തോന്നി കൂടായ്കയില്ലെന്നും രേണു പറയുന്നുണ്ട്. ചോയ്സ് നെറ്റ് വർക്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു രേണുവിന്റെ പ്രതികരണം.
"ജാതിയൊക്കെ പറഞ്ഞ് അധിക്ഷേപിക്കുന്നത് തെറ്റാണ്. ഞാൻ ഉന്നതകുലജാത ഒന്നും അല്ല. എടീ അട്ടപ്പാടി എന്ന് വിളിച്ച് അധിക്ഷേപിച്ചവരുണ്ട്. ഞാൻ അതെ എന്നാണ് പറഞ്ഞത്. കോളനി എന്ന് വിളിക്കും. അതെ ഞാൻ കോളനിയിൽ താമസിച്ച ആളാണ്. എടീ കോളനി എന്നൊക്കെയാണ് വിളിക്കുന്നത്. എന്ത് പറഞ്ഞാലും മിണ്ടാതിരുന്ന് കേൾക്കാൻ ഞാൻ മദർ തെരേസ ഒന്നുമല്ല. എന്നെ ചീത്തയാണ് പലരും വിളിക്കുന്നത്. ഞാനും പ്രതികരിച്ച് പോകും. ഞാനും മനുഷ്യനല്ലേ", എന്ന് രേണു ചോദിക്കുന്നു.
"കൊല്ലം സുധിയുടെ ഭാര്യ ചെയ്യുന്നത് കൊണ്ടാണ് ഇവിടെ ഉള്ളവർക്ക് പ്രശ്നം. ഇന്ന് ഈ നിമിഷം വരെ ആരും നേരിട്ട് എന്നെ നെഗറ്റീവ് പറഞ്ഞിട്ടില്ല. ഞാനിനി തല്ലുമോന്ന് പേടിച്ചാണോന്നും അറിയില്ല. പക്ഷേ ഇതൊന്നും കേട്ട് രേണു സുധി തളരത്തില്ല. ഇനിയൊട്ട് തളരാനും പോകുന്നില്ല. ഇങ്ങനെ നെഗറ്റീവുകളൊക്കെ കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ ? ഈ പറയുന്നവരെല്ലാം അന്ന് പോസിറ്റീവ് അല്ലേ പറയൂ", എന്നും രേണു സുധി ചോദിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..