'ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ പ്രശസ്തയായ നടി വി.എസ്. സൗമ്യയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു
ലേഡീസ് റൂം' എന്ന പരമ്പരയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വി.എസ്. സൗമ്യ. അടുത്തിടെ ഏഷ്യാനെറ്റിൽ സംപ്രേഷണം അവസാനിപ്പിച്ച 'ടീച്ചറമ്മ' എന്ന സീരിയലിലെ കനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും സൗമ്യ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സൗമ്യയുടെ വിവാഹം. ദീർഘകാല സുഹൃത്തായ ഗൗതമിനെയാണ് സൗമ്യ വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങുകൾ.
ഇപ്പോഴിതാ ഗുരുവായൂരിൽ വച്ച് വിവാഹം കഴിക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ജെൻസി ആയിട്ടും മോഡേൺ ആയിട്ടും എന്തുകൊണ്ട് വിവാഹം കഴിക്കാൻ ഗുരുവായൂര്‍ ക്ഷേത്രം തിരഞ്ഞെടുത്തു എന്നതായിരുന്നു ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യം. ഗൗതം ആണ് ഇതിന് മറുപടി പറഞ്ഞത്. ''രജിസ്റ്റർ മാര്യേജ് ചെയ്യാം എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ, നമുക്ക് കുടുംബം ഒക്കെ ഉണ്ടല്ലോ. അവർക്കും ആഗ്രഹങ്ങളൊക്കെ ഉണ്ടാകുമല്ലോ. ഞങ്ങളുടെ രണ്ടു പേരുടെയും അച്ഛനമ്മമാർക്ക് ഞങ്ങൾ അമ്പലത്തിൽ കെട്ടിക്കാണണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എല്ലാം നമ്മുടെ ആൾക്കാരല്ലേ.. അവർക്ക് സന്തോഷം ആകണമല്ലോ. അതുകൊണ്ട് ഞങ്ങൾ അങ്ങനെയൊരു തീരുമാനം എടുത്തു'', എന്നായിരുന്നു ഗൗതമിന്റെ പ്രതികരണം.
കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയാണ് സൗമ്യ. പാലാ അൽഫോൺസ കോളജിൽ ബി.കോം പഠനം പൂർത്തിയാക്കിയ ശേഷമാണ് അഭിനയരംഗത്തേക്കെത്തുന്നത്. സൗമ്യയുടെ ഇൻസ്റ്റഗ്രാം വിഡിയോകൾ കണ്ടാണ് 'ലേഡീസ് റൂമി'ന്റെ സംവിധായകൻ സീരിയലിലേക്ക് വിളിക്കുന്നത്. കായികരംഗത്തും തിളങ്ങിയ പ്രതിഭയാണ് സൗമ്യ. പോള്‍ വോൾട്ടിൽ ദേശീയതലത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ഒരു അത്‌ലറ്റ് കൂടിയാണ് താരം. ബികോം ബിരുദത്തിന് ശേഷം രണ്ട് വർഷത്തോളം കോർപ്പറേറ്റ് ജോലി നോക്കിയിരുന്നു. എന്നാൽ, പിന്നീട് തന്റെ പാഷൻ തിരിച്ചറിഞ്ഞ് സൂംബ ഇൻസ്ട്രക്ടർ ആയി മാറി. രഞ്ജിത്ത് സംവിധാനം ചെയ്ത ‘ലോ ആൻഡ് ഓർഡർ’ എന്ന സിനിമയിലൂടെ സൗമ്യയുടെ ബിഗ് സ്ക്രീൻ അരങ്ങേറ്റവും ഉടൻ നടക്കാനിരിക്കുകയാണ്.

