
നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷാവിധിയില്‍ പ്രതികരിച്ച് നടി സ്‌നേഹ ശ്രീകുമാർ. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമായിരുന്നുവെന്നും അഞ്ച് ലക്ഷമല്ല, കോടികൾ കൊടുത്താലും അതിജീവിത അനുഭവിച്ച വേദനയ്ക്ക് പകരമാവില്ലെന്നും സ്‌നേഹ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പ്രതികളുടെ പ്രായവും കുടുംബവും പരിഗണിക്കുമ്പോൾ അതിജീവിതയ്ക്ക് യാതൊരു പരിഗണനയും കൊടുക്കുന്നില്ലേയെന്നും സ്നേഹ ചോദിക്കുന്നു.
''പ്രതികളുടെ പ്രായം പരിഗണിക്കുന്നു, അവർക്കു ഭാര്യയുണ്ട് മക്കളുണ്ട്. കഷ്ടം.. അനുഭവിക്കേണ്ടിവന്ന പെൺകുട്ടിയെ കുറിച്ചു ഇതൊന്നും പറയുന്നില്ല, അത്തരം ഒരു പരിഗണയും കൊടുക്കുന്നുമില്ല. അവരുടെ പ്രായവും കുടുംബവും ഇത്രേം വർഷങ്ങളായി മാറാതെ നിൽക്കുന്ന അവരുടെ മാനസികഅവസ്ഥയും ഒന്നും നമ്മുടെ വ്യവസ്ഥയിൽ വലുതല്ലേ? അതിനേക്കാൾ വലുതാണോ ഇത്രയും ക്രിമിനലുകൾ ആയ 6 പേരുടെ പ്രായവും കുടുംബവും? അതിജീവിതയുടെ കൂടെ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം, ഇതിൽ പൂർണമായും നീതി കിട്ടിയെന്നു എങ്ങിനെ പറയാൻ സാധിക്കും? പ്രതികൾക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാൻ മാത്രമല്ലെ നമുക്ക് പറ്റു... 5 ലക്ഷം അല്ല കോടികൾ കൊടുത്താലും അവൾ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകൾക്ക് പകരം ആകില്ല.. കുറഞ്ഞ പക്ഷം പരമാവധി ശിക്ഷ എങ്കിലും അവർക്കു കിട്ടേണ്ടത് ആയിരുന്നു'', എന്നാണ് സ്നേഹ ശ്രീകുമാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അതിനിടെ, വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് അതിജീവിത ഇന്നലെ രംഗത്തി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.