
മകൾ സുദർശനയുടെ നാലാം പിറന്നാൾ വിശേഷങ്ങൾ പങ്കുവച്ച് ഇൻഫ്ളുവെൻസറും നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷ്. ഒരു പെൺകുഞ്ഞ് തന്നെ വേണം എന്നുള്ളത് അതിയായ ആഗ്രഹം ആയിരുന്നുവെന്നും അമ്മ തന്നെ അതിനായി അനുഗ്രഹിച്ചിരുന്നുവെന്നും സൗഭാഗ്യ പറയുന്നു. ''കല്യാണത്തിന് മുമ്പ് ഞാൻ പാവക്കുട്ടിയെയൊക്കെ ഒരുക്കുമായിരുന്നു. അന്നു മുതലുള്ള ആഗ്രഹമാണ് ഒരു പെൺകുട്ടി മതിയെന്നത്. ഒരു പെൺകുഞ്ഞ് പിറക്കാൻ വേണ്ടി അമ്മ എന്നെ അനുഗ്രഹിക്കുമായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. നാല് വർഷം മുമ്പ് സുധാപ്പൂ ഒരു ചെറിയ പൂവ് പോലെയാണ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നത്. ഇന്ന് ഞങ്ങളുടെ പൂവിന് നാല് വർഷമായി. അവളുടെ ചിരി, കുസൃതി, വഴക്കുകൾ തുടങ്ങി എല്ലാ നിമിഷങ്ങളും ഞങ്ങളുടെ ജീവിതത്തെ ഒരുപാട് മധുരം നിറഞ്ഞതും സന്തോഷം നിറഞ്ഞതുമാക്കി മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ പിറന്നാൾ മുതലാണ് ബെർത്ത് ഡെ സെലിബ്രേഷന് എങ്ങനെ ഒരുങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് അവൾ പറഞ്ഞ് തുടങ്ങിയത്. കഴിഞ്ഞ ബെർത്ത് ഡെയ്ക്ക് മത്സ്യകന്യകയുടെ തീം അവൾ തന്നെ തെരഞ്ഞെടുത്തതാണ്. ഇത്തവണ ടാങ്കിൾഡിലെ റിപ്പൻസലിന്റെ തീം മതിയെന്ന് ഇങ്ങോട്ട് പറയുകയായിരുന്നു. വലിയ ഫ്രോക്ക് വേണം, നീളൻ മുടി വേണം എന്നൊക്കെ അവൾ പറഞ്ഞു. ആരൊക്കെ ബെർത്ത് ഡെ പാർട്ടിക്ക് വരണം എന്ന് വരെ അവൾ ഞങ്ങളോട് പറഞ്ഞിരുന്നു. നോൺസ്റ്റോപ്പായി ഇപ്പോൾ സംസാരിക്കും. എന്തായിരിക്കും മോള് ആദ്യം പറയുക എന്ന് ചിന്തിച്ചിരുന്ന കാലത്ത് നിന്ന് അവൾ ഇപ്പോൾ മണി മണിയായി സംസാരിക്കും. ഒരു ദിവസം കുറഞ്ഞത് നൂറ് ചോദ്യമെങ്കിലും ചോദിക്കും. കുട്ടികൾ സംസാരിച്ച് തുടങ്ങി കഴിയുമ്പോൾ ചെറിയ കള്ളകഥകളൊക്കെ ഉണ്ടാക്കി പറയും. മോളും അതുപോലുള്ള ഒരുപാട് ഭാവനയിൽ നെയ്തെടുത്ത കഥകൾ എന്നോട് വന്ന് പറയാറുണ്ട്'', സൗഭാഗ്യ വ്ളോഗിൽ പറഞ്ഞു.