
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ശ്രീകാന്ത് ശശികുമാർ. പവിത്രത്തിലെ വിക്രം എന്നു പറഞ്ഞാലാകും പലർക്കും എളുപ്പത്തിൽ മനസിലാകുക. സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീകാന്ത് ആണ്. കഴിഞ്ഞ ദിവസം ആയിരുന്നു ശ്രീകാന്തിന്റെ ജന്മദിനം. ഇതോടനുബന്ധിച്ച് താരത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട പുതിയ പോസ്റ്റുകളും ശ്രദ്ധിക്കപ്പെടുകയാണ്. ശ്രീകാന്തിന്റെ ആരാധകർ ആണ് ഈ സ്നേഹസമ്മാനം ഒരുക്കിയത്.
ശ്രീകാന്തിന്റെ മരിച്ചുപോയ അച്ഛനോടൊപ്പമുള്ളതാണ് ഒരു വീഡിയോ. ശ്രീകാന്തിനെ ടാഗ് ചെയ്തുകൊണ്ടാണ് ആരാധകർ ഈ അനിമേറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ''സ്നേഹം വാക്കുകൾക്കതീതമാണ്. അച്ഛൻ ഇപ്പോൾ കൂടെയില്ലായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ സ്നേഹവും സാന്നിധ്യവും എപ്പോഴും ചുറ്റിലുമുണ്ട്, ഓരോ ഹൃദയമിടിപ്പിലും ഓർമകളിലും അച്ഛനുണ്ട്. പിറന്നാളാശംസകൾ ശ്രീയേട്ടാ.. ഇതൊരു വീഡിയോ മാത്രമല്ല, എന്നന്നേക്കുമുള്ള ഒരോർമ കൂടിയാണ്'', എന്നാണ് വീഡിയോയ്ക്കൊപ്പം ആരാധകർ കുറിച്ചത്.
ശ്രീകാന്തിന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി, നോർത്ത് ഇന്ത്യയിൽ ഒരു ചേരിയിലുള്ള കുട്ടികൾക്ക് ആരാധകർ ഭക്ഷണവും കേക്കും നൽകുന്ന വീഡിയോയും ഇൻസ്റ്റഗ്രാമിൽ കാണാം.
'ഹാപ്പി ബർത്ത്‍ഡേ ഭയ്യാ' എന്നാ കുട്ടികൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. ''എനിക്ക് ഒരുപാട് സന്തോഷവും കടപ്പാടും തോന്നുന്നു. ഒരു പിറന്നാൾ സർപ്രൈസ് എന്നതിലുപരി എന്റെ ഹൃദയം തൊട്ട സമ്മാനമാണ് ഇത്. എന്റെ പിറന്നാൾ ദിവസം, എന്റെ പേരിൽ ഭക്ഷണം നൽകി അറിയുന്നത് എനിക്ക് ലഭിക്കാവുന്ന ഏറ്റവും അർത്ഥവത്തായ സമ്മാനമാണ്. ഇത് സാധ്യമാക്കിയ എന്റെ പ്രിയപ്പെട്ടവർക്കും ഫാൻ പേജുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി. നിങ്ങൾ എന്റെ മനസു നിറച്ചു. ഈ സമ്മാനം എനിക്കൊരിക്കലും മറക്കാനാകില്ല. എന്റെ ഹൃദയത്തിൽ നിന്നുമുള്ള നന്ദി'', എന്നാണ് വീഡിയോയ്ക്കു താഴെ ശ്രീകാന്ത് കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക