ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് രേണു സുധി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് രേണു ഇക്കാര്യം പറയുന്നത്.
കൊല്ലം സുധിയുടെ മക്കൾക്ക് വീട് വയ്ക്കാനായി സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വീട് വയ്ക്കാൻ നൽകിയ സ്ഥലത്തിന്റെ ആധാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് കോടതിയെ സമീപിച്ചുവെന്നും രേണുവിന് നോട്ടീസ് അയച്ചുവെന്നുമാണ് വിവരം. തനിക്കെതിരായ സോഷ്യൽ മീഡിയയിലെ വീഡിയോകൾ ഒക്കെ നീക്കം ചെയ്‌തില്ലെങ്കിൽ സ്ഥലം തിരികെ വാങ്ങും എന്നായിരുന്നു നോട്ടീസിൽ പറഞ്ഞത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ആദ്യമായി പ്രതികരിക്കുകയാണ് രേണു സുധി. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് രേണു ഇക്കാര്യം പറയുന്നത്.
'ഈ വിവാദങ്ങള്‍ നടക്കുമ്പോള്‍ ഞാൻ സ്ഥലത്ത് ഇല്ലായിരുന്നു. ഞാൻ പത്ത് ദിവസമായി ബഹ്റൈനിൽ ആയിരുന്നു. വീട്ടുകാര്‍ പറഞ്ഞാണ് അറിഞ്ഞത് ബിഷപ്പ് നോബിൾ ഫിലിപ്പ് നോട്ടീസ് അയച്ചുവെന്നും രജിസ്റ്റേർഡ് ആയിട്ടാണ് നോട്ടീസ് വന്നതെന്നും. സ്ഥലത്ത് ഇല്ലാത്തതു കൊണ്ട് ഞാന്‍ ഇത് വരെ കൈപ്പറ്റിയിട്ടില്ല. ഈ ബിഷപ്പ് എനിക്കല്ല സ്ഥലം തന്നത്. എന്റെ പേര് ഒരു സാക്ഷി എന്ന നിലയിൽ എങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇക്കാര്യത്തില്‍ പ്രതികരിക്കുമായിരുന്നു.
കൊല്ലം സുധി എന്ന് പറയുന്ന കലാകാരൻ മരിച്ചിട്ട് അദ്ദേഹത്തിന്റെ രണ്ട് മക്കളായ രാഹുൽ ദാസിനും ഋതുൽ ദാസിനുമാണ് ബിഷപ്പ് സ്ഥലം കൊടുത്തത്, എനിക്കല്ല. രേണു സുധി എന്ന് പറയുന്ന ഒരു വ്യക്തിക്ക് എന്തെങ്കിലും ഇവര് തന്നിട്ടുണ്ടെങ്കിൽ ഇവര് പറയട്ടെ, ഞാൻ നന്ദികേട് കാണിച്ചുവെന്ന്. എനിക്ക് ഒന്നിനും ഒരവകാശവുമില്ല. പിന്നെ എന്‍റെ പേരില്‍ എന്തിനാണ് നോട്ടിസ് അയക്കുന്നത്, ഞാന്‍ എന്തിനാണ് ഒപ്പിട്ട് വാങ്ങുന്നത്? കിച്ചുവിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഈ ബിഷപ്പിനെതിരെ ഞാൻ അങ്ങോട്ട് ഒരു കുറ്റവും പറഞ്ഞിട്ടില്ല. പക്ഷേ പുള്ളി ഓരോ ഇന്റർവ്യൂകളില്‍ എന്നെപ്പറ്റി വളരെ മോശം പറഞ്ഞു. ഞാൻ ബിഗ് ബോസില്‍ പോയ സമയത്ത് പോലും ഒരു പുരോഹിതന് ചേരാത്ത തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാണ് ഞാൻ എന്തെങ്കിലുമൊക്കെ പുള്ളിയെ പറ്റി പറയാൻ തുടങ്ങിയത്. ആദ്യമൊക്കെ നല്ല സൗഹൃദമായാണ് എന്നോട് പെരുമാറിയിരുന്നത്. ഞാന്‍ സെലിബ്രിറ്റിയായതിന് ശേഷമാണ് ഈ മാറ്റം.
എന്തിന്‍റെ പേരിൽ ആണെങ്കിലും കൊടുത്ത സ്ഥലം തിരിച്ച് വാങ്ങുന്നത് നല്ല പ്രവര്‍ത്തിയാണോ? ദാനം തന്നത് തിരിച്ചെടുക്കണമെങ്കിൽ ആ പുള്ളിയുടെ മനസ്സൊന്ന് ആലോചിച്ച് നോക്കൂ. രേണുവിന് പണി കിട്ടി എന്ന് പറയുന്നവരോടാണ്, എനിക്കെന്ത് പണി കിട്ടി എന്നാണ്. ആ വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വന്നാല്‍ പൈസ കൊടുത്ത് വാടകയ്ക്ക് താമസിക്കും. മാസം ഒരു അയ്യായിരം രൂപ എങ്കിലും വാടക കൊടുക്കാനുള്ള ആസ്തി ഇപ്പോള്‍ എനിക്കുണ്ട്. ഈ ബിഷപ്പിന്‍റെ ഏതോ കേസിൽ പെട്ടു കിടക്കുന്ന വസ്തുവായിരുന്നു ഇഷ്ടദാനമായി എഴുതി കൊടുത്തത്. അത് അവിടെയുള്ള നാട്ടുക്കാര്‍ക്ക് എല്ലാവര്‍ക്കും അറിയാം.
ഈ പ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ എന്റെ സ്വന്തം ചേച്ചി ഈ പുള്ളിയെ ഫോൺ ചെയ്തു. ‘ബിഷപ്പേ ഞങ്ങളോട് എന്താ പ്രശ്നം’ എന്ന് ചോദിച്ചു. അപ്പോള്‍ പുള്ളിയുടെ വാക്ക്: എനിക്ക് യാതൊരുവിധ പ്രശ്നവുമില്ല, വീട് തന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ എന്നാണ്. ഇതിന്‍റെ പിന്നിൽ വേറെ ആളുകള്‍ ഉണ്ടെന്ന് ബിഷപ്പിന്‍റെ സംസാരത്തില്‍ നിന്നു തന്നെ വ്യക്തമാണ്. 'ഒരുപാട് വ്ലോഗര്‍മാര്‍ എന്നെ നിരന്തരം വിളിക്കുന്നുണ്ട് രേണുവിനെ നെഗറ്റീവ് അടിപ്പിക്കണം' എന്നു ബിഷപ്പ് തന്നെ പറയുന്നുണ്ട്. എന്‍റെ കയ്യില്‍ അതിന്‍റെ വോയിസ് റെക്കോർഡ് ഉണ്ട്. ആവശ്യം വന്നാല്‍, അത് ഞാന്‍ പുറത്തുവിടും. രേണു സുധിയെ എങ്ങനെയെങ്കിലും തകർക്കണം എന്ന് ആഗ്രഹിക്കുന്ന ചില വ്ലോഗേര്‍മാരുണ്ട്. പക്ഷേ എത്ര ശ്രമിച്ചാലും രേണു സുധിയെ ഇതൊന്നും ബാധിക്കില്ല. കാരണം എനിക്കൊന്നും ഇവര്‍ തന്നിട്ടില്ല. വീട്ടില്‍ നിന്ന് പുറത്തിറക്കിയാല്‍, എന്‍റെ മക്കളെ കൊണ്ട് ഞാൻ വാടകയ്ക്ക് താമസിക്കും. ആ പിള്ളേരെ ഇറക്കി വിട്ടിട്ട് ബിഷപ്പിനും കൂട്ടര്‍ക്കും കിട്ടാവുന്ന നേട്ടങ്ങൾ അവർക്ക് കിട്ടട്ടെ. ദൈവം അവരെ അനുഗ്രഹിക്കട്ടെ.
ഇതിന്‍റെ പുറകില്‍ ഫിറോസും ഉണ്ടോ എന്ന് നല്ല സംശയമുണ്ട്. കാരണം ആ സ്ഥലത്ത് കെഎച്ച്ഡിഇസി സന്നദ്ധ സംഘടനയുടെ ഭാരവാഹി എന്ന നിലയില്‍ ഫിറോസ് വെച്ച വീട് ഒരു വർഷം കഴിയുന്നതിന് മുമ്പ് തന്നെ മൊത്തം പൊട്ടി പൊളിഞ്ഞുപോയി. ഇത് പറഞ്ഞതിനാണ് അയാള്‍ക്ക് എന്നോട് ദേഷ്യം. അതുപോലെ വീട് തന്ന സമയത്ത് ഏതോ ചാനലിന് ഹോം ടൂര്‍ ഫ്രീ ആയി ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഞാൻ പറഞ്ഞു, എനിക്കൊരു വരുമാനം ഇല്ല, എന്തെങ്കിലും ഒരു പേയ്മെന്റ് ചെയ്തിട്ട് വേണം ഹോം ടൂർ എടുക്കാൻ എന്ന്. വേറൊരു ചാനലുകാരോട് ഇത് പറഞ്ഞതും ഫിറോസിന് ഇഷ്ടപ്പെട്ടില്ല. അന്ന് തൊട്ടാണ് ഫിറോസും ഞാനും തമ്മിൽ തെറ്റിയത്'- രേണു സുധി പറഞ്ഞു.
