
ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിലൊന്നായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന 'ഓട്ടോഗ്രാഫ്'. പ്രായഭേദമന്യേ നിരവധി പ്രേക്ഷകർ ഈ പരമ്പരയുടെ ആരാധകരായിരുന്നു. ഫൈവ് ഫിംഗേഴ്സ് എന്ന അഞ്ച് വിദ്യാർത്ഥികളുടെ സൗഹൃദവും പ്രണയവും പ്രതികാരവുമെല്ലാമായിരുന്നു സീരിയലിന്റെ പ്രമേയം. രഞ്ജിത്ത് രാജ്, ശാലിൻ സോയ, അംബരീഷ്, ശ്രീക്കുട്ടി, സോണിയ മോഹൻദാസ്, ജിഷിൻ മോഹൻ, ശരത് കുമാർ തുടങ്ങിയവരാണ് സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരിൽ പലരും പിൽക്കാലത്ത് അഭിനയരംഗത്ത് സജീവമായെങ്കിലും ശരത്കുമാർ ഇന്നും വേദനിക്കുന്ന ഓർമയാണ്. പത്ത് വർഷം മുമ്പ് ഒരു വാഹനാപകടത്തിലാണ് ശരത് മരിച്ചത്. സീരിയൽ ഷൂട്ടിങ്ങിനായി കൊല്ലത്തേക്ക് പോകുന്നതിനിടയിൽ ശരത് സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു.
ഇപ്പോളിതാ ശരത്തിന്റെ വീട് സന്ദർശിച്ച് പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവെയ്ക്കുകയാണ് ശ്രീക്കുട്ടി. ശരത്തിന്റെ അമ്മയുടെ ആണ്ടുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോഴാണ് കുടുംബത്തെ ശ്രീക്കുട്ടി പരിചയപ്പെടുത്തിയത്. ''ആ വഴി പോകുമ്പോൾ മനസിന് വല്ലാത്തൊരു വിങ്ങലാണ്. ഞാനും അമ്മയും അച്ഛനും കൂടിയാണ് പോകുന്നത്. ഞാൻ, രഞ്ജിത്ത്, അംബരീഷ്, സോണിയ, ശരത്ത് എന്നീ അഞ്ച് പേരാണ് ഓട്ടോഗ്രാഫ് സീരിയലിൽ ഒരുമിച്ച് അഭിനയിച്ചത്. അവരിൽ ഏറ്റവും ചെറുത് ഞാനാണ്. ബാക്കിയുള്ളവരെല്ലാം എന്നെക്കാൾ നാലും അഞ്ചും വയസിന് മൂത്തവരായിരുന്നു. പക്ഷെ ഞാൻ അവരെ പേരാണ് വിളിച്ചിരുന്നത്.
സീരിയൽ കഴിഞ്ഞിട്ടും കുറേക്കാലം ഞങ്ങൾ അഞ്ചുപേരും ഫൈവ് ഫിംഗേഴ്സിനെപ്പോലെയായിരുന്നു ജീവിച്ചത്. ആ ഫൈവ് ഫിഗേഴ്സിൽ അഞ്ച് വിരൽ ഇപ്പോഴില്ല. ഒരു വിരൽ മുറിഞ്ഞുപോയി. ശരത്തിന്റെ മരണവാർത്ത ഞങ്ങൾക്കൊരു ഷോക്കായിരുന്നു. അന്ന് ആത്മയുടെ ഓഫീസിൽ ബോഡി പൊതുദർശനത്തിന് വെച്ചപ്പോൾ സങ്കടം സഹിക്കാൻ കഴിഞ്ഞിരുന്നില്ല'', ശ്രീക്കുട്ടി വ്ളോഗിൽ പറഞ്ഞു.