
അന്തരിച്ച നടി സാവിത്രി ശ്രീധരനെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ വിനോദ് കോവൂർ. നാടകത്തിലൂടെ കൂട്ടായവരാണ് തങ്ങളെന്നും ഒന്നിച്ച് അഭിനയിക്കാനും സാധിച്ചിരുന്നെന്നും വിനോദ് കോവൂർ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
''പ്രിയ സാവിത്രി ചേച്ചിയും അരങ്ങൊഴിഞ്ഞു. നാടകത്തോട് മോഹം തുടങ്ങിയ കാലം. കോഴിക്കോട് നടക്കുന്ന എല്ലാ നാടകങ്ങളും പോയി കണ്ടിരുന്ന കാലം. ആ പഴയകാല നാടകങ്ങളിലെല്ലാം സാവിത്രി ചേച്ചിയും ഉണ്ടായിരുന്നു. അങ്ങനെ നാടകത്തിലൂടെ ഞങ്ങൾ കൂട്ടാവുന്നു. ഒന്നിച്ച് അഭിനയിക്കാനും ഭാഗ്യം ഉണ്ടാകുന്നു. എപ്പോൾ കണ്ടാലും മോനേ വിനോദേന്നും വിളിച്ച് അരികിലേക്ക് വരും. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ട ശേഷം സാവിത്രി ചേച്ചിയെ വീട്ടിൽ ചെന്ന് കണ്ട് അഭിനന്ദിച്ചിരുന്നു. പിന്നീട് എന്റെ യു ട്യൂബ് ചാനലിലേക്ക് സാവിത്രി ചേച്ചിയുമായും കുട്ട്യേടത്തി വിലാസിനി ചേച്ചിയുമായും അഭിമുഖം നടത്തിയിരുന്നു. അഭിനയ മികവിന് ദേശീയ അവാർഡ് ലഭിച്ചപ്പോൾ ഞാൻ കേക്കും സമ്മാനവുമായി വീട്ടിൽ ചെന്നിരുന്നു. അന്ന് വീട് പരിസരം മുഴുവനും വെള്ളം കയറിയ സമയമായിരുന്നു. ഞാൻ വിളിച്ചപ്പോൾ ഇങ്ങോട്ട് വരാൻ പറ്റില്ല വിനോദേ വെള്ളം കയറിയ സമയമാണ് എന്ന് പറഞ്ഞിരുന്നു. എന്നിട്ടും സാഹസപ്പെട്ട് ഞാനും കൂട്ടുകാരൻ സി.ടി.കബീറും ചേർന്ന് അരക്കറ്റം വെള്ളം നനഞ്ഞ് സാവിത്രി ചേച്ചിയുടെ വീട്ടിലെത്തിയപ്പോൾ സാവിത്രി ചേച്ചിക്ക് ശരിക്കും അദ്ഭുതപ്പെട്ടു. മറ്റ് ചാനലുകാർക്ക് ആർക്കും എത്തിപ്പെടാൻ പറ്റാത്ത സമയത്താണ് ഞാനും കബീറും വീട്ടിൽ എത്തുന്നത്. അന്ന് വളരെ സന്തോഷത്തോടെ യാത്രയാക്കി.
പിന്നീടും രണ്ട് മൂന്ന് കൂടിക്കാഴ്ച്ചകൾ ഉണ്ടായി. പിന്നെ എന്നെ വിളിച്ച് തീരെ വയ്യ വിനോദേ വർക്കിനൊന്നും പോകാൻ പറ്റാത്ത അവസ്ഥയിലാണെന്ന് പറഞ്ഞിരുന്നു. പിന്നീട് കാണാൻ പറ്റിയിട്ടില്ല. ഒരു ദിവസം ഫോണിൽ 3 മിസ്ഡ് കോളുകള്‍ കണ്ടപ്പോൾ തിരിച്ച് വിളിച്ചു. അപ്പോൾ ഫോൺ എടുത്ത പെൺകുട്ടി പറഞ്ഞു. ആരൊക്കെയോ വിളിക്കാണ് സംസാരിക്കാനൊന്നും പറ്റില്ല. അൾഷിമേഴ്സ് ആണ് ഇപ്പോൾ എന്ന്. കേട്ടപ്പോൾ വലിയ വിഷമം തോന്നി. എത്രയെത്ര നാടകങ്ങൾ അവിസ്മരണീയമാക്കിയ എത്ര എത്ര കഥാപാത്രങ്ങൾ. എല്ലാവർക്കും ഏറെ ഇഷ്ട്ടമാണ് സാവിത്രി ചേച്ചിയെ. എല്ലാവരോടും അങ്ങനെയാണ് സാവിത്രി ചേച്ചി പെരുമാറിയിരുന്നത്. ഇനി സാവിത്രി ചേച്ചി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. ഇനി ഓർമ്മകളിൽ ജീവിക്കും, സ്നേഹനിധിയായ സാവിത്രി ചേച്ചി'', എന്നാണ് വിനോദ് കോവൂർ ഫെയ്സ്ബുക്കിൽ കുറിച്ചത്.