
രേണു സുധിയുടെ ആരോഗ്യാവസ്ഥ പങ്കുവെച്ച് സുഹൃത്തും ബിഗ് ബോസിൽ രേണുവിന്റെ സഹതാരവുമായിരുന്ന ശാരിക. ഇപ്പോള്‍ ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണെന്നു ഉറപ്പായും അവൾ തിരിച്ചുവരുമെന്നും ശാരിക പറയുന്നു. "കയ്പുള്ള യാഥാർഥ്യം എനിക്ക് നിങ്ങളോട് പറയേണ്ടി വരികയാണ്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്. വളരെ ക്രിട്ടിക്കലാണ്. ഇന്നലെ രാത്രി പ്ലേറ്റ്ലെറ്റസ് കൗണ്ട് വല്ലാതെ കുറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിൽ ആണ്. രേണുവിന്റെ അവസ്ഥ വളരെ മോശമാണെന്നാണ് അവരുടെ ചേച്ചി എന്നെ വിളിച്ച് പറഞ്ഞത്. പ്രാർഥിക്കണമെന്ന് പറയാൻ വേണ്ടി വിളിച്ചതാണ്.
ഇതുവരെ അഞ്ചോളം കീമോകൾ അവൾക്ക് ചെയ്തു. ഓരോ കീമോ കഴിയുമ്പോഴും പത്ത് ദിവസം കിടപ്പിലായിരിക്കും. വേദന സഹിച്ച് പച്ചവെള്ളം പോലും ഛർദിക്കുന്ന അവസ്ഥയാണ്. നാലാമത്തെ കീമോ വരെ അവൾ പത്ത് ദിവസം കിടന്ന്, പിന്നെ ചാടിയെഴുന്നേറ്റ് വീഡിയോ ചെയ്യുകയും മറുപടി തരുകയും ചെയ്തു. അഞ്ചാമത്തെ കീമോ കഴിഞ്ഞ് പത്ത് ദിവസം കഴിഞ്ഞും അവൾക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല. ആഹാരം കഴിക്കാൻ പറ്റില്ല. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഇനിയൊരു കീമോ രേണുവിന് താങ്ങാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്.
ഞാൻ ഇത്രയും വിവരങ്ങൾ നിങ്ങളോട് പറഞ്ഞത് അവളെ സ്നേഹിക്കുന്നവർ അവൾക്കു വേണ്ടി പ്രാർഥിക്കാൻ വേണ്ടിയാണ്. രേണുവിന്റെ കുടുംബത്തിന്റെ അനുവാദം ചോദിച്ചതിനുശേഷം മാത്രമാണ് ഈ വിവരങ്ങൾ നിങ്ങളോട് തുറന്നു പറഞ്ഞത്. ഇതുവരെ ചെയ്തിരിക്കുന്നത് വളരെ ഹെവിയായ കീമോയാണ്. ഇപ്പോള്‍ ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് രേണുവിന്റെ ചേച്ചി എന്നെ വിളിച്ചത്. അത്രയും വേദന തിന്നുകയാണ് ആ കുട്ടി. ഉറപ്പായും അവൾ തിരിച്ച് വരും'', ശാരിക വീഡിയോയിൽ പറഞ്ഞു.