
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നടൻ മമ്മൂട്ടി. ഒരു തോണിക്കാരനായി വെള്ളിത്തിരയിലേക്ക് എത്തി ഇന്ന് മലയാള സിനിമയുടെ നെടുംതൂണായി മാറിയ താരം ചെയ്യാത്ത വേഷങ്ങളില്ല. സമീപകാലത്ത് വ്യത്യസ്ത വേഷങ്ങളുടെ പുറകെ പോകുന്ന മമ്മൂട്ടിയുടേതായി വരാൻ പോകുന്നത് പേട്രിയറ്റ് എന്ന ചിത്രമാണ്. മോഹൻലാലും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്. സിനിമയ്ക്കായി ഏവരും കാത്തിരിക്കുന്നതിനിടെ ഒരു യുട്യൂബറുടെ രസകരമായ കണ്ടെത്തലാണ് ശ്രദ്ധനേടിയിരിക്കുന്നത്.
മമ്മൂട്ടിയും ദുഃഖ വെള്ളിയും തമ്മിൽ ബന്ധമുണ്ടെന്നതാണ് യുട്യൂബറുടെ കണ്ടെത്തൽ. വണ്ടർലസ്റ്റ് കപ്പിൾസ് എന്ന യുട്യൂബറാണ് ഇതിന് പിന്നിൽ. മമ്മൂട്ടിയുടെ കാർ നമ്പറും ദുഃഖ വെള്ളിയുടെ കഥയും ഒന്നാണെന്നാണ് ഇവർ പറയുന്നത്. അതെങ്ങനെ എന്ന് വിവരിക്കുന്നുമുണ്ട്.
"മമ്മൂട്ടിയും ദുഃഖ വെള്ളിയും തമ്മിലൊരു ബന്ധമുണ്ട്. യേശു മരിച്ച ദിവസമാണ് ദുഃഖ വെള്ളി. യേശുവിന്‍റെ മരണത്തെ പറ്റി ബൈബിളില്‍ മാര്‍ക്കോസ് 15:25ല്‍ പറയുന്നത്, യേശുവിനെ മൂന്നാം മണിക്കൂറിലാണ് കുരിശില്‍ തറയ്ക്കുന്നത്. മൂന്നാം മണിക്കൂറില്‍ കുരിശില്‍ തറയ്ക്കുമ്പോള്‍ ആറാം മണിക്കൂര്‍ മുതല്‍ ഒന്‍പതാം മണിക്കൂര്‍ വരെ ഭൂമിയില്‍ എങ്ങും അന്തകാരം വ്യാപിച്ചു. ഒന്‍പതാം മണിക്കൂറിലാണ് യേശു മരിക്കുന്നത്. അതായത്, മൂന്നാം മണിക്കൂറില്‍ കുരിശില്‍ തറയ്ക്കുന്നു. ആറാം മണിക്കൂറില്‍ ഭൂമിയിലെങ്ങും അന്തകാരം. ഒൻപതാം മണിക്കൂറില്‍ യേശു മരിക്കുന്നു. ഇനി പറ മമ്മൂട്ടിയുടെ കാറിന്‍റെ നമ്പര്‍ എത്രയാ ? 369. അപ്പോള്‍ ബന്ധമില്ലേ", എന്നാണ് ഇവരുടെ കണ്ടത്തൽ.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമൻുകളുമായി എത്തിയത്. ഇത് വല്ലതും മമ്മൂട്ടി അറിയുന്നുണ്ടോ ആവോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ മമ്മൂട്ടിയ്ക്ക് അയച്ചുവെന്ന് ഒരു ആരാധകൻ കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ചിലർ 369 എന്ന നമ്പറിനെ കുറിച്ചാണ് പറയുന്നത്. '3+6+9 = 18. ഈ 18 വാഹനങ്ങളുടെ കാര്യത്തിൽ ഭാഗ്യ നമ്പറാണെന്നാണ് പറയപ്പെടുന്നതെ'ന്നാണ് ഇവർ പറയുന്നത്.