
റീലുകളിലൂടെയും വ്ളോഗിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതരായവരാണ് മീത്ത് മിറി ദമ്പതികള്‍. മിഥുന്‍, റിതുഷ എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേരെങ്കിലും മീത്ത്, മിറി എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. 'പാഞ്ചാലിവസ്ത്ര' എന്ന പേരിൽ സ്വന്തമായി ഒരു ഓൺലൈൻ ക്ലോത്തിങ്ങ് ബ്രാൻഡും ഇവർക്കുണ്ട്. തലശ്ശേരിയാണ് ഇവരുടെ സ്ഥലം. പുതിയ ഒരു വീടു വെച്ചതാണ് റിതുഷയുടെയും മിഥുന്റെയും ജീവിതത്തിലെ പുതിയ സന്തോഷം. 4000 സ്ക്വയർ ഫീറ്റിലാണ് വീട് പണിതത്. പുതുവൽസര ദിനത്തിലായിരുന്നു വീടിന്റെ പാലുകാച്ചല്‍ നടന്നത്. ആത്മാവ് എന്നർഥം വരുന്ന 'റൂഹ്' എന്ന പേരാണ് വീടിന് നൽകിയിരിക്കുന്നത്.
ഇപ്പോഴിതാ ആഢംബര വസതിയുടെ ബജറ്റ് എത്രയാണെന്ന് വെളിപ്പെടുത്തുകയാണ് മീത്ത് മിറി കപ്പിള്‍സ്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോടാണ് മീത്ത് ഇക്കാര്യം പറയുന്നത്. രണ്ടര കോടിയിലധികം രൂപയുടെ ആഢംബര വസതിയാണ് ഇവര്‍ നിര്‍മ്മിച്ചത്. 4000 സ്ക്വയർ ഫീറ്റിലാണ് വീട് പണിതതെന്നും മീത്ത് പറയുന്നു. രണ്ട് ലക്ഷം രൂപ വരുന്ന 510 കിലോ ഉള്ള ബുദ്ധന്‍റെ രൂപം, ലക്ഷങ്ങള്‍ വില വരുന്ന ഹാങ്ങിങ് ലൈറ്റുകള്‍, ഡിജെ ലൈറ്റുകള്‍ വരുന്ന ബാത്ത്റൂം, വാക്കിങ് വാഡ്രോബ്, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങി നിരവധി പ്രത്യേകതകള്‍ കൊണ്ട് നിറഞ്ഞതാണ് റിതുഷയുടെയും മിഥുന്റെയും ആഢംബര വസതി.
ചാണകം മെഴുകിയ വീട്ടിൽ ജനിച്ചു വളർന്നയാളാണ് താനെന്നും, വാടക കൊടുക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്ന കാലം കുടുംബത്തിന് ഉണ്ടായിരുന്നെന്നും മുമ്പൊരു അഭിമുഖത്തില്‍ മിഥുന്‍ പറഞ്ഞിരുന്നു. ചെറിയൊരു വീട് സ്വപ്നം കണ്ട എനിക്ക് വലിയൊരു വീട് കിട്ടിയപ്പോൾ അതിയായ സന്തോഷം തോന്നി എന്നായിരുന്നു റിതുഷയുടെ പ്രതികരണം. ''ഇത് ഞങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമായതു മാത്രമല്ല, ഞങ്ങളുടെ ദീർഘവീക്ഷണം യാഥാർത്ഥ്യമായതാണ്. ഈ വീട്ടിലെ ഓരോ കട്ടക്കു പിന്നിലും വലിയ അധ്വാനുമുണ്ട്. ഇവിടുത്തെ ഓരോ മുക്കിലും മൂലയിലും സ്നേഹം നിറഞ്ഞു നിൽപ്പുണ്ട്. കഠിനാധ്വാനവും നിരവധിയാളുടെ പിന്തുണയും കൊണ്ടാണ് ഈ വീട് യാഥാർഥ്യമായത്. ഈ യാത്രയിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാവർക്കും നന്ദി'', എന്നാണ് പാലുകാച്ചലിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇരുവരും കുറിച്ചത്.