മോഹന്‍ലാല്‍ വന്നപ്പോള്‍ 'കൊച്ചുണ്ണി'ക്ക് പ്രാധാന്യം കുറഞ്ഞോ? നിവിന്‍ പോളിയുടെ മറുപടി

Published : Oct 07, 2018, 07:30 PM IST
മോഹന്‍ലാല്‍ വന്നപ്പോള്‍ 'കൊച്ചുണ്ണി'ക്ക് പ്രാധാന്യം കുറഞ്ഞോ? നിവിന്‍ പോളിയുടെ മറുപടി

Synopsis

കൊച്ചുണ്ണി ഈ വരുന്ന 11നാണ് തീയേറ്ററുകളിലെത്തുക. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

നിവിന്‍ പോളി ടൈറ്റില്‍ റോളിലെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയിലെ മോഹന്‍ലാലിന്റെ കടന്നുവരവ് കൗതുകമുണര്‍ത്തുന്ന വാര്‍ത്തയായിരുന്നു പ്രേക്ഷകര്‍ക്ക്. അതിഥിതാരമായെത്തുന്ന മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായാണ് എത്തുക. എന്നാല്‍ മോഹന്‍ലാല്‍ എത്തിയതോടെ സോഷ്യല്‍ മീഡിയയിലെ രണ്ട് താരങ്ങളുടെയും ആരാധകര്‍ക്കിടയിലും സിനിമാപ്രേമികള്‍ക്കിടയിലും ഒരു ചര്‍ച്ച ആരംഭിച്ചിരുന്നു. മോഹന്‍ലാലിന്റെ കടന്നുവരവോടെ നിവിന്‍ പോളിയുടെ പ്രാധാന്യം കുറയുമോ ചിത്രത്തില്‍, അഥവാ പുറമേയ്ക്ക് ഇതൊരു മോഹന്‍ലാല്‍ ചിത്രമെന്ന് എണ്ണപ്പെടുമോ? മോഹന്‍ലാല്‍ താന്‍ അവതരിപ്പിക്കുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഏതെങ്കിലും ഘട്ടത്തില്‍ നിഴല്‍ വീഴ്ത്തിയതായി തോന്നിയോ? ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ ഈ ചോദ്യത്തിന് നിവിന്‍ പോളി നല്‍കിയ മറുപടിയാണ് ചുവടെ.

"ആ തരത്തില്‍ ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. ഇത് കായംകുളം കൊച്ചുണ്ണിയുടെ ജീവചരിത്ര സിനിമയാണ്. കൊച്ചുണ്ണിയുടെ ജീവിതത്തിന്റെ ഒരു സവിശേഷ ഘട്ടത്തിലാണ് ലാലേട്ടന്റെ കഥാപാത്രമായ ഇത്തിക്കര പക്കിയുടെ കടന്നുവരവ്. തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും കടലാസില്‍ പകര്‍ത്തിയതിനോട് നീതി പുലര്‍ത്തുംവിധം ആ കഥാപാത്രത്തെ സ്‌ക്രീനില്‍ എത്തിക്കണമെങ്കില്‍ ലാലേട്ടനെപ്പോലുള്ള ഒരു അഭിനേതാവ് വേണം. കൊച്ചുണ്ണി പോലെയുള്ള വമ്പന്‍ വാണിജ്യസിനിമകള്‍ ചെയ്യുമ്പോള്‍ ഇത്തരം കോമ്പിനേഷനുകള്‍ അത്യാവശ്യമാണ്. എല്ലാ സിനിമകളും ഒരു കൂട്ടായ പരിശ്രമമാണ്. ലാലേട്ടന്റെ സാന്നിധ്യം സിനിമയ്ക്ക് ഒരു അധിക ആനുകൂല്യം നല്‍കുമെന്നേ ഞാന്‍ കരുതിയിട്ടുള്ളൂ", നിവിന്‍ പറയുന്നു.

അതേസമയം കൊച്ചുണ്ണി ഈ വരുന്ന 11നാണ് തീയേറ്ററുകളിലെത്തുക. 45 കോടി ബജറ്റില്‍ 161 ദിവസങ്ങള്‍ കൊണ്ടാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഇതില്‍ സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ബാഹുബലിയുടെ നിര്‍മ്മാണ ഏകോപനം നിര്‍വ്വഹിച്ച ഫയര്‍ഫ്ളൈയാണ് കൊച്ചുണ്ണിയിലും സഹകരിച്ചിരിക്കുന്നത്. ബാഹുബലി, തലാഷ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ച സതീഷാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിനും ശബ്ദം ഒരുക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ടീമടക്കം ആക്ഷന്‍ രംഗങ്ങളില്‍ സഹകരിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്