'17 വയസ്സുള്ളപ്പോൾ ആ വ്യക്തി സ്വകാര്യസ്ഥലത്ത് വച്ച് ഉപദ്രവിച്ചു, ആണുങ്ങൾ നഗ്നതാ പ്രദർശനം നടത്തിയിട്ടുണ്ട്..'; വെളിപ്പെടുത്തി പാർവതി തിരുവോത്ത്

Published : Jan 10, 2026, 06:26 PM IST
Parvathy Thiruvothu

Synopsis

പാർവതി തിരുവോത്ത് തനിക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് തുറന്നുപറയുന്നു. കുട്ടിക്കാലത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് അപരിചിതൻ ഉപദ്രവിച്ചതും ലിഫ്റ്റിൽ വെച്ച് മോശമായി പെരുമാറിയയാളെ തല്ലിയതും ഉൾപ്പെടെയുള്ള ദുരനുഭവങ്ങൾ പാർവതി പങ്കുവച്ചു. 

2006 ൽ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് പാർവതി തിരുവോത്ത്. ആ വർഷം തന്നെ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘നോട്ട്ബുക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം പുത്തെടുക്കാൻ പാർവതിയ്ക്കായി. പിന്നീട് മരിയാൻ, ബാഗ്ലൂർ ഡേയ്‌സ്, എന്ന് നിന്റെ മൊയ്‌ദീൻ, ചാർളി, ടേക്ക് ഓഫ്, ഉയരെ, കൂടെ എന്നീ നിരവധി ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് പാർവതി കാഴ്ചവച്ചത്. മലയാളത്തിന് പുറമേ ബോളിവുഡിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

ഇപ്പോഴിതാ തനിക്കുണ്ടായ മോശം അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് പാർവതി തിരുവോത്ത്. റെയിൽവേ സ്റ്റേഷനിൽ വെച്ച് അപരിചിതൻ ഉപദ്രവിച്ചതിനെ കുറിച്ചും, ചെറുപ്പകാലത്ത് പുരുഷന്മാർ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിച്ചതിനെ കുറിച്ചും പാർവതി വെളിപ്പെടുത്തി. ഈ ദുരനുഭവങ്ങൾ ശരീരത്തെയും മനസ്സിനെയും ആഴത്തിൽ മുറിവേൽപ്പിച്ചുവെന്ന് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചറിഞ്ഞതെന്നും, കുടുംബാംഗങ്ങളല്ലാത്തവരുടെ സ്പർശനങ്ങൾ തനിക്ക് എന്നും അതിക്രമങ്ങളായിരുന്നുവെന്നും പാർവതി പറയുന്നു. ലിഫ്റ്റിൽ വെച്ച് അപമര്യാദയായി പെരുമാറിയ ആളെ തല്ലിയ സംഭവത്തെ കുറിച്ചും പാർവതി പറയുന്നു. സ്വയം സംരക്ഷിക്കേണ്ടി വരുന്നത് ഒരു നേട്ടമല്ലെന്നും, സ്ത്രീകൾക്ക് സുരക്ഷിതമായി നടക്കാൻ കഴിയാത്ത അവസ്ഥ പുരുഷന്മാർ മനസ്സിലാക്കണമെന്നും പാർവതി കൂട്ടിച്ചേർത്തു.

"ലൈംഗികതയെ കുറിച്ചുള്ള എന്റെ ആദ്യ ധാരണ ടൈറ്റാനിക് സിനിമയിൽ നിന്നാണ്. ആ ഉമ്മ വയ്ക്കുന്ന രംഗം. നമ്മളിൽ പലർക്കും അങ്ങനെ തന്നെയാവും ചിലപ്പോൾ ജാക്കിന്റെയും റോസിന്റെയും പർപ്പിൾ നിറമുള്ള ടൈറ്റാനിക് ടി ഷർട്ട് എനിക്കുണ്ടായിരുന്നു. ജാക്കിനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അന്നൊന്നും കിസ് എന്ന്പറഞ്ഞാല എന്താണെന്ന് എനിക്കറിയില്ലായിരുന്നു. ഉറങ്ങാൻ പോകുന്നതിന് മുൻപ് ഞാൻ ആ ടി ഷർട്ടിൽ ഉമ്മ വയ്ക്കുമായിരുന്നു. പിന്നീട് കസിൻ സിസ്റ്റേഴ്‌സുമായി ടൈറ്റാനിക് കാണുമ്പോൾ 'ദാ സീൻ ഇപ്പോൾ വരുമെന്ന്' ഞാൻ പറയുമായിരുന്നു. ഞാൻ തിരിഞ്ഞുനോക്കുമ്പോൾ ആന്റിമാരൊക്കെ എന്നെ നോക്കി നിൽക്കുന്നുണ്ടാവും." പാർവതി പറയുന്നു.

"പിന്നീട് എവിടെ നിന്നാണ് ഇതിനെ കുറിച്ച് മനസിലാക്കിയത് എന്ന് ചോദിച്ചാൽ വളരെ മോശം അനുഭവങ്ങളിൽ നിന്നാണ് മനസിലാക്കുന്നത്. സ്വാനാഥം അനുഭവങ്ങളിൽ നിന്ന് തന്നെയാണ് പഠിച്ചത്. അതിൽ കൂടുതലും മോശം അനുഭവങ്ങളായിരുന്നു. എല്ലാ പെൺകുട്ടികളുടെ കാര്യത്തിലും നിർഭാഗ്യവശാൽ സംഭവിക്കുന്ന പൊതുവായ ഒരു കാര്യമുണ്ട്. നമ്മളെ ജനിക്കുന്നു, വളരുന്നു, പിന്നെ ഉപദ്രവിക്കപ്പെടുന്നു. എല്ലാ പെൺകുട്ടികൾക്കും ഇത്തരത്തിൽ അനുഭവങ്ങൾ ഉണ്ടോയെന്ന് ചോദിച്ചയാൾ അതെ എന്ന് തന്നെയാവും മറുപടി." പാർവതി കൂട്ടിച്ചേർത്തു.

"ഒരിക്കൽ റെയില്‍വേസ്റ്റേഷനില്‍ വച്ച് ഒരു സംഭവമുണ്ടായി, അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു ഞാന്‍ നിന്നത്. ആരോ വന്ന് മാറില്‍ അടിച്ചിട്ട് പോയി, തൊടുക പോലുമായിരുന്നില്ല, അടിക്കുകയായിരുന്നു, അന്ന് ഞാന്‍ ഒരു കുട്ടിയാണ്. നല്ല വിഷമമായിരുന്നു. വഴിയിലൂടെ നടക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് അമ്മ പറഞ്ഞുതരും. പുരുഷന്മാരുടെ കയ്യിലേക്ക് നോക്കി നടക്കണമെന്നായിരുന്നു അമ്മ പറഞ്ഞത്. ഒരു അമ്മ തന്റെ മകളെ ഇങ്ങനെ പറഞ്ഞുപഠിപ്പിക്കേണ്ട ഒരു സാഹചര്യം ആലോചിച്ചുനോക്കൂ. അതുമാത്രമല്ല, ചില പുരുഷന്മാർ മുണ്ട് പൊക്കി അവരുടെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചു കൊണ്ട് നടന്നു വരുന്നത്. കുട്ടിക്കാലത്ത് എത്രയോ തവണ പുറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ കണ്ടിട്ടുണ്ട്. അന്ന് എന്താണ് സംഭവിക്കുന്നതെന്നോ എന്താണ് അവർ ചെയ്യുന്നതെന്നോ എനിക്ക് ഒരു ധാരണയില്ലായിരുന്നു. പത്തൊൻപത് വയസ്സ് ആകുമ്പോഴേക്കാണ് നമ്മൾ പഴയ കാര്യങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നത്. അപ്പോഴാണ് ഇത്തരം അനുഭവങ്ങൾ നമ്മുടെ ശരീരത്തിനെയും മനസിനെയും എത്രത്തോളം ആഴത്തിലാണ് ബാധിച്ചതെന്ന് നമ്മൾ തിരിച്ചറിയുന്നത്. മാതാപിതാക്കളിൽ നിന്നല്ലാത്ത ശാരീരിക സ്പർശനങ്ങൾ അതിക്രമങ്ങൾ ആയിരുന്നു എനിക്ക്." പാർവതി പറയുന്നു

"എനിക്ക് പതിനേഴ് വയസ്സുള്ളപ്പോഴായിരുന്നു അത്. എനിക്ക് അറിയാവുന്ന ഒരാളിൽ നിന്ന് തന്നെയായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ നമുക്ക് ആരോടെങ്കിലും ക്രഷ് തോന്നും. ആ വ്യക്തി നമ്മളെ ഒരു സ്വകാര്യ ഇടത്തിൽ വച്ച് ഉപദ്രവിക്കുന്നു. നമ്മൾ അവരെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് അനുവദിച്ചു കൊടുക്കണം എന്ന രീതിയിൽ അവർ അതിനെ സാധാരണവൽക്കരിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ ആൾ എനിക്ക് ക്രഷ് ഉണ്ടായിരുന്ന ആളായിരുന്നു. അയാൾക്ക് കൺസെന്റ് എന്താണെന്ന് അറിയില്ല. എന്റെ ജീവിതത്തിൽ നടന്ന ഈ കാര്യങ്ങൾ തിരിച്ചറിയാനും അത് ഉൾക്കൊള്ളാനും എനിക്ക് മുപ്പത് വർഷങ്ങൾ വേണ്ടിവന്നു." പാർവതി പറയുന്നു.

"ഇതിൽ ലജ്ജിക്കേണ്ടത് ഞാനല്ല. എനിക്ക് 19-20 വയസ്സുള്ളപ്പോൾ നടന്ന മറ്റൊരു കാര്യമുണ്ട്. ഞാൻ ഒരു ലിഫ്റ്റിലായിരുന്നു. എന്റെ പിന്നിൽ നിന്ന ഒരാൾ എന്നിലേക്ക് ചേർന്നുനിൽക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അയാളുടെ സ്പർശനം എനിക്ക് അറിയാൻ അകഴിയുന്നുണ്ടായിരുന്നു. ലിഫ്റ്റിൽ നിന്ന് പുറത്തിറങ്ങിയ ഉടനെ ഞാൻ അയാളുടെ കരണത്തടിച്ചു. ‘നിങ്ങൾ എന്താണ് ഈ ചെയ്തത്?' എന്ന് ഞാൻ ചോദിച്ചു. സെക്യൂരിറ്റി വന്നു, പക്ഷേ ആ മാളിൽ സിസിടിവി ഉണ്ടായിരുന്നില്ല. പൊലീസിനെ വിളിച്ചു. പക്ഷേ പൊലീസുകാർ പോലും പറഞ്ഞത്, 'നീ ഒരു തല്ല് കൊടുത്തല്ലോ, ഇനി ഇത് വിട്ടേക്ക്' എന്നാണ്. അപ്പോഴാണ് ഈ നാട്ടിലെ നീതി എന്നാൽ എന്താണെന്ന് എനിക്ക് മനസ്സിലായത്. ഒടുവിൽ അയാൾ എന്റെ കാലിൽ വീണു പറഞ്ഞു, ‘എനിക്ക് ഇപ്പോൾ ഗൾഫിൽ ജോലി കിട്ടിയതാണ്, എന്റെ കല്യാണം നടക്കാൻ പോവുകയാണ്’ എന്നൊക്കെ.

ഒരു ലിഫ്റ്റിൽ പോലും സ്വന്തം കാമത്തെ നിയന്ത്രിക്കാൻ കഴിയാത്ത ആളാണ് ഈ പറയുന്നത്. ഞാൻ അയാളെ തല്ലിയപ്പോൾ എല്ലാവരും എന്നെ അഭിനന്ദിച്ചു. പക്ഷേ എനിക്കതൊരു വലിയ നേട്ടമായി തോന്നിയില്ല. സ്വയം സംരക്ഷിക്കേണ്ടി വരുന്നത് ഒരു വലിയ കാര്യമല്ല. സ്വന്തം സുരക്ഷയ്ക്കായി പോരാടേണ്ടി വരുമ്പോൾ ആരും എന്റെ തോളിൽ തട്ടി 'നീ കരുത്തുള്ളവളാണ്' എന്ന് പറയേണ്ടതില്ല. അതൊരു നല്ല അവസ്ഥയല്ല. പുരുഷന്മാരേ, നിങ്ങൾ ഒന്ന് കേൾക്കൂ, തോളും വിരിച്ച് ആത്മവിശ്വാസത്തോടെ നടക്കാൻ കഴിയുന്ന നിങ്ങൾക്ക് പെൺകുട്ടികളുടെ അവസ്ഥ മനസ്സിലാകില്ല." പാർവതി കൂട്ടിച്ചേർത്തു.

‘ഞങ്ങൾ എപ്പോഴും ഒതുങ്ങിക്കൂടിയാണ് ഇരിക്കുന്നത്’

"പുരുഷന്മാർ എപ്പോഴും തോളും വിരിച്ച് ആത്മവിശ്വാസത്തോടെയാണ് നടക്കുന്നത്. പക്ഷേ സ്ത്രീകൾ അങ്ങനെയല്ല, ഞങ്ങൾ എപ്പോഴും ഒതുങ്ങിക്കൂടിയാണ് ഇരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ നിൽക്കുമ്പോഴോ കുനിയുമ്പോഴോ ഒക്കെ സ്വന്തം വസ്ത്രവും ശരീരവും ശ്രദ്ധിച്ചുകൊണ്ടിരിക്കേണ്ട അവസ്ഥയാണ് സ്ത്രീകൾക്കുള്ളത്. പുരുഷന്മാർക്ക് തങ്ങളുടെ മാറിലെ രോമങ്ങൾ പുറത്തു കാണുന്നതിനെക്കുറിച്ച് ആകുലപ്പെടേണ്ടി വരാറില്ല, എന്നാൽ സ്ത്രീകൾ നടക്കുമ്പോൾ പോലും ശരീരഭാഗങ്ങൾ ശ്രദ്ധിക്കപ്പെടാതിരിക്കാൻ വസ്ത്രങ്ങൾ വലിച്ചു നേരെയാക്കിക്കൊണ്ടിരിക്കണം. സ്വന്തം ശരീരത്തെക്കുറിച്ചുള്ള തിരിച്ചറിവ് കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം തെറാപ്പിയാണ്. ദൈവത്തിന് നന്ദി, തെറാപ്പി എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. എനിക്ക് തെറാപ്പിയോട് വലിയ ഇഷ്ടമാണ്. പക്ഷേ, ഇപ്പോഴുള്ള എന്റെ തെറാപ്പിസ്റ്റിനെ കണ്ടെത്തുന്നതിന് മുമ്പ് എനിക്ക് ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മികച്ച ഒരു തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല." പാർവതി പറയുന്നു. ഹൗട്ടർഫ്ലൈക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

'ഡോണ്‍ ബാബുരാജ്' ആയി സന്തോഷ് പണ്ഡിറ്റ്; 'ശാർദൂല വിക്രീഡിതം' ട്രെയ്‍ലര്‍
നായകന്‍ ഉണ്ണി രാജ; 'പുഷ്‍പാംഗദന്‍റെ ഒന്നാം സ്വയംവരം' ട്രെയ്‍ലര്‍ എത്തി