
വയനാടിന്റെ സമകാലിക സാമൂഹികാവസ്ഥകള്‍ വിഷയമാക്കുന്ന 'പതിനൊന്നാം സ്ഥലം' എന്ന സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു. ഒരു ദിവസം വയനാട് ചുരത്തിലൂടെ പോകുന്ന ഒരു കാറിന്റെ മൂന്ന് യാത്രകളാണ് റോഡ്മൂവി ശൈലിയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ കഥാസന്ദര്‍ഭം. വയനാടിന്റെ പ്രകൃതിസൗന്ദര്യം ചൂഷണം ചെയ്യാനെത്തുന്ന ടൂറിസം നിക്ഷേപങ്ങള്‍ ഒരുവശത്ത് വ്യാപകമാകുമ്പോള്‍ മറുവശത്ത് വയനാട്ടിലെ ആദിവാസി ജനത തങ്ങളുടെ പരമ്പരാഗത ആവാസസ്ഥലങ്ങളില്‍ നിന്നു പിഴുതെറിയപ്പെട്ട് നിസ്സഹായരായി മാറുന്ന അവസ്ഥയെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. വയനാട്ടിലേക്കുള്ള കുടിയേറ്റങ്ങളും, ഭൂമിയുടെ മേലുള്ള അനധികൃത നിക്ഷേപങ്ങളും, ആദിവാസി ഭൂസമരങ്ങളും, തോട്ടം മേഖലയിലെ പ്രശ്‌നങ്ങളും സിനിമയില്‍ പ്രമേയമായി കടന്നുവരുന്നു.
ഒരു ദുഃഖവെള്ളി ദിവസം വയനാട് ചുരത്തില്‍ നടക്കുന്ന കുരിശിന്റെ വഴി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജെയിംസ് എന്ന കാര്‍ ഡ്രൈവര്‍ ആകസ്മികമായി മറ്റൊരു ദൗത്യം ഏറ്റെടുക്കുന്നതിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. കേരളീയം കളക്ടീവിന്റെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് നിര്‍മ്മിച്ച് രഞ്ജിത്ത് ചിറ്റാടെയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. കഥ: എസ് ശരത്, തിരക്കഥ/സംഭാഷണം: കെ.സജിമോന്‍, ഛായാഗ്രഹണം: നിജയ് ജയന്‍. ജിതിന്‍രാജ്, പി ടി മനോജ്, മംഗ്ലു ശ്രീധര്‍, ചന്ദ്രന്‍, പ്രശാന്ത്. കെ എന്‍. പ്രേംകുമാര്‍, സനല്‍ മാനന്തവാടി തുടങ്ങിയവരാണ് അഭിനേതാക്കള്‍.
പതിനൊന്നാം സ്ഥലത്തിന്റെ പ്രിവ്യൂ ഷോ ഓഗസ്റ്റ് 14 ന് രാവിലെ 9 മണിക്ക് തൃശ്ശൂര്‍ കൈരളി തിയ്യേറ്ററില്‍ വെച്ച് നടക്കും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ