പ്രണവ് മോഹന്‍ലാലിനെ 'കണ്ടുകിട്ടി'! ഹംപിയില്‍ നിന്ന് യുവാവിന്റെ സെല്‍ഫി

By Web TeamFirst Published Jan 31, 2019, 5:21 PM IST
Highlights

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രമായാണ് പ്രണവ് എത്തുന്നത്.
 

അതിപ്രശസ്തനായ അച്ഛന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് നല്‍കുന്ന വെള്ളിവെളിച്ചത്തില്‍ നിന്ന് എപ്പോഴും മാറിനടക്കുന്നയാളെന്നും നിരന്തര യാത്രികനെന്നുമൊക്കെയായിരുന്നു സിനിമയിലെത്തുന്നതിന് മുന്‍പേയുള്ള പ്രതിച്ഛായ. സിനിമയില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷവും പ്രണവിന്റെ ഈ ഇമേജ് തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ ആദ്യചിത്രം, ജീത്തു ജോസഫിന്റെ 'ആദി' തീയേറ്ററുകളില്‍ നിറഞ്ഞോടിയ ആദ്യവാരം പ്രണവിനെ പ്രൊമോഷനുകളിലൊന്നും കാണാനായില്ല. പിന്നീടറിഞ്ഞു അദ്ദേഹം ഹിമാലയത്തിലേക്ക് ബാക്ക്പാക്കും തൂക്കി പോയെന്ന്. ഇപ്പോഴിതാ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടെ'ന്ന രണ്ടാംചിത്രം തീയേറ്ററുകളിലെത്തിയതിന് ശേഷവും പ്രണവ് യാത്രയിലാണ്. എന്നാല്‍ ഇക്കുറി ഹിമാലയത്തിലേക്ക് അല്ലെന്ന് മാത്രം.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ റിലീസ്ദിനത്തില്‍ പോലും പ്രണവ് സ്ഥലത്തില്ലെന്നും മറിച്ച് യാത്രയിലാണെന്നും ഹംപിയിലേക്കാണ് ഇത്തവണ പോയിരിക്കുന്നതെന്നുമൊക്കെ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഹംപിയില്‍ നിന്നുള്ള പ്രണവിന്റെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ഫേസ്ബുക്കിലൂടെ ഒരു യുവാവ്. ഐരീഷ് കൃഷ്ണന്‍ എന്നയാളാണ് തങ്ങളുടെ ഹംപി ട്രിപ്പിനിടെ 'കണ്ടുകിട്ടിയ' യുവതാരത്തിനൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. പ്രണവിന്റെ ലാളിത്യമുള്ള വ്യക്തിത്വത്തെക്കുറിച്ചും ടാഗുകളിലൂടെ പറഞ്ഞിട്ടുണ്ട് ഐരീഷ്.

രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രമായാണ് പ്രണവ് എത്തുന്നത്. സയ ഡേവിഡ് എന്ന പുതുമുഖമാണ് നായിക. മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, അഭിരവ് ജയന്‍, ധര്‍മജന്‍, ബിജുക്കുട്ടന്‍, സിദ്ദിഖ്, ഇന്നസെന്റ്, ടിനി ടോം തുടങ്ങി വന്‍ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

click me!