
തൂത്തുക്കുടി പ്രക്ഷോഭകാരികളെ ഇകഴ്‍ത്തിയ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ മാപ്പ് പറഞ്ഞ് രജനീകാന്ത്. "ഇന്നലെ വിമാനത്താവളത്തില്‍ വച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ എന്‍റെ പ്രതികരണം പരുക്കനും ഭീഷണിയുടെ സ്വരവും അനാദരവുമുള്ളതായിരുന്നെന്ന് ചെന്നൈയിലെ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. ആരെയും വേദനിപ്പിക്കാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞുകൊള്ളട്ടെ. ആരുടെയെങ്കിലും വികാരത്തെ വൃണപ്പെടുത്തിയെങ്കില്‍ ക്ഷമ ചോദിക്കുന്നു", രജനി ട്വിറ്ററില്‍ കുറിച്ചു.
തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റിനെതിരെ പ്രക്ഷോഭം നടത്തിയവരെ വെടിവച്ച പൊലീസ് നടപടിയെ ന്യായീകരിച്ചായിരുന്നു രജനീകാന്തിന്‍റെ മുന്‍ പ്രസ്താവന. പൊലീസിന് നേര്‍ക്ക് ആക്രമണമുണ്ടായപ്പോഴാണ് അവര്‍ വെടിവച്ചതെന്നും സാമൂഹ്യദ്രോഹികളാണ് അക്രമം നടത്തിയതെന്നും രജനി പറഞ്ഞത് വന്‍ വിവാദമായിരുന്നു. തൂത്തുക്കുടി പൊലീസ് നടപടിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച് സഹായവാഗ്ദാനം നല്‍കിയ ശേഷമായിരുന്നു രജനിയുടെ പ്രതികരണം.
രജനിയുടെ അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന പാ.രഞ്ജിത്ത് ചിത്രത്തിലെ നായകന്‍ സംസാരിക്കുന്ന ദളിത്, അധ്വാനവര്‍ഗ്ഗ രാഷ്ട്രീയമൊക്കെ താരത്തിന് സിനിമയിലെ ഡയലോഗുകള്‍ മാത്രമാണെന്നും തിരശ്ശീലയ്ക്ക് പുറത്ത് ഭരണകൂടത്തിന് ഒപ്പം നില്‍ക്കുന്നയാളാണെന്നുമൊക്കെ വിമര്‍ശനങ്ങള്‍ നിരന്നു. ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്‍റ് എം.കെ.സ്റ്റാലിനാണ് രാഷ്ട്രീയരംഗത്തുനിന്നും രജനിക്കെതിരേ എതിര്‍പ്പുമായെത്തിയ ഒരാള്‍. സമരത്തിലൂടെ മാത്രമേ പല വിഷയങ്ങള്‍ക്കും പരിഹാരം കാണാനാവൂവെന്ന് സ്റ്റാലിന്‍ പറഞ്ഞു. വിവാദത്തെത്തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മുതല്‍ പൊയസ് ഗാര്‍ഡനിലെ രജനിയുടെ വീടിന് മുന്നില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ