ഹിന്ദുത്വതീവ്രവാദത്തിനെതിരെ രൂക്ഷവിമർശനവുമായി നടൻ കമൽഹാസൻ

By Web DeskFirst Published Nov 2, 2017, 4:12 PM IST
Highlights

ചെന്നൈ: ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് നടന്‍ കമല്‍ഹാസന്‍. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ് വാര്‍ത്താ വാരികയായ ആനന്ദ വികടനിലെ സ്ഥിരം പംക്തിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന് മറുപടിയായാണ് കമല്‍ ഹാസന്‍റെ പ്രതികരണം.

ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍കാലികം മാത്രമാണ്. മാത്രമല്ല ഇപ്പോള്‍ ആയുധം കൊണ്ടാണ് അവര്‍ മറുപടി പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.  രാജ്യത്തെ മുഴുവൻ കാവി പുതപ്പിയ്ക്കാമെന്ന സ്വപ്നം നടക്കാൻ പോകുന്നില്ലെന്നും ഇത് കുറച്ചുകാലം മാത്രം നിലനിൽക്കുന്ന പ്രതിഭാസമാണെന്നും കമൽ ഹാസൻ എഴുതുന്നു. പെരിയാറിന്‍റെ സാമൂഹ്യപരിവർത്തനത്തെക്കുറിച്ചും ബിജെപി തമിഴ്നാട്ടിലേയ്ക്ക് നുഴഞ്ഞുകയറാൻ ശ്രമിയ്ക്കുന്നതിനെക്കുറിച്ചുമായിരുന്നു പിണറായിയുടെ ചോദ്യങ്ങൾ.

സാമൂഹിക നീതി നിലനിര്‍ത്തുന്നതില്‍ തമിഴ്‌നാട് വീണ്ടും മാതൃക കാണിക്കുകയാണ്. ഇതിന് തമിഴ്‌നാടിന് വഴി കാണിച്ച കേരളത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു തീവ്രവാദികളെ ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ കേരളം വഴികാട്ടിയാണ്.

സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് പ്രചരിപ്പിക്കുന്നതെന്ന് മനസ്സിലാകുമെന്നും  ബിജെപിയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് കമല്‍ ഹാസന്‍ എഴുതി. 'സത്യമേവ ജയതേ' എന്ന ആദര്‍ശത്തില്‍ ഹിന്ദുക്കള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പകരം ആയുധം കൊണ്ടാണ് നേരിടുന്നതെന്നും കമല്‍ഹാസന്‍ പംക്തിയിലൂടെ അഭിപ്രായപ്പെട്ടു.

 

click me!