ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് 'സഞ്ജു'; രണ്‍ബീറിന്‍റെ ആദ്യ 200 കോടി ചിത്രം

By Web DeskFirst Published Jul 5, 2018, 4:15 PM IST
Highlights
  • ആദ്യ വാരത്തിലെ കളക്ഷന്‍

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടിയ ചിത്രമാണ് രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്ത സഞ്ജു. നടന്‍ സഞ്ജയ് ദത്തിന്‍റെ ജീവിതം തിരശ്ശീലയിലെത്തിച്ച ചിത്രം ആദ്യയാഴ്ച പിന്നിടാനൊരുങ്ങുമ്പോള്‍ ഏത് ബോളിവുഡ് നിര്‍മ്മാതാവിനെയും മോഹിപ്പിക്കുന്ന നേട്ടത്തിന് അരികിലാണ്. ആദ്യ ആഴ്ചയില്‍ത്തന്നെ 200 കോടി ക്ലബ്ബിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണ് ചിത്രം. 

ചിത്രത്തിന്‍റെ ദിവസം തിരിച്ചുള്ള, റിലീസ് ദിനം മുതലുള്ള കളക്ഷന്‍ ഇങ്ങനെ.. വെള്ളി- 34.75 കോടി, ശനി- 38.60 കോടി, ഞായര്‍- 46.71 കോടി, തിങ്കള്‍- 25.35 കോടി, ചൊവ്വ- 22.10 കോടി, ബുധന്‍- 18.90 കോടി. ഇതുവരെ ആകെ നേട്ടം 186.41 കോടി. ഇന്ത്യന്‍ സ്ക്രീനുകളില്‍ നിന്ന് മാത്രമുള്ള കളക്ഷനാണിത്. അപ്രതീക്ഷിതമായതൊന്നും സംഭവിച്ചില്ലെങ്കില്‍ ചിത്രം ഇന്ന് 200 കോടി ക്ലബ്ബില്‍ പ്രവേശിക്കും. അങ്ങനെയെങ്കില്‍ രണ്‍ബീറിന്‍റെ കരിയറിലെ ആദ്യ 200 കോടി ചിത്രമാവും സഞ്ജു. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയതാണിത്.

മുന്നാഭായ് എംബിബിഎസ് മുതല്‍ പികെ വരെ ചെയ്‍ത നാല് സിനിമകളും സൂപ്പര്‍ ഹിറ്റുകളാക്കിയ സംവിധായകനാണ് രാജ്‍കുമാര്‍ ഹിറാനി. സഞ്ജുവും ആ ഗണത്തിലേക്ക് എത്തുമെന്ന കാര്യത്തില്‍ ട്രേഡ് അനലിസ്റ്റുകള്‍ക്കൊന്നും തര്‍ക്കമില്ല. ഹിറാനിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ പികെയെ കളക്ഷനില്‍ സഞ്ജു മറികടക്കുമോ എന്നതും ബോളിവുഡ് ഉറ്റുനോക്കുന്ന കാര്യമാണ്.

click me!