'കരിന്തണ്ടന്‍' എന്തുകൊണ്ട് ചരിത്രമാകും? സംവിധായിക ലീല പറയുന്നു

By റിനി രവീന്ദ്രന്‍First Published Jul 5, 2018, 4:00 PM IST
Highlights
  • "നമുക്കിടയില്‍ നിന്ന് ഇതുവരെ ആരും സ്വന്തം കഥ പറഞ്ഞിട്ടില്ല. അത് പറയണമെന്ന് ആഗ്രഹം തോന്നി. അതാണ് ഈ സിനിമ.."

വിനായകന്‍ പ്രധാനവേഷത്തിലെത്തുന്ന കരിന്തണ്ടന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രാജീവ് രവിയും മധു നീലകണ്ഠനും ബി.അജിത്കുമാറുമൊക്കെ ഉള്‍പ്പെടുന്ന നിര്‍മ്മാണക്കമ്പനി 'കളക്ടീവ് ഫേസ് വണ്‍' ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റര്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു. പ്രണയവും പ്രതിരോധവും പ്രതികാരവുമെല്ലാം അടങ്ങുന്ന സിനിമയില്‍ കരിന്തണ്ടനായാണ് വിനായകന്‍ സ്ക്രീനിലെത്തുന്നത്. കരിന്തണ്ടന്‍ മലയാള സിനിമയിലെ കരുത്തുറ്റ കഥാപാത്രമാകും. യാതൊരു സംശയവുമില്ല. അതിനുമപ്പുറം ഒരു ചരിത്ര ദൗത്യം കൂടിയുണ്ട് ഈ സിനിമയ്ക്ക്. 

സിനിമയുടെ തിരക്കഥാകൃത്തും സംവിധായികയുമായ ലീല സന്തോഷ് തന്നെയാണ് അത് പറയാന്‍ ഏറ്റവും അര്‍ഹയായ ആള്‍, ''കുറേ കാലങ്ങളായി പുറത്തുള്ളവരാണ് ആദിവാസി സമുദായത്തെ കുറിച്ച് പറയുന്നത്. ഞങ്ങള്‍ക്കിടയില്‍ നിന്ന് ഇതുവരെ ആരും സ്വന്തം കഥ പറഞ്ഞിട്ടില്ല. അത് പറയണമെന്ന് ആഗ്രഹം തോന്നി. അതാണ് ഈ സിനിമ.'' അവനവന്‍റെ ജീവിതം, അവരുടെ വേരുകള്‍ അവരോളം ആര് പറയുമെന്ന ലീലയുടെ ചോദ്യം പുതിയ കാലം നേരിടുന്ന 'ഏറ്റെടുക്കല്‍ രാഷ്ട്രീയ'ത്തിനുള്ള മറുപടി കൂടിയാണ്.

വയനാട്ടിലേക്ക് ചുരം കയറിയവരൊക്കെ കരിന്തണ്ടന്‍റെ കഥ കേട്ടുകാണും. പക്ഷെ, ലീലയ്ക് അത് കേട്ടുമറക്കാനുള്ള കഥയായിരുന്നില്ല. അവളത് ഓര്‍ത്തുവച്ചു. ''കരിന്തണ്ടന്‍റെ കഥ നേരത്തേ മനസ്സിലുണ്ട്. മനസ്സിലങ്ങനെ നിറഞ്ഞപ്പോള്‍ സ്ക്രിപ്റ്റ് എഴുതി. രാജീവ് രവി സാറിനോട് സംസാരിച്ചു. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. മുന്നോട്ട് പോകാമെന്നും പറഞ്ഞു. പിന്നീടാണ് വിനായകനെ കാണുന്നത്. വിനായകന്‍ തന്നെയാണ് ആ വേഷത്തിന് ചേരുക എന്ന് എനിക്ക് തോന്നിയിരുന്നു. അദ്ദേഹം സമ്മതിച്ചു. ചെയ്യാമെന്ന് പറഞ്ഞു. ''

സിനിമയുടെ ഷൂട്ട് ഡിസംബറില്‍ തുടങ്ങും. ''എന്‍റെയൊരു സ്വപ്നമാണിത്. ഒരു കാലഘട്ടത്തിലെ പുറം ലോകമറിയാത്ത കഥകളാണത്. പലരും പലരീതിയിലാണ് കരിന്തണ്ടന്‍റെ കഥകളെ വ്യാഖ്യാനിച്ചിട്ടുള്ളത്. പണിയ സമുദായത്തില്‍ പെട്ട ആദിവാസി മൂപ്പനാണ് എന്‍റെ കരിന്തണ്ടന്‍. ഞങ്ങളുടെ മൂപ്പന്‍. ലെജന്‍ഡറി ലെവലിലാണ് ഈ സിനിമ മുന്നോട്ട് പോവുക. കരിന്തണ്ടന്‍റെ കഥയിലൂടെ, ഒരു കാലഘട്ടത്തെ വരച്ചു ചേര്‍ക്കലാണത്. '' ലീല പറയുന്നു. 

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെഴുതിയത് പണിയ ഭാഷയിലാണ്, ' ബ്രിട്ടീഷുകാര് വയനാട്ടിലിക്കു വന്ത കാലത്തു അവരക്കു മലെമ്പെകേറുവുള എളുപ്പ വയി കാട്ടി കൊടുത്ത കരിന്തണ്ടന വഞ്ചകതൈ' എന്നാണത്. അതായത് ബ്രിട്ടീഷുകാര്‍ക്ക് വയനാട്ടിലേക്ക് എളുപ്പവഴി കാണിച്ചു കൊടുത്ത കരിന്തണ്ടന് നേരെയുണ്ടായ വഞ്ചനയുടെ കഥ എന്നുതന്നെ.

പണിയ സമുദായത്തില്‍ പെടുന്ന ലീല, ആദിവാസി സമുദായത്തില്‍ നിന്നുള്ള ആദ്യ സംവിധായിക കൂടിയാണ്. ആ ചരിത്രദൗത്യം ലീല ഏറ്റെടുത്തതാണ്. അതിനുമപ്പുറം, എല്ലാ സംവിധായികമാരിലും ഒരാളായി തന്നെ അറിയപ്പെടണമെന്നാണ് തനിക്കാഗ്രഹം എന്ന് ലീല പറയുന്നു. 'നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി' ആണ് ലീലയുടെ ആദ്യത്തെ ഹ്രസ്വചിത്രം. പണിയസമുദായത്തിന് നഷ്ടപ്പെടുന്ന ആചാരങ്ങളെ കുറിച്ചും അവര്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുമാണ് ഹ്രസ്വചിത്രം പറയുന്നത്. എന്നാല്‍, പ്രൊഡക്ഷനായി പണമിറക്കാനൊന്നും ആരുമില്ലാത്തതിനാല്‍ അത് കരുതിയിരുന്നത്ര മികച്ചതായിരുന്നില്ലെന്ന് ലീല പറയുന്നുണ്ട്.

കെ.ജെ ബേബിയുടെ 'കനവി'ലൂടെയാണ് ലീല സിനിമയുടെ സാങ്കേതിക വിദ്യകള്‍ പഠിക്കുന്നത്. കെ.ജെ ബേബി സംവിധാനം ചെയ്ത 'ഗുഡ'യില്‍ ലീല സന്തോഷ് സഹസംവിധായികയായും പ്രവര്‍ത്തിച്ചു.  ''കനിവിലെ പാഠ്യവിഷയമായിരുന്നു സിനിമ, ക്ലാസിക്കലായിട്ടുള്ള സിനിമകളെ കുറിച്ചും അല്ലാത്ത സിനിമകളെ കുറിച്ചും പഠിച്ചിട്ടുണ്ട്. അന്നേ സിനിമ മനസിലുണ്ട്. കുറേ വര്‍ക്ക് ഷോപ്പുകളിലൊക്കെ പങ്കെടുത്തു. പിന്നീടാണ് ഡോക്യുമെന്‍ററി ചെയ്തത്. അങ്ങനെ അനുഭവത്തിലൂടെയും പഠിച്ചു.'' ലീല പറയുന്നു. മലയാള സംവിധായകരംഗത്തേക്ക് ലീല ചുവടുകള്‍ വച്ച് കഴിഞ്ഞു. ഇനിയതുറപ്പിച്ചാല്‍ മതിയാകും. 

''എന്‍റെ കരിന്തണ്ടന്‍ ചരിത്രം സൃഷ്ടിക്കുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം'' എന്ന് ലീല ഉറച്ച ശബ്ദത്തില്‍ പറയുമ്പോള്‍ കുറച്ചുകാലങ്ങളായി മലയാള സിനിമയ്ക്കകത്തും പുറത്തും നടക്കുന്ന മാറ്റങ്ങളോട് ചേര്‍ത്തു വായിക്കാമത്.

click me!