പുതിയ ചിത്രത്തിൻ്റെ ഷൂട്ട് വിലക്കി നിർമ്മാതാക്കളുടെ സംഘടന: വിശദീകരണവുമായി ഫഹദ്

By Web TeamFirst Published Jun 20, 2020, 5:24 PM IST
Highlights

നിർമ്മാതക്കളുടെ എതിർപ്പുണ്ടെങ്കിലും നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് സംവിധായകൻ മഹേഷ് നാരായണന്‍റെ തീരുമാനം. 

കൊച്ചി: പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ നിർദേശം മറികടന്ന് മഹേഷ് നാരായണൻ  ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിൽ ഉടൻ തുടങ്ങും. ഫഹദ് ഫാസിലാണ് സി യൂ സൂൺ എന്ന്  പേരിട്ടിരിക്കുന്ന ചിത്രത്തിലെ നായകൻ. എന്നാൽ ചിത്രീകരണവുമായി മുന്നോട്ടുപോയാൽ നടപടിയുണ്ടാകുമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ മുന്നറിയിപ്പ്. 

പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനെതിരെ അമ്മ, ഫെഫ്ക സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് അയച്ചു. നിലവിലുള്ളവ തീര്‍ക്കാതെ പുതിയ സിനിമകള്‍ തുടങ്ങരുതെന്ന നിര്‍ദ്ദേശം അട്ടിമറിക്കപ്പെട്ടത് ശരിയായില്ലെന്ന് കത്തിൽ പറയുന്നു. അതേസമയം ഇപ്പോൾ ചിത്രീകരണം ആരംഭിക്കാൻ ഉദ്ദേശിക്കുന്നത് ഒരു സിനിമയല്ലെന്നും ഡോക്യൂമെൻ്ററി വിഭാഗത്തിലുള്ള വീഡിയോ ആണെന്നും നടൻ ഫഹദ് ഫാസിൽ വ്യക്തമാക്കി. നിർമ്മാതാക്കൾക്ക് അയച്ച കത്തിലാണ് ഫഹദ് ഇക്കാര്യം വിശദീകരിക്കുന്നത്. ഒരു മണിക്കൂർ മാത്രം ദൈർഘ്യമുള്ള വീഡിയോ ചിത്രമാണിതെന്നും കത്തിൽ ഫഹദ് പറയുന്നു.

അതേസമയം നിർമ്മാതക്കളുടെ എതിർപ്പുണ്ടെങ്കിലും നേരത്തെ പ്രഖ്യാപിച്ച പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് സംവിധായകൻ മഹേഷ് നാരായണന്‍റെ തീരുമാനം. സീ യൂ സൂൺ ഒരു വാണിജ്യ ചിത്രമല്ലെന്നും പരീക്ഷണ ചിത്രമായതിനാൽ വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രീകരണം പൂർത്തിയാക്കാനാവുമെന്നുമാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. 

എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നിർമ്മാതാക്കളുടെ സംഘടന ഉയർത്തുന്നത്. ലോക്ഡൗണിനിടെ പാതി മുടങ്ങിപ്പോയ ഏതാനും ചിത്രങ്ങളുടെ ഇൻഡോർ ഷൂട്ടിംഗ് മാത്രമാണ് ഇതുവരെ തുടങ്ങിയത്. പുതിയ സിനിമകളുടെ ചിത്രീകരണം ഉടൻ വേണ്ടെന്നായിരുന്നു സിനിമാസംഘടനകളുടെ കൂട്ടായ തീരുമാനം. 

ഈ സാഹചര്യത്തിൽ പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയാൽ അണിയറ പ്രവർത്തകർക്കെതിരെ നടപടിയുണ്ടാകുമെന്ന്  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. തിയേറ്റർ റിലീസിനെ അടക്കം ബാധിക്കുമെന്നും നിർമ്മാതാക്കളുടെ സംഘടന മുന്നറിയിപ്പ് നൽകുന്നു. എന്നാൽ തർക്കം നിലനിൽക്കുന്ന ഒടിടി റിലീസാണ് സി യൂ സൂണിന്‍റെ അണിയറപ്രവർത്തകർ മുന്നിൽ കാണുന്നതെന്നാണ് വിവരം. എന്തായാലും ഫഹദ് ഫാസിലിൻ്റെ വിശദീകരണത്തിൽ നിർമ്മാതാക്കളുടെ സംഘടന സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചാവും ഈ വിവാദത്തിൻ്റെ തുടർഗതി. 
 

click me!