സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം

By Web DeskFirst Published Sep 23, 2017, 7:28 AM IST
Highlights

എണ്‍പതുകളില്‍ യുവത്വത്തിന്‍റെ ഹരമായിരുന്ന സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് ഇന്ന് ഇരുപത്തിയൊന്ന് വര്‍ഷം.  വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലായി, നാനൂറ്റന്‍പതോളം ചിത്രങ്ങളില്‍  വേഷമിട്ട സ്മിത അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് മുപ്പത്തിയാറാം വയസ്സില്‍ വിടവാങ്ങിയത്.

അകാലത്തില്‍ മരിക്കും വരെ മാദകത്വത്തിന്‍റെ പേരില്‍ മാത്രം അളക്കപ്പെടുകയും തുടര്‍ന്നിങ്ങോട്ട്  പ്രതിഭ വിലയിരുത്തപ്പെടുകയും ചെയ്യുക. അതായിരുന്നു സില്‍ക് സ്മിത. വിജയലക്ഷ്മി എന്ന പേരുപേക്ഷിച്ച് തന്നെ താനാക്കിയ കഥാപാത്രത്തിന്‍റെ പേര് സ്വന്തം മേല്‍വിലാസത്തോട് തുന്നിച്ചേര്‍ത്തിയ സ്മിതയെ സിനിമ ഒരിക്കലും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ല. ഇതിനിടയിലും ഇടക്കെപ്പോഴെങ്കിലും വീണുകിട്ടിയിരുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ സ്മിതയിലെ അഭിനേത്രിയെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.

1980ല്‍ വിനു ചക്രവര്‍ത്തി ബാര്‍ നര്‍ത്തകി എന്ന നിലയില്‍ വണ്ടിചക്രത്തിലൂടെ അവതരിപ്പിച്ച സ്മിതയെ കരിയറില്‍ ഉടനീളം തേടിയെത്തിയത് അത്തരം വേഷങ്ങള്‍ തന്നെയായിരുന്നു. ഒരേ തരം കഥാപാത്രങ്ങളിലൂടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്പോഴും വെറും ഒരു മാദക നടി എന്ന നിലയില്‍ ഒതുങ്ങാന്‍ അവര്‍ തയ്യാറല്ലായിരുന്നു. അതുകൊണ്ടാണ് സമകാലീനരായ മറ്റ് എക്സ്ട്രാ നടിമാരില്‍ നിന്നും ഏറെ മുന്നേറാന്‍ സ്മിതക്ക് കഴിഞ്ഞത്.

പേരും പ്രശസ്തിയും നല്‍കിയ സിനിമ അവര്‍ക്ക് ഏറെ സങ്കടങ്ങളും നല്‍കിയിരുന്നു. അത് പക്ഷേ ആരോടും അവര്‍ തുറന്നു പറഞ്ഞില്ല. വിഷമ ഘട്ടങ്ങളില്‍ സിനിമ അവര്‍ക്ക് കൂട്ടായതുമില്ല. ഇതൊന്നുമറിയാതെ അല്ലെങ്കില്‍ അറിയില്ലെന്ന് ഭാവിച്ച് ഒരു തലമുറ അവരുടെ മാദകത്വം മാത്രം ആസ്വദിക്കുകയും ചെയ്തു.
 

click me!