മുൻ നാത്തൂനായ ആര്യയുമായുള്ള സൗഹൃദം വിവാഹമോചനത്തിന് ശേഷവും ശക്തമായി തുടരുന്നുവെന്ന് നടി അർച്ചന സുശീലൻ. തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും പരസ്പരം താങ്ങായി നിൽക്കാറുണ്ടെന്നും അവർ പറഞ്ഞു.

വില്ലത്തരത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അര്‍ച്ചന സുശീലന്‍. മാനസപുത്രിയിലെ ശ്രീകല മാത്രമല്ല അര്‍ച്ചനയും ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഫിയയെ എപ്പോഴും ഉപദ്രവിച്ചിരുന്ന ഗ്ലോറിയ ജീവിതത്തിലും വില്ലത്തിയാണെന്ന് ധരിച്ചവര്‍ വരെയുണ്ടായിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാനെത്തിയതോടെയായിരുന്നു താരത്തിന്റെ ഇമേജ് മാറിമറിഞ്ഞത്. പരിപാടിയില്‍ ഇടയ്ക്ക് വെച്ച് താരം പിന്‍വാങ്ങുകയും ചെയ്തിരുന്നു. നടിയും അവതാരകയുമായ ആര്യ ബഡായിയുടെ മുൻ ഭർത്താവ് ആയിരുന്ന രോഹിത്തിന്റെ സഹോദരി കൂടിയാണ് അർച്ചന സുശീലൻ. പുതിയൊരഭിമുഖത്തിൽ അർച്ചന ആര്യയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്.

'‌'എന്റെ മുൻ നാത്തൂൻ ആണ് ആര്യ. വിവാഹമോചനത്തിന് ശേഷവും ആര്യയും ഞാനും തമ്മിലുള്ള ബന്ധത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. ആര്യയെ അന്നും ഇന്നും എനിക്ക് ഒരുപോലെ ഇഷ്‌ടമാണ്. ഞാനോ ആര്യയോ കാരണമല്ലല്ലോ ഒന്നും സംഭവിച്ചത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അന്നും ഇന്നും എനിക്ക് സംസാരിക്കാൻ വളരെ കംഫർട്ടബിളായിട്ടുള്ള ഒരാളാണ് ആര്യ. അവളൊരു നല്ല വ്യക്തിയാണ്. ജീവിതത്തിലെ ഓരോ സാഹചര്യങ്ങൾ അനുസരിച്ച് തീരുമാനങ്ങൾ മാറും. പക്ഷേ, ഒരാളുടെ സ്വഭാവം മാറില്ലല്ലോ. അവളുടെ സ്വഭാവം എനിക്കിഷ്‌ടമാണ്. അതൊരിക്കലും മാറില്ല. എല്ലാം പഴയതുപോലെയാണ്. ഉയർച്ചയിലും താഴ്ചയിലും പരസ്പരം താങ്ങായി നിൽക്കാറുണ്ട്. ഞാൻ എങ്ങനെയാണോ ആര്യയെ കണ്ടിരുന്നത്, അതിൽ ഇതുവരേയും ഒരു മാറ്റം വന്നിട്ടില്ല. എന്റെ സുഹൃത്തിന് ഞാൻ കൊടുക്കുന്ന വാല്യുവാണത്'', അർച്ചന അഭിമുഖത്തിൽ പറഞ്ഞു.

വ്യക്തിജീവിതത്തെക്കുറിച്ചും അർച്ചന അഭിമുഖത്തിൽ സംസാരിച്ചു. ''ഞാൻ ഫീൽഡ് വിട്ടിട്ട് ഏകദേശം അഞ്ച് വർഷമായി. യുഎസിൽ സെറ്റിൽഡായി. വിവാഹം കഴിഞ്ഞു. ഒരു മകനുണ്ട്. എന്നെ ഫോളോ ചെയ്യുന്നവർക്ക് അറിയാം'', എന്നും അർച്ചന കൂട്ടിച്ചേർത്തു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming