'ഞാൻ എന്റെ മോളെ അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന സമയത്താണ് എന്റെ ഭർത്താവ് എന്നെ റേപ്പ് ചെയ്‍തത്.'

സമൂഹമാധ്യമങ്ങളിലൂടെ നിരവധിപ്പേർക്ക് പരിചിതയാണ് ശ്രീദേവി ഗോപിനാഥ് എന്ന 'വൈബര്‍ ഗുഡ് ദേവു'. ബിഗ് ബോസ് ഷോയില്‍ മത്സരിക്കാന്‍ എത്തിയതോടെ താരം കൂടുതല്‍ പ്രശസ്തയായി. ബസില്‍ ലൈംഗിക അതിക്രമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് ദീപക്ക് എന്ന യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീദേവി ഇപ്പോൾ. ഷിംജിതയുടെ പ്രവൃത്തി ന്യായീകരണം അർഹിക്കുന്നതല്ല, പക്ഷേ, ഷിംജിതയുടെ പേരിൽ സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന പ്രവണത ശരിയല്ലെന്നും പക്ഷേ താരം പറയുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

''ആ സ്ത്രീ അങ്ങനൊരു വൃത്തികേട് കാണിച്ചതിൽ ഒരു ന്യായീകരണവും പറയാനില്ല. ഞാനും ഈ വിഷയത്തെ പറ്റി സംസാരിച്ചിരുന്നു. പരമാവധി ശിക്ഷ ആ കുട്ടിക്ക് കിട്ടണം എന്നുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന തരത്തിലുള്ള സംസാരങ്ങൾ കണ്ടു. സ്ത്രീകൾക്ക് മാത്രമായി ഒരു ബസ്, പുരുഷന്മാർക്ക് മാത്രമായി ഒരു ബസ്, ആണുങ്ങൾ കമ്പിവേലി കെട്ടിയിട്ട് നടക്കുക എന്നൊക്കെയുള്ള തരത്തിൽ കണ്ടു. എല്ലാ പുരുഷന്മാരും പ്രശ്നക്കാരല്ല, അതുപോലെ എല്ലാ സ്ത്രീകളും പ്രശ്നക്കാരല്ല.

ദീപക്കിന്റെ മരണത്തെ ചെറുതായി കാണുകയല്ല. ഇതൊന്നും ഇനി ആവർത്തിക്കപ്പെടുകയും അരുത്. പക്ഷേ, അച്ഛൻ കാരണവും രണ്ടാനച്ഛൻ കാരണവും ചെറിയച്ഛൻ കാരണവും അമ്മാവൻ കാരണവും സുഹൃത്തുക്കൾ കാരണവും ട്യൂഷൻ പഠിപ്പിക്കുന്ന സാറ് കാരണവും അടക്കം പലവിധ അവസ്ഥകളിലൂടെ കടന്ന് പോകേണ്ടി വന്നിട്ടുള്ള സ്ത്രീകളും കുട്ടികളുമുണ്ട്. ചെറിയ കുട്ടികളെപ്പോലും വിടാത്ത വൃത്തികെട്ട ഞരമ്പന്മാർ ഈ ലോകത്തുണ്ട്. ഞാൻ എന്റെ മോളെ അ‍ഞ്ച് മാസം ഗർഭിണിയായിരുന്ന സമയത്താണ് എന്റെ ഭർത്താവ് എന്നെ റേപ്പ് ചെയ്തത്. ചിന്തിച്ചശേഷം മാത്രം സംസാരിക്കുക. സ്ത്രീകളെ ജനറലൈസ് ചെയ്ത് സംസാരിക്കുന്നത് കാണുമ്പോൾ ബുദ്ധിമുട്ടുണ്ട്'',

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക