ജീവിതം തന്ന ഫാത്തിമ...!

By Prashobh PrasannanFirst Published Jan 7, 2019, 5:49 PM IST
Highlights

അവളെ ഫാത്തിമാ എന്നു പേരിട്ടു വിളിക്കാനാണ് അപ്പോള്‍ അവന് തോന്നിയത്. ഷര്‍ട്ട് പൊതിയുന്ന കാര്‍ബോര്‍ഡിനു പിറകിലെഴുതിയ ആ ഒരൊറ്റ വിളിയില്‍ പുതിയൊരു ജീവിതമായിരുന്നു അവള്‍ ആ സെയില്‍സ്‍മാന് നല്‍കിയത്. നൂറുകണക്കിന് ഈണങ്ങളുണ്ടാക്കിപ്പാടിയ ഉപ്പയ്ക്ക് ലഭിക്കാതെ പോയ പ്രശസ്‍തി 'ഫാത്വിമ'യിലൂടെ മകനെ തേടിയെത്തി. പാട്ടുകഥകളുമായി പ്രശോഭ് പ്രസന്നന്‍

ചുമട്ടുകാരനായ ഉപ്പയുണ്ടാക്കിയ ഈണത്തിനൊപ്പിച്ച്, റെഡിമെയ്‍ഡ് തുണിക്കടയുടെ മൂലയിലിരുന്ന് സെയില്‍സ്‍മാനായ ആ ചെറുപ്പക്കാരന്‍ ഇങ്ങനെ എഴുതി: 'നെഞ്ചിനുള്ളില്‍ നീയാണ്, കണ്ണിന്‍ മുന്നില്‍ നീയാണ്, കണ്ണടച്ചാല്‍ നീയാണ്..' ആരാണവളെന്ന് തെളിച്ചുപറയാന്‍ അവന്‍റെ നെഞ്ചുവിങ്ങുന്നുണ്ടായിരുന്നു. പക്ഷേ അവളെ ഫാത്തിമാ എന്നു പേരിട്ടു വിളിക്കാനാണ് അപ്പോള്‍ തോന്നിയത്. ഷര്‍ട്ട് പൊതിയുന്ന കാര്‍ബോര്‍ഡിനു പിറകിലെഴുതിയ ആ ഒരൊറ്റ വിളിയില്‍ പുതിയൊരു ജീവിതമായിരുന്നു അവള്‍ ആ സെയില്‍സ്‍മാന് നല്‍കിയത്. നൂറുകണക്കിന് ഈണങ്ങളുണ്ടാക്കിപ്പാടിയ ഉപ്പയ്ക്ക് ലഭിക്കാതെ പോയ പ്രശസ്‍തി 'ഫാത്വിമ'യിലൂടെ മകനെ തേടിയെത്തി. ഒരൊറ്റ പാട്ടിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ വടകരക്കാരന്‍ താജുദ്ദീന്‍റെ ജീവിത കഥയാണിത്. 

ഫാത്തിമയും താജുദ്ദീന്‍ വടകരയും മലയാളികളുടെ ഖല്‍ബില്‍ ചേക്കേറിയിട്ട് വര്‍ഷം പതിനഞ്ചാകുന്നു. മാപ്പിളപ്പാട്ടിലും ആല്‍ബം എന്ന ന്യൂജന്‍ ഗാന സങ്കേതത്തിലും വിപ്ലവത്തിനു വഴിമരുന്നിട്ടാണ് 2004 ഡിസംബര്‍ 23നു 'ഖല്‍ബാണ് ഫാത്വിമ'പുറത്തിറങ്ങുന്നത്. യൂട്യൂബും സോഷ്യല്‍മീഡിയയും ഒന്നുമില്ലാത്തൊരു കാലത്താണ് ആദ്യം ഓഡിയോ മാത്രമായും പിന്നെ വീഡിയോ ദൃശ്യങ്ങളുടെ അകമ്പടിയോടെയുമെത്തിയ ഫാത്തിമയെ ജനം നെഞ്ചിലേറ്റുന്നത്. സാധാരണക്കാരനു പോലും അനായാസേന മൂളാവുന്ന ഈണങ്ങളും ബോളീവുഡിലെ നദീം ശ്രാവണ്‍ കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഓര്‍ക്കസട്രേഷനിലെ താളാത്മകതയുമൊക്കെയാവണം ആ പാട്ടുകളെ ഹിറ്റാക്കിയത്. ബസുകളിലും ഓട്ടോകളിലും കല്യാണ വീടുകളിലും പൊതുപരിപാടികളിലുമൊക്കെ ഫാത്തിമാ എന്ന വിളി പതിവായ കാലം. 

ഫാത്തിമയ്ക്ക് പിന്നാലെ കേരളക്കരയില്‍ മാപ്പിള/ ആല്‍ബം ഗാനങ്ങളുടെ കുത്തൊഴുക്കായിരുന്നു. തുടര്‍ച്ചയായി ആറേഴു വർഷക്കാലം ഇരുപതോ അതിലേറെയോ ആല്‍ബങ്ങള്‍ ഒരോമാസവും വിപണിയിലേക്കൊഴുകിയെത്തി. ഫാത്തിമയ്ക്കെതിരെ വിമര്‍ശനങ്ങളും എതിര്‍സ്വരങ്ങളും ഒരുപാടുയര്‍ന്നു. മഴയില്‍ മുളച്ച കൂണുകളെപ്പോലെ പിന്നാലെ വന്നവയൊക്കെ മാഞ്ഞുപോയി, ഓര്‍മ്മകളില്‍ പോലും ആരും മൂളാതെയായി. പക്ഷേ ഒന്നരപതിറ്റാണ്ടിനു ശേഷവും ഫാത്തിമ മാത്രം ആസ്വാദകരുടെ നെഞ്ചിനുള്ളില്‍ തങ്ങിനില്‍ക്കുന്നു. ഫാത്തിമയെ തേടി യൂട്യൂബിലും മറ്റുമെത്തുന്ന ആയിരങ്ങള്‍ തന്നെ അതിനു തെളിവ്. ശാസ്‍ത്രീയമായി സംഗീതം അഭ്യസിക്കാത്ത, സാഹിത്യകാരനല്ലാത്ത ഒരു പാട്ടുകാരനും അയാള്‍ എഴുതിപ്പാടിയ പാട്ടും ഒരു ജനതയെ ഇത്രയേറെ സ്വാധീനിക്കുന്നത് എന്തു കൊണ്ടായിരിക്കും? അവരുടേതിന് സമാനമായ ജീവിതാനുഭവങ്ങളും കഥകളുമൊക്കെ അയാള്‍ക്കും ആ പാട്ടിനും ഉള്ളതു കൊണ്ടു തന്നെയാവണം. 

പാട്ടു തുളുമ്പുന്ന തീരദേശം
"ഒരു കാലത്ത് കൊച്ചുകുട്ടികള്‍ പോലും മെഹദി ഹസന്‍റെയും മറ്റും പാട്ടുകള്‍ പാടി നടന്നിരുന്ന നാടാണ് എന്‍റെ തായലങ്ങാടി.. "ജന്മദേശത്തെപ്പറ്റി ഒറ്റവാക്കില്‍ താജുദ്ദീന്‍ ഇങ്ങനെ പറയും. കോഴിക്കോട് വടകരയ്ക്കടുത്ത ഈ തീരദേശം ബാബുരാജിന്‍റെയൊക്കെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഇടമാണ്. മണല്‍ത്തരികളില്‍ പോലും പാട്ടുറങ്ങുന്ന ദേശം. ചുമടെടുക്കുന്നതിന്‍റെ വ്യഥകളകറ്റാന്‍ പാട്ടുകളുണ്ടാക്കിപ്പാടിയ എം കുഞ്ഞിമൂസയുടെയും നബീസുവിന്‍റെയും എട്ടുമക്കളില്‍ ഏഴാമനായിരുന്നു താജുദ്ദീന്‍.  ഉമ്മയും ഉപ്പയുടെ ഉമ്മയുമൊക്കെ പാടുമായിരുന്നു. എന്നാല്‍ ബാല്യകാല സ്മരണകള്‍ അധികവും തന്‍റെ പാട്ടുകളെപ്പോലെ തന്നെ നൊമ്പരം പുരണ്ടവയാണെന്ന് താജുദ്ദീന്‍ പറയും. പതിനഞ്ച് വയസുവരെ സ്വന്തമായിട്ടൊരു വീടില്ലായിരുന്നു. ഭാരം വലിച്ചും പാട്ടുപാടിയും പ്രവാസിയായുമൊക്കെ ജീവിതത്തില്‍ വിവിധ വേഷങ്ങള്‍ കെട്ടിയ ഉപ്പ. ഇല്ലായ്‍മകള്‍ക്കിടയില്‍ മറ്റൊരു വീട്ടിലേക്ക് പറിച്ചുനടപ്പെട്ടതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം ചെലവഴിക്കാനും ഉപ്പയുടെ മധുരഗാനങ്ങള്‍ കേള്‍ക്കാനുമുള്ള ഭാഗ്യം ബാല്യത്തില്‍ താജുവിന് അധികമുണ്ടായിരുന്നില്ല. 

ഉള്ളില്‍ പാട്ടുവിതച്ച ഷാഫി മാഷ്
വടകരയ്ക്കടുത്തു തന്നെയുള്ള വീരഞ്ചേരിയിലെ മൂത്ത സഹോദരിയുടെ വീട്ടിലായിരുന്നു കുട്ടിക്കാലം.  അവിടെ ചോറോട് അറക്കിലാട് ജെബി എല്‍പി സ്‍കൂളിലായിരുന്നു പഠനം. നാലാം ക്ലാസില്‍ ഷാഫി മാഷ് പഠിപ്പിച്ച ഒരു പദ്യമാണ് പാട്ടു പാടുന്നതിന്‍റെ തീവ്രത തന്നിലുണര്‍ത്തിയതെന്ന്  താജുദ്ദീന്‍ പറയുന്നു. "തീയില്‍ വെന്തുരുകുന്ന പക്ഷികളെക്കുറിച്ചുള്ള പദ്യമായിരുന്നു അത്. ശോകം തുളുമ്പുന്ന ആ പദ്യം മാഷ് ചൊല്ലുമ്പോള്‍ ആ സംഭവം നേരില്‍ക്കാണുന്ന പ്രതീതിയായിരുന്നു. ഇന്നുമത് കണ്ണിന്‍റെ മുന്നിലുണ്ട്..! അന്ന് മാഷ് പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.. പക്ഷേ എങ്ങനെയാണ് ഒരു പാട്ട് പാടേണ്ടതെന്ന് മനസ് അറിയാതെ അന്നു തിരിച്ചറിഞ്ഞിരിക്കും.. ഷാഫി മാഷിന്‍റെ ആ പദ്യമാണ് എന്നെ പാട്ടുകാരനാക്കിയതെന്നാണ് ഇന്ന് ഞാന്‍ കരുതുന്നത്.."

കൗമാരത്തിലേക്ക് കാലുവച്ചതോടെ ജീവിതം തിരികെ തായലങ്ങാടിയിലെത്തി. പിന്നെ എംഇഎം സ്കൂളില്‍. പാട്ടുകളുടെ വസന്തകാലമായിരുന്നു അത്. സിഎംസി സിദ്ദീഖ്, കാക്ക നാസര്‍, മെഹബൂബ് തുടങ്ങിയ മുതിര്‍ന്ന വിദ്യാര്‍ത്ഥികളും സലാം മാഷ്, മുഹമ്മദ് മാഷ് തുടങ്ങിയവരൊത്ത് പാട്ടുംപാടിയുള്ള പഠനകാലം. "നാട്ടില്‍ കുറച്ചാളുകള്‍ കൂടിയിരുന്നാല്‍ പാട്ടുകളെപ്പറ്റി മാത്രമാവും ചര്‍ച്ച. പാട്ടു സംബന്ധമായി എന്തെങ്കിലുമൊന്ന് പറയാനില്ലാത്തവന്‍ കൂട്ടത്തില്‍ ഒറ്റപ്പെടും.. അതാണ് തായലങ്ങാടി.." താജുദ്ദീന്‍ ഓര്‍ക്കുന്നു. "കൂട്ടുകാരെല്ലാവരും നന്നായി പാടും, പാട്ടുകളുമുണ്ടാക്കും. പാട്ടിന്‍റെ കാര്യത്തില്‍ ഉപ്പയെ ഭയങ്കര പേടിയായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ അനുകരിക്കാതിരിക്കാനും സ്വന്തമായി പാട്ടുകളുണ്ടാക്കാനും അന്നേ ശ്രമിച്ചിരുന്നു." എന്തായാലും പത്താം തരം കടക്കാന്‍ രണ്ടു തവണ എഴുതേണ്ടി വന്നെങ്കിലും  പാട്ടില്‍ ഫുള്‍ മാര്‍ക്കും നേടിയ താജുദ്ദീനിലെ ഗായകനെ നാട്ടുകാര്‍ അറിഞ്ഞു തുടങ്ങി.

ഫോട്ടോ: പിതാവ് എം കുഞ്ഞിമൂസയുടെ ഒപ്പം

ജാഹലിയ കാലം
പത്തൊമ്പതാമത്തെ വയസിലായിരുന്നു ഉമ്മയുടെ മരണം. "ഒരു കൂട്ടുകാരിയെപ്പോലെയായിരുന്ന ഉമ്മ..." ഓര്‍ക്കുമ്പോഴൊക്കെ താജുദ്ദീന്‍റെ കണ്ണുകളില്‍ ഉറവ പൊട്ടും. അതിനു ശേഷം ഏറെക്കാലം തന്‍റെ ജീവിതം ജാഹലിയ കാലഘട്ടമാണന്നു പറയുമ്പോള്‍ ആ ഉറവ പതിയെ താഴേക്കൊഴുകും. "ജാഹലിയ കാലമെന്നാല്‍ ഇസ്ലാമിന്‍റെ ഭാഷയില്‍ അജ്ഞതയുടെ കാലമാണ്. എന്‍റെ ജീവിതത്തിലും അത്തരമൊരു ഇരുണ്ട കാലമുണ്ടായിരുന്നു.. തെറിച്ചൊരു കാലം.. ആരെയും ഭയക്കാതെ മദ്യപിച്ച് മദിച്ചു നടന്ന നാളുകള്‍.." കൂലിപ്പണിക്കൊക്കെ പോയിത്തുടങ്ങുന്നത് ഇക്കാലത്താണ്. അങ്ങാടിയില്‍ കൊപ്ര ശേഖരിക്കുന്നതും ഗാനമേളകളുടെ സ്റ്റേജ് നിര്‍മ്മാണത്തിനും കിണറു കുഴിക്കാനുമൊക്കെ പോയി. ഇടക്കാലത്ത് പ്രവാസിയുമായി. പക്ഷേ രണ്ടുമാസത്തോളമേ അതിന് ആയുസുണ്ടായിരുന്നുള്ളൂ.

പാട്ടിനൊപ്പം നാടും കുടുംബവും കൂട്ടുകാരുമൊക്കെ മാടി വിളിച്ചപ്പോള്‍ ഇനിയൊരിക്കലും അങ്ങോട്ടില്ലെന്നുറപ്പിച്ച് തിരിച്ചു പറന്നു.

നാട്ടിലെത്തി സഹോദരി ഭര്‍ത്താവിന്‍റെ ചായക്കടയില്‍ ജോലിക്കാരനായി. എട്ടുവര്‍ഷത്തോളം അന്നമൂട്ടിയത് വടകര പുതിയ ബസ്റ്റാന്‍ഡിലെ ഈ കടയായിരുന്നു. പകരക്കാരനില്ലാതെ വരുമ്പോള്‍ രാവും പകലുമൊക്കെ അടുപ്പിച്ച്  ദിവസങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. "90 രൂപയായിരുന്നു അന്നത്തെ കൂലി. ചെലവിന് 20 രൂപയും. സിനിമാ മോഹം കൊണ്ട് ജൂനിയര്‍ ആര്‍ടിസ്റ്റായിട്ടൊക്കെ ഒരുപാടു തവണ പോയിട്ടുണ്ട്. പക്ഷേ ഒരൊറ്റ സിനിമയില്‍ പോലും മുഖം പുറത്തു കണ്ടിട്ടില്ല.."  

ഇക്കാലത്ത് കല്ല്യാണപ്പരിപാടിക്കൊക്കെ പോയിത്തുടങ്ങി. റിഥം കമ്പോസറായ ഐ സി റഫീഖ്, കീബോഡിസ്റ്റായ സമദ് എന്നീ സുഹൃത്തുക്കളായിരുന്നു കല്ല്യാണവേദികളിലേക്ക് താജുവിനെ കൈപിടിക്കുന്നത്. ഇതേ സമയത്തു തന്നെയാണ് ആദ്യ കാസറ്റിന് വഴിയൊരുങ്ങുന്നതും. നിരവധി കാസറ്റുകള്‍ ചെയ്തിട്ടുള്ള മേച്ചേരി മൊയ്തൂക്കയായിരുന്നു അതിനു പിന്നില്‍. പക്ഷേ ആ കാസറ്റ് വെളിച്ചം കണ്ടില്ല. പിന്നീട് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ഏഴോളം കാസറ്റുകളിറക്കി. സംവിധായകന്‍ മൊയ്തു താഴത്തിന്‍റെ ഒരു വീഡിയോ ആല്‍ബത്തിലും വേഷമിട്ടു. പക്ഷേ എല്ലാം അധികമാരും അറിയാതെ പ്രാദേശികമായി മാത്രം ഒതുങ്ങി. ജീവിതം നേരത്തേതില്‍ നിന്നും വലിയ വ്യത്യാസമൊന്നുമില്ലാതെ ഭ്രാന്തമായി മുന്നോട്ടു പോകുകയായിരുന്നു അപ്പോഴും. ഇക്കാലത്താണ് ഇരുളകറ്റിക്കൊണ്ടൊരു പെണ്‍കുട്ടി താജുദ്ദീന്‍റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

ഒന്നും ഒന്നും രണ്ടാണ് നമ്മൾ എന്നും ഒന്നാണ്
"ഒമ്പത് വര്‍ഷത്തോളം നീണ്ട പ്രണയം.. വടകരക്കാരത്തിയായിരുന്നു അവള്‍..പിഴച്ച ജീവിതത്തില്‍ നിന്നും എന്നെ നന്മയുടെ പാതയിലേക്ക് നയിച്ചത് അവളായിരുന്നു.." പ്രണയത്തെപ്പറ്റി പറയുമ്പോള്‍ പണ്ട് കൂട്ടുകാരോടൊത്ത് ദേശീയപാതയോരത്തെ മതിലിനു മുകളിലിരുന്ന് പാട്ടുകളുണ്ടാക്കിയിരുന്ന യുവാവായി മാറും താജുദ്ദീന്‍. ഫാത്തിമയുടെ ആദ്യരൂപം പിറക്കുന്നത് ഈ മതിലിനു മുകളില്‍ വച്ചാണ്. ചായക്കട ഉപേക്ഷിച്ച് വടകരയിലെ ഒരു തുണിക്കടയില്‍ സെയില്‍സ്മാന്‍റെ വേഷമിട്ടിരുന്നു അപ്പോഴേക്കും. 

ആ ഇടയ്ക്കാണ് ഒരുദിവസം വികാഷ് എന്ന കൂട്ടുകാരന്‍ താജുവിന്‍റെ കടയിലെത്തുന്നത്. "മാര്‍ക്കോസേട്ടന്‍റെ 'പാല്‍നിലാപ്പുഞ്ചിരി' സൂപ്പര്‍ ഹിറ്റായിയിരിക്കുന്ന സമയമാണ്. എറണാകുളത്ത് എഡിറ്ററായ വികാഷ് ഒരു മാപ്പിളപ്പാട്ട് കാസറ്റ്  ചെയ്ത് പൊളിഞ്ഞു നില്‍ക്കുന്നു. കടയിലെത്തിയ അവന്‍ 'പാല്‍നിലാപ്പുഞ്ചിരി' പോലൊരു ഹിറ്റുണ്ടാക്കാനാകുമോ എന്നെന്നോട് ചോദിച്ചു. ഹിറ്റ് നമ്മളല്ലല്ലോ, ജനങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. എങ്കിലും ഷര്‍ട്ട് പൊതിഞ്ഞ കാര്‍ബോര്‍ഡെടുത്ത് രാത്രിയില്‍ മതിലിനു മുകളിലിരുന്നു പാടിയിരുന്ന ഉപ്പയുടെ പഴയൊരു പാട്ടിന്‍റെ താളത്തില്‍ 'നെഞ്ചിനുള്ളില്‍ നീയാണ് കണ്ണിന്‍ മുന്നില്‍ നീയാണ്' എന്നു വെറുതെ എഴുതി.." 

അവള്‍ നഷ്ടമാകാനൊരുങ്ങി നില്‍ക്കുന്ന സമയമാണ്. അപ്പോള്‍ അതല്ലാതെ പിന്നെന്തെഴുതാന്‍? അവളുടെ പേര് വയ്ക്കാന്‍ പറ്റാത്തതിനാല്‍ 'ഫാത്തിമാ' എന്നെഴുതി.." 

പിന്നെയും ഏറെക്കഴിഞ്ഞു ഗാനം പൂര്‍ത്തിയാവാന്‍. ബഷീറിന്‍റെ 'ഒന്നുമൊന്നും ഇമ്മിണി ബല്യ ഒന്ന്' എന്ന വാക്കുകളായിരുന്നു 'ഒന്നുമൊന്നും രണ്ടാണ്' എന്ന വരികള്‍ക്കു പിന്നില്‍. സെക്കന്‍റ് ഷോ കഴിഞ്ഞുമടങ്ങുന്നതിനിടെ സുഹൃത്തായ വി പി നസറാണ് ഈ ആശയം പറയുന്നത്. ഇളയരാജയുടെ പാട്ടുകള്‍ ഭയങ്കര ഇഷ്ടമായിരുന്നു താജുദ്ദീന്. അതിനാല്‍ അത്തരം ചില പാട്ടുകളുടെ അംശവും ഫാത്തിമയില്‍ കാണാം. "ഏകദേശം രണ്ടു വര്‍ഷത്തോളം നാട്ടിലെ കല്ല്യാണ വീടുകളിലൊക്കെ 'നെഞ്ചിനുള്ളില്‍ നീയാണ്' പാടി നടന്നിരുന്നു. അതിനു ശേഷമാണ് കാസറ്റിനു പണംമുടക്കാന്‍ ആളെ ലഭിക്കുന്നത്. റഫീഖ് പയ്യോളി, സമദ് ടോപ്പ്‍ലൂക്ക് എന്നിവരായിരുന്നു നിര്‍മ്മാതാക്കള്‍. അങ്ങനെയാണ് ഗാനം കാസറ്റ് രൂപത്തില്‍ പുറത്തിറങ്ങുന്നത്."

സതീഷ് ബാബുവേട്ടന്‍ തന്ന ലോട്ടറി ടിക്കറ്റ്!
"ഒരര്‍ത്ഥത്തില്‍ കോഴിക്കോട് സതീഷ് ബാബുവേട്ടന്‍ എന്ന മനുഷ്യന്‍ നീട്ടിത്തന്ന ഒരു ലോട്ടറിയാണ് എന്‍റെ ജീവിതം.." കാസറ്റില്‍ മറ്റൊരാള്‍ പാടേണ്ടിയിരുന്ന ഫാത്തിമ താജുദ്ദീന് തന്നെ കിട്ടിയതിനു പിന്നിലും രസകരമായൊരു കഥയുണ്ട്. "പയ്യോളിയില്‍ പ്രൊഡ്യൂസറുടെ വീട്ടില്‍ വച്ചായിരുന്നു പാട്ടുകളുടെ കമ്പോസിംഗ്. സലാം വീരോളിയായിരുന്നു ഓര്‍ക്കസ്ട്രേഷന്‍. ഉപ്പയുമൊത്തുണ്ടാക്കിയ എട്ടു പാട്ടുകളുടെ ട്യൂണും നേരത്തെ നല്‍കിയിരുന്നു. ഉപ്പയുമായി അടുത്തബന്ധമുള്ളയാളാണ് സലാമിക്ക. അവര്‍ ഒരുമിച്ച് മുമ്പും ഒരുപാട് പാട്ടുകള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തിന് ഉപ്പയുടെ റൂട്ടറിയാം. അങ്ങനെയാണ് നൊട്ടേഷന്‍സൊക്കെ ഉണ്ടാക്കുന്നത്.." 

ഫോട്ടോ: സലാം വീരോളിക്കൊപ്പം

കോഴിക്കോട് വെള്ളിമാടുകുന്ന് ഷൈന്‍ സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിംഗ്. അഫ്‍സല്‍, ശ്രീലത എന്നിവരായിരുന്നു മറ്റു ഗായകര്‍. 'നെഞ്ചിനുള്ളില്‍', 'ലൈലേ ലൈലേ', 'ഹംദും സമദും', 'എന്‍റെ കാതില്‍' തുടങ്ങിയ പാട്ടുകള്‍ അഫ്‍സലും 'മംഗല്യം കഴിക്കാതെ', 'സ്നേഹമുള്ള ഫര്‍ഹാന', 'ആശകളില്ലാത്ത' തുടങ്ങിയവ താജുദ്ദീനും പാടും എന്നായിരുന്നു തീരുമാനം. റെക്കോഡിംഗിന് എത്താന്‍ പറ്റാത്തതിനാല്‍ അഫ്‍സലിനെ പാട്ടുകള്‍ പഠിപ്പിക്കേണ്ട  ചുമതല കുഞ്ഞിമൂസ മകനെയാണ് ഏല്‍പ്പിച്ചിരുന്നത്. "അഫ്‍സല്‍ക്ക സിനിമയിലൊക്കെ തിളങ്ങി നില്‍ക്കുന്ന സമയമാണ്. അങ്ങനൊരാളെ പാട്ടു പഠിപ്പിക്കാന്‍ ഭയങ്കര പേടി തോന്നി. അതുകൊണ്ട് അദ്ദേഹം വരുന്നതിനു മുമ്പേ ഫീമെയില്‍ വോയിസ് ഉള്‍പ്പെടെ മുഴുവന്‍ പാട്ടുകളും ഞാന്‍ ട്രാക്കു പാടിവച്ചു. അദ്ദേഹത്തിന് അത് കേള്‍പ്പിച്ചുകൊടുത്താല്‍ മതിയല്ലോ? അല്‍പ്പം മിമിക്രി അറിയുന്നതുകൊണ്ട് അഫ്‍സല്‍ക്കയ്ക്ക് നീക്കിവച്ച പാട്ടുകള്‍ അദ്ദേഹത്തിന്‍റെ തന്നെ ശബ്ദത്തില്‍ പാടാനൊരു ശ്രമം നടത്തി. കേള്‍ക്കുമ്പോള്‍ മനസിലാകും 'ആശകളില്ലാത്ത', 'സ്നേഹമുള്ള ഫര്‍ഹാന' എന്നീ ഗാനങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ശബ്ദത്തിലാണ് ഫാത്തിമ പാടിയിരിക്കുന്നത്.." 

"ഉപ്പയുടെ അടുത്ത സുഹൃത്തും പ്രശസ്‍ത ഗായകനുമായ കോഴിക്കോട് സതീഷ് ബാബുവേട്ടനാണ് അന്ന് സ്റ്റുഡിയോയിലെ റെക്കോഡിസ്റ്റ്. ഫാത്തിമയുടെ ട്രാക്ക് പാടിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം നിര്‍മ്മാതാക്കളോട് പറഞ്ഞു, ഈ പാട്ടിലെന്തോ ഒരു പ്രത്യേകത ഫീല്‍ ചെയ്യുന്നുണ്ട് നമുക്കിതൊന്ന് മാറ്റി വച്ചാലോ എന്ന്. ദാസേട്ടന്‍റെയൊക്കെ നിരവധി ലൈവ് ഗാനമേളകളുടെ സൗണ്ട് എഞ്ചിനീയര്‍ കൂടിയായ അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്ന് ആദ്യം മനസിലായില്ല.  

'ഈ പാട്ടു കൊണ്ട് ചിലപ്പോള്‍ ഇവന്‍ രക്ഷപ്പെടുമെന്ന് എന്‍റെ മനസു പറയുന്നു.. കുഞ്ഞിമൂസാക്കായോ എങ്ങുമെത്തിയില്ല.. മൂപ്പരുടെ മോനെങ്കിലും രക്ഷപ്പെടട്ടെ..'

അദ്ദേഹം വീണ്ടും പറഞ്ഞു. സതീഷേട്ടന്‍റെ വാക്കുകള്‍ എന്തായാലും നിര്‍മ്മാതാക്കള്‍ അവഗണിച്ചില്ല. ഒടുവില്‍ ഫാത്തിമയ്ക്കു പകരം 'മംഗല്യം കഴിക്കാതെ' എന്ന പാട്ടിന്‍റെ ട്രാക്കാണ് അഫ്‍സലിനെ കേള്‍പ്പിക്കുന്നത്. "സത്യത്തില്‍ എന്‍റെ മുപ്പിത്തൊന്നാമത്തെ വയസില്‍ സതീഷ് ബാബുവേട്ടന്‍ വച്ചു നീട്ടിയ ഒരു ലോട്ടറിയാണ് ഇന്നത്തെ ജീവിതം...!"

അവളല്ല ഫാത്തിമ
"കാസറ്റിറങ്ങി തുടക്കം മുതല്‍ തന്നെ നല്ല പ്രതികരണമായിരുന്നു. വിപണിയില്‍ ആവശ്യക്കാരേറുന്നതു കണ്ട് ഞങ്ങള്‍ അന്തംവിട്ടു. സത്യം പറഞ്ഞാല്‍ പടച്ചോനെ വിളിച്ചുപോയി. ഓര്‍ഡറുകള്‍ക്കനുസരിച്ച് കോപ്പികള്‍ എത്തിക്കാന്‍ റഫീഖിനും സമദിനുമൊപ്പം ഞാനുമുണ്ടായിരുന്നു. പക്ഷേ അത് ഞങ്ങളെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്ന് ആദ്യത്തെ രണ്ടുമാസം കൊണ്ടു മനസിലായി. അത്രയ്ക്കായിരുന്നു ഡിമാന്‍റ്. അങ്ങനെ ഒടുവില്‍ പകര്‍പ്പവകാശം മില്ലേനിയം ഓഡിയോസിനു കൈമാറുകയായിരുന്നു "

ഫാത്തിമ എന്ന നാമത്തില്‍ മുമ്പും നിരവധി മാപ്പിളപ്പാട്ടുകളിറങ്ങിയിട്ടുണ്ട്. 'ആറ്റല്‍ നബിയുടെ മകള്‍', 'പാല്‍നിലാപ്പുഞ്ചിരി' തുടങ്ങിയവ അവയില്‍ ശ്രദ്ധേയമായ രചനകളുമാണ്. എന്നാല്‍ 'ഖല്‍ബാണ് ഫാത്തിമ' ഹിറ്റായതിനു പിന്നാലെ വന്‍ വിമര്‍ശനങ്ങളും താജുദ്ദീനെ തേടിയെത്തി. താന്‍ നിരവധി കല്ല്യാണ വീടുകളില്‍ പാടിയിട്ടുണ്ടെന്നും അപ്പോഴൊന്നും കല്യാണപ്പെണ്ണിനെ വിളിച്ചിറക്കി കൊണ്ടു പോയിട്ടില്ലെന്നുമായിരുന്നു വടക്കേ മലബാറിലെ ഒരു പ്രമുഖ മാപ്പിളപ്പാട്ടുകാരന്‍റെ പരിഹാസം. സ്‍ക്രിപ്റ്റ് വച്ച് ചെയ്‍ത വീഡിയോ ചൂണ്ടിയായിരുന്നു കാമ്പില്ലാത്ത ഈ വിമര്‍ശനമന്നതാണ് രസകരം.  ഇത് മാപ്പിളപ്പാട്ടല്ലെന്നു പറഞ്ഞ് പരിഹസിച്ചു ചിലര്‍. 'അവളല്ല ഇവരാണ് ഫാത്തിമ' എന്നോര്‍മ്മിപ്പിച്ച് ഒരു മറുപാട്ടു തന്നെയുണ്ടാക്കി മറ്റുചിലര്‍. താന്‍ കാരണം ചരിത്രം പറയേണ്ടി വന്നവരുടെ ഇത്തരം സര്‍ഗ്ഗാത്മക വിമര്‍ശനങ്ങളെ ഹൃദയം കൊണ്ടാണ് സ്വീകരിച്ചതെന്ന് താജുദ്ദീന്‍ പറയും. എന്നാല്‍ ആദ്യം പറഞ്ഞ തരത്തിലുള്ള വിലകുറഞ്ഞ ആക്ഷേപങ്ങള്‍ വെറുതെ ആളാവാന്‍ വേണ്ടിയുള്ളതാണെന്നാണ് അഭിപ്രായം. ഇത്തരം ആരോപണങ്ങളോട് ആദ്യമൊക്കെ പ്രതികരിക്കുമായിരുന്നു. പക്ഷേ അവരുടെ ഉദ്ദേശം തിരിച്ചറിഞ്ഞ ശേഷം അതൊന്നും ശ്രദ്ധിക്കാറേയില്ല. 

ഫാത്തിമ തന്നത്
"എന്‍റെ ജീവിതം ഇങ്ങനെയാക്കിയത് ഫാത്തിമയാണ്, ഫാത്തിമയിലൂടെ ജനങ്ങളാണ്. ഇന്നീ കാണുന്നതെല്ലാം ഫാത്തിമ തന്നതാണ്. അങ്ങനൊരു പാട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ താജുദ്ദീന്‍ എന്ന പാട്ടുകാരന്‍ ആരും അറിയപ്പെടാതെ പോകുമായിരുന്നു.." സൂപ്പര്‍ താരം മമ്മൂട്ടിയുമായുള്ള ബന്ധം, ഉഷാ ഉതുപ്പിനൊപ്പം പാടി അഭിനയിക്കാനായത്, സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഉള്‍പ്പെടെ നിരവധി സിനിമകളിലെ വേഷങ്ങള്‍ അങ്ങനെ പലതും ഫാത്തിമ തന്നതാണ്. രണ്ടു മമ്മൂട്ടിച്ചിത്രങ്ങളില്‍ ഫാത്തിമയെപ്പറ്റി പരാമർശമുണ്ട്, ബസ് കണ്ടക്ടറിലും രാജമാണിക്യത്തിലും.  "ഒരുകാലത്ത് നമ്മള്‍ തിക്കിത്തിരക്കി ടിക്കറ്റെടുത്തു കണ്ടിരുന്ന സിനിമകളിലെ മഹാനടന്‍ നമ്മളെ തിരിച്ചറിയുക, സംസാരിക്കുക.. അതൊക്കെ എന്തൊരു അദ്ഭുതമാണ്..?!" ഒരു തനി നാട്ടിമ്പുറത്തുകാരന്‍റെ അതേ കൗതുകത്തോടെ താജുദ്ദീന്‍.

ഒരിക്കല്‍ ചാനലുകളില്‍ റിയാലിറ്റി ഷോയ്ക്ക് ഓര്‍ക്കസ്ട്ര ചെയ്യുന്ന കമറുദ്ദീന്‍ കീച്ചേരി താജുദ്ദീനോടു പറഞ്ഞു: "ഖല്‍ബാണ് ഫാത്തിമയിലെ ഏത് പാട്ടാണ് പലരും പാടുക എന്ന് നിശ്ചയമില്ലാത്തതു കൊണ്ട് മുഴുവന്‍ പാട്ടുകളും പഠിച്ച് ഫീഡ് ചെയ്‍തു വച്ചിരിക്കുകയാണ് ഞങ്ങള്‍. എന്‍റെ അറിവില്‍ മറ്റൊരു ആല്‍ബത്തിനോ സിനിമയ്ക്കോ അവകാശപ്പെടാനില്ലാത്ത പ്രത്യേകതയാണിത്..!" അടുത്തിടെ മംഗലാപുരത്ത് ഒരു കല്യാണപ്പരിപാടിക്കു പോയ താജുദ്ദീനെ അതിഥിയായെത്തിയ ഒരു ഒമാന്‍ സ്വദേശി പച്ചമലയാളത്തില്‍ ഫാത്തിമ പാടിയാണ് ഞെട്ടിച്ചത്. ഇനിയൊരിക്കലും ഇല്ലെന്നുറപ്പിച്ച പ്രവാസ ലോകത്തേക്ക് ഗായകന്‍റെ വേഷത്തില്‍ നൂറ്റമ്പതോളം തവണ തിരികെക്കൊണ്ടു പോയതും ഇതേ ഫാത്തിമ തന്നെ.

ഇപ്പോഴുമുണ്ട് പ്രണയം
പ്രീഡിഗ്രിക്കു ശേഷം പഠനം തുടരാനാകാത്തതില്‍ ഇന്നു ദു:ഖമുണ്ട്. ഉപ്പ പകര്‍ന്നു തന്ന ജീവിതബോധവും സംഗീതവും മാത്രമാണ് കൈമുതല്‍. തലശേരിയാണ് ഉപ്പയുടെ നാട്. കുട്ടിക്കാലത്ത് അങ്ങോട്ടുള്ള ബസ് യാത്രകളില്‍ ഉപ്പ ഒരുപാടു കഥകള്‍ പറഞ്ഞുതരുമായിരുന്നു. ചോമ്പാലയിലെ ക്ഷേത്രവും മാഹി പള്ളിയുമൊക്കെ ആ കഥകളിലെ കഥാപാത്രങ്ങളായിരിക്കും. ജാതിമത ഭേദമന്യേ എല്ലാ വീടുകളിലും എന്നെ സ്വീകാര്യനാക്കുന്നത് ആ കഥകളിലൂടെയൊക്കെ ഉപ്പയുണ്ടാക്കിത്തന്ന ജീവിതദര്‍ശനമാവണം. ജനങ്ങളുമായുള്ള ഈ ആത്മബന്ധം സൃഷ്‍ടികളിലും പ്രതിഫലിക്കുന്നുണ്ടാകും. അതാവും അവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതിനുള്ള കാരണവും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കലാകാരന്മാരുടെ മാപ്പിളപ്പാട്ടുകളുടെ ശേഖരം പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ടെന്നും താജുദ്ദീന്‍ പറയുന്നു.

ഈ മേഖലയിലേക്കെത്തുന്ന പുതുമുഖങ്ങളെ പിന്തുണയ്ക്കാറുണ്ട്. നമ്മളും ഇങ്ങനെയൊക്കെയല്ലേ വന്നത്? പുതിയ ആളുകള്‍ വരട്ടെ, ദയവു ചെയ്ത് അവരെ അനവാശ്യമായി കീറിമുറിച്ച് വിമര്‍ശിച്ച് തളര്‍ത്തരുത്. കുറേ ചെയ്യുമ്പോള്‍ അവര്‍ തനിയെ പഠിച്ചോളും, എങ്ങനെ ചെയ്യരുതെന്ന്..

 

ഉപ്പയ്‍ക്കും സഹോദരിക്കും മരുമക്കള്‍ക്കുമൊപ്പം വടകര ഇരിങ്ങലിലാണ് ഇപ്പോള്‍ താജുദ്ദീന്‍റെ താമസം. "പടച്ചോന്‍ തന്ന ബോണസാണ് ഈ ജീവിതം, ഇത്രകാലവും ദൈവം കൊണ്ടുപോയി, ഇനിയുമങ്ങനെ തന്നെ" നാദിര്‍ഷായുടെ പുതിയ സിനിമയില്‍ ഖവാലി ഗായകനായി എത്തുന്ന താജുദ്ദീന്‍റെ സംസാരത്തിനു ഒടുവിലൊടുവില്‍ സൂഫിസത്തിന്‍റെ ചുവയുണ്ടെന്ന് തോന്നി. വിവാഹത്തെപ്പറ്റി ചോദിക്കാനൊരുങ്ങുന്നതിനു മുമ്പേ താജുദ്ദീന്‍ പറയുന്നതുകേട്ടു: "മൊബൈലും ഇന്‍റര്‍നെറ്റുമൊക്കെ പെട്ടെന്നൊരു ദിവസം ഇല്ലാതാകുന്നതൊന്ന് ആലോചിച്ചു നോക്കൂ. നമ്മളൊക്കെ ഭ്രാന്തെടുത്ത് ഓടി നടക്കും. അപ്പോള്‍ സൂഫികളും ഋഷിവര്യന്മാരും മാത്രം സമാധാനത്തോടെ ചിരിച്ചുകൊണ്ടിരിക്കും". പിന്നെ ആ വിഷയത്തെക്കുറിച്ചൊന്നും ചോദിച്ചതേയില്ല. പണ്ട് കാര്‍ഡ്ബോഡിനു പിറകില്‍ നെഞ്ചിനുള്ളിലെ പ്രണയത്തെക്കുറിച്ചെഴുതി നാട്ടുകാരുടെ ഖല്‍ബില്‍ കയറിയ മനുഷ്യനോട് ഇപ്പോഴും പ്രണയിക്കുന്നുണ്ടോ എന്ന് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ അതിനായി നാവുയര്‍ത്തും മുമ്പേ അതിനുള്ള മറുപടിയും കാതിലെത്തി.

ഇപ്പോഴും പ്രണയമുണ്ട്, പ്രവാചകനെന്ന പ്രഭയോടുള്ള പ്രണയം...!

ഈ പംക്തിയിലെ മറ്റ് ലേഖനങ്ങള്‍ വായിക്കാം

2018ന്‍റെ പാട്ടോര്‍മ്മകള്‍

"പട പൊരുതണം... വെട്ടിത്തലകള്‍ വീഴ്ത്തണം..." ഇതാണ് ആ പാട്ടിന്‍റെ യഥാര്‍ത്ഥ കഥ!

ശാന്തിഗീതമാണെനിക്ക് അയ്യന്‍..

"എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!

പൂമുത്തോളിന്‍റെ പിറവി; ജോസഫിന്‍റെ പാട്ടുവഴി

ആരായിരുന്നു ജോയ് പീറ്റര്‍?

 


 

click me!