എൻടിആറിന്‍റെ ജീവിത കഥയില്‍ താനുമുണ്ടെന്ന് വിദ്യാ ബാലന്‍

By Web DeskFirst Published Jul 18, 2018, 12:28 PM IST
Highlights
  • എൻടിആറിന്‍റെ ഭാര്യ ബസവന്തരകത്തിന്‍റെ വേഷമാണ് വിദ്യാ ബാലൻ അവതരിപ്പിക്കുക. 

നടനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻടിആറിന്‍റെ ജീവിത കഥ പറയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിദ്യാ ബാലനും. ചിത്രത്തിൽ  വിദ്യാ ബാലനും റാണ ദ​ഗുപതിയും പ്രധാനവേഷങ്ങളിലെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതാ​ദ്യമായാണ് ചിത്രത്തിൽ താനുമുണ്ടെന്നുള്ള വിവരം വിദ്യാ ബാലൻ തുറന്നു പറഞ്ഞിരിക്കുന്നത്. എൻടിആറിന്‍റെ ഭാര്യ ബസവന്തരകത്തിന്‍റെ വേഷമാണ് വിദ്യാ ബാലൻ അവതരിപ്പിക്കുക. 

തെലുങ്കിലെ തന്‍റെ ആദ്യ ചിത്രമാണ് ഇതെന്നും, ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും താരം ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ചിത്രത്തിലെ വേഷത്തിനായി തയ്യാറെടുക്കുയാണെന്നും ഒരു വ്യക്തി എന്ന നിലയിൽ ബസവന്തരകത്തെകുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്നും താരം വ്യക്തമാക്കി. 

ചിത്രത്തിൽ എൻടിആറിന്‍റെ മകനും തെലുങ്ക് സൂപ്പർതാരവുമായ നന്ദമുറി ബാലകൃഷ്ണയാണ് എൻടി രാമറാവുവിന്‍റെ വേഷത്തിൽ എത്തുന്നത്. രാധാകൃഷ്ണ ജഗർമുടി (ക്രിഷ്) സംവിധാനം ചെയ്യുന്ന ചിത്രം ബാലകൃഷ്ണ തന്നെയാണ് നിർമ്മിക്കുന്നത്. ദാദ സാഹേബ് ഫാൽക്കെ അവാർ‍ഡ് ജേതാവ് എൽവി പ്രസാ​ദായി എത്തുന്നത് ബം​ഗാളി ചലച്ചിത്രതാരം ജിഷു സെൻ​ഗുപ്തയാണ്. 1949 -ൽ എൽവി പ്രസാ​ദ് സംവിധാനം ചെയ്ത മനദേശം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് എൻടിആർ ചലച്ചിത്രലോകത്തേക്ക് എത്തുന്നത്.

എൻടിആറിന്‍റെ മരുമകനും ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്‍റെ വേഷം അവതരിപ്പിക്കുന്നത് റാണാ ദഗുബട്ടി ആണെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഈ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇവരെ കൂടാതെ കീർത്തി സുരേഷ്, സുമന്ത്, മോഹൻ ബാബു തുടങ്ങിയവർ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

click me!