കമല്‍ഹാസന്റെ 'വിശ്വരൂപം 2' പരാജയമോ? കണക്കുകള്‍ ഇങ്ങനെ

By Web TeamFirst Published Aug 15, 2018, 2:01 PM IST
Highlights

കമല്‍ഹാസന്‍ ചിത്രങ്ങള്‍ സാധാരണ യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളില്‍ മികച്ച പ്രതികരണം നേടാറുണ്ട്. വിശ്വരൂപം യുഎസ് ബോക്‌സ്ഓഫീസില്‍ മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.

തമിഴ് സിനിമയില്‍ അടുത്തകാലത്ത് പ്രേക്ഷകരില്‍ കാത്തിരിപ്പേറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു കമല്‍ഹാസന്റെ വിശ്വരൂപം 2. വമ്പന്‍ പ്രീ-റിലീസ് പബ്ലിസിറ്റിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മികച്ച വിജയം നേടിയ ഒരു ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് ലഭിക്കേണ്ട പ്രേക്ഷകശ്രദ്ധ വിശ്വരൂപം 2ന് ലഭിച്ചിരുന്നു. എന്നാല്‍ തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് ഭാഷകളിലുമെത്തിയ ചിത്രത്തിന്റെ റിലീസ്ദിന കളക്ഷന്‍ പ്രതീക്ഷിച്ചത്ര എത്തിയില്ല. വടക്കേ ഇന്ത്യയില്‍ മോശം പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ചിത്രം ബോക്‌സ്ഓഫീസില്‍ വീണിട്ടില്ല എന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ട്. തെന്നിന്ത്യയില്‍ വിശേഷിച്ച് തമിഴ്‌നാട്ടില്‍ ഭേദപ്പെട്ട കളക്ഷന്‍ ലഭിക്കുന്നുണ്ട് ചിത്രത്തിന്. അതില്‍ ചെന്നൈ നഗരപരിധിയിലാണ് ഏറ്റവുമധികം കളക്ഷന്‍.

മധുര, രാമനാഥപുരം മേഖലകളിലൊക്കെ ചിത്രത്തിന്റെ വിതരണത്തിന് തടസ്സം നേരിട്ടിരുന്നു. പല സെന്ററുകളിലും ഇനിയും ചിത്രം എത്തിയിട്ടില്ല. ഇതാണ് സാഹചര്യമെങ്കിലും 20 കോടിയാണ് ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് നേടിയതെന്ന് കണക്കുകള്‍. ഇതില്‍ 3.02 കോടിയും ലഭിച്ചത് ചെന്നൈ നഗരത്തില്‍ നിന്നുതന്നെ. ചെന്നൈയിലേത് ചിത്രത്തിന്റെ മികച്ച നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. റിലീസിന് തലേന്ന് ഏറെ വൈകിയാണ് മള്‍ട്ടിപ്ലെക്‌സുകളിലടക്കം അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരുന്നത്.

കമല്‍ഹാസന്‍ ചിത്രങ്ങള്‍ സാധാരണ യുഎസ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളില്‍ മികച്ച പ്രതികരണം നേടാറുണ്ട്. വിശ്വരൂപം യുഎസ് ബോക്‌സ്ഓഫീസില്‍ മില്യണ്‍ ഡോളര്‍ ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ വിശ്വരൂപം 2ന് ആദ്യദിനങ്ങളില്‍ നേടാനായത് 3.45 ലക്ഷം ഡോളര്‍ മാത്രമാണ്. 

click me!